യുവ ഗോത്രജോഡികള്‍-1.
അരുണാചല്‍ പ്രദേശിലെ വിവിധ ഗോത്രവര്‍ഗ്ഗക്കാരെ (യുവജോഡികളെ )അവരുടെ പാരമ്പര്യ വേഷത്തില്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ.
അരുണാചല്‍ പ്രദേശില്‍ പ്രധാനമായും 20 മുഖ്യ ഗോത്രവര്‍ഗ്ഗവും അതിനുകീഴില്‍ നിരവധി ഉപജാതികളും ഉണ്ട്. ഖംതി വര്‍ഗ്ഗക്കാര്‍ക്കൊഴിച്ച് മറ്റു വര്‍ഗ്ഗക്കാര്‍ക്ക് സ്വന്തമായി അക്ഷരമാലയോ എഴുത്തുഭാഷയോ ഇല്ല. ഇവരുടെ സംസാരഭാഷ ഓരോ ഗോത്ര/ജാതിക്കനുസരിച്ച് വ്യത്യാസമുണ്ട്. സ്വന്തം സംസാരഭാഷയില്‍ എഴുതുന്നതിന് റോമന്‍ അക്ഷരമാലയെ ആണ് ആശ്രയിക്കുന്നത്. എന്നാല്‍ താനി ഗ്രൂപ്പില്‍ പെട്ട ഗോത്രവര്‍ഗ്ഗക്കാര്‍ക്കായി 'താനി ലിപി' എന്ന അക്ഷരമാല/എഴുത്തു ഭാഷ വികസിപ്പിച്ചുകൊണ്ടിരിക്കയാണ്. ഇവിടത്തെ എല്ലാ ഗോത്രവര്‍ഗ്ഗ സ്ത്രീകളും നല്ല നെയ്ത്തുകാരാണ്. അവര്‍ക്ക് വേണ്ടതായ പരമ്പരാഗത വസ്ത്രങ്ങള്‍ നല്ല നിറത്തിലും ഡിസൈനിലും നെയ്തെടുക്കുന്നു. പുരുഷന്മാര്‍ മുഖ്യമായും കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മുള, ചൂരല്‍ എന്നിവകൊണ്ട് പുരുഷന്മാര്‍ കരകൗശല വസ്തുക്കളും നിത്യോപയോഗ സാധനങ്ങളും നിര്‍മ്മിക്കുന്നു. ചില ഗോത്രവര്‍ഗ്ഗക്കാര്‍ മരത്തില്‍ കൊത്തിയെടുക്കുന്ന രൂപങ്ങള്‍ ഉണ്ടാക്കുന്നതില്‍ വിദഗ്ദരാണ്. പുരുഷന്മാരുടെ വേഷവിധാനങ്ങളോടൊപ്പം ഒഴിച്ചുകൂടാനാവത്തതാണ് അവര്‍ ധരിക്കുന്ന വാള്‍. സ്ത്രീകള്‍ പ്രധാനമായും മുത്ത്/കല്ലുമാലകളും വെള്ളികൊണ്ടുള്ള ആഭരണങ്ങളും ധരിക്കുന്നു. ചില ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ ബഹുഭാര്യാത്വം നിലവിലുള്ളപ്പോള്‍ ചുരുക്കം ചില ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ ബഹുഭര്‍ത്തൃത്വവും നിലനില്‍ക്കുന്നു.
അരുണാചലിലെ 9 പടിഞ്ഞാറന്‍ ജില്ലകളില്‍ വസിക്കുന്ന പ്രധാന ആദിവാസികളെയാണ് താഴെ പരിചയപ്പെടുത്തുന്നത്: ഇവര്‍ ചൈനയോട് ചേര്‍ന്ന് കിടക്കുന്ന തവാംഗ് ജില്ലയിലും പശ്ചിമ കാമെങ് ജില്ലയിലുമുള്ള മൊന്‍പ വര്‍ഗ്ഗ യുവജോഡി. മഹായണ-ബുദ്ധമതവിശ്വാസികള്‍. ടിബറ്റുകാരുമായി വളരെയേറെ സാമ്യം. തവാങ്ങിലെ ബുദ്ധ മൊണാസ്റ്റ്രിയുമായി ഇവരുടെ ജീവിതവും സംസ്കാരവും ഇഴചേര്‍ന്നുകിടക്കുന്നു.
നിശി - ഇവര്‍ പൂര്‍വ്വകാമെങ്, കുറുംഗ്‌കുമെ, ലോവര്‍സുബന്‍സിരി, അപ്പര്‍ സുബന്‍സിരി ജില്ലകളില്‍ വസിക്കുന്ന പ്രധാന ഗോത്രവര്‍ഗ്ഗക്കാര്‍ . ഇവര്‍ ധരിച്ചിരിക്കുന്ന പരമ്പരാഗത മാലകള്‍ക്കും മണികള്‍ക്കും ഇവരുടെ ഇടയില്‍ നല്ല വിലയുണ്ട്. പുരുഷന്മാര്‍ മുടി നെറ്റിക്ക് മുകളിലായി ചുരുട്ടി കെട്ടിവെച്ച് അതിനുമുകളില്‍ വേഴാമ്പിലിന്റെ കൊക്കും വെച്ച, ചൂരല്‍ കൊണ്ടുണ്ടാകിയ തൊപ്പി ധരിക്കുന്നു. ഇവരുടെ ഇടയില്‍ ബഹുഭാര്യാത്വം നിലനില്‍ക്കുന്നു. വിവാഹത്തിന് 'പുരുഷധന'മായി നിരവധി കാട്ടുപോത്തുകളും (മിത്തുന്‍) പന്നികളും, മുത്തു/കല്ലുമാലകളും ധനവും വധുവിന്റെ പിതാവിന് നല്‍കേണ്ടതുണ്ട്. അങ്ങിനെ 'പുരുഷധനം' നല്‍കാന്‍ കഴിവുള്ളയാള്‍ക്ക് ഒന്നിലധികം വിവാഹം ചെയ്യാം. രസകരമായ കാര്യം, വിവാഹശേഷം സ്ത്രീ സ്വമേധയാ വിട്ടുപോകുകയോ, വേറെ ആളുടെ കൂടെ ഒളിച്ചോടിപോകുകയോ ചെയ്താല്‍, ആദ്യ ഭര്‍ത്താവ് കല്യാണത്തിനും 'പുരുഷധന'ത്തിനുമായി എത്ര ചിലവാക്കിയോ അതും അതിന്റെ കൂടെ പിഴയും സ്ത്രീയുടെ പിതാവോ, അല്ലെങ്കില്‍ പുതിയ ഭര്‍ത്താവോ ആദ്യ ഭര്‍ത്താവിന് നല്‍കേണ്ടതുണ്ട്. ഇത് തീരുമാനിക്കുന്നത് ഈ ഗോത്രവര്‍ഗ്ഗക്കാരുടെ ഇടയിലുള്ള പരമ്പരാഗത തര്‍ക്കം തീര്‍ക്കുന്ന (യല്ല്ലുംഗ്) ഗോത്രഗ്രാമസമിതിയാണ്.
ഇത് താഗിന്‍ ഗോത്ര ജോഡി. അപ്പര്‍ സുബന്‍സിരി ജില്ലയില്‍ കൂടുതലായി വസിക്കുന്നു. പുരുഷന്റെ കൈയ്യിലുള്ളത് മുളകൊണ്ടുള്ള വില്ല്. അമ്പ് സൂക്ഷിക്കുന്നത് കഴുത്തില്‍ തൂക്കിയിട്ടിരിക്കുന്ന മുളംകുറ്റിയില്‍. എല്ലാ ഗോത്രവര്‍ഗ്ഗക്കാരിലും വേഷധാരണത്തിന്റെ ഭാഗമാണ് വാള്‍. ഇവരുടെ ഇടയില്‍ ബഹുഭാര്യാത്വം ആചാരപരമായി നിലവിലുണ്ട്.
ഇത് അപ്പാത്താനി വര്‍ഗ്ഗത്തില്‍ പെട്ട യുവമിഥുനങ്ങള്‍. ലോവര്‍ സുബന്‍സിരി ജില്ലയില്‍ വസിക്കുന്നവര്‍. അപ്പാത്താനി പുരുഷന്മാര്‍ മുടി മുകളില്‍ ചുരുട്ടികെട്ടുകയും മുഖത്ത് പച്ചകുത്തുകയും ചെയ്യുന്നു. സ്ത്രീകള്‍ മൂക്കില്‍ വലിയ ദ്വാരങ്ങള്‍ ഇട്ട് അതില്‍ വലിയ മൂക്കുത്തി ധരിക്കുകയും മുഖത്ത് പച്ചകുത്തുകയും ചെയ്യുന്നു. ഈ രീതികള്‍ രണ്ടു മൂന്ന് ദശാബ്ദങ്ങളായി പിന്തുടരുന്നില്ല.കാലം മാറിയതിനനുസരിച്ച് വസ്ത്രങ്ങള്‍ തുന്നുന്നതില്‍ ചെറിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.
ഇവര്‍ ഗാലോ ജോഡി. പശ്ചിമ സിയാംഗ് , പൂര്‍വ്വ സിയാംഗ്, അപ്പര്‍ സുബന്‍സിരി ജില്ലകളില്‍ വസിക്കുന്നവര്‍.
ഇവര്‍ അദി വര്‍ഗ്ഗ ജോഡി. പൂര്‍വ്വ സിയാംഗ്, പശ്ചിമ സിയാംഗ്, അപ്പര്‍ സിയാംഗ്, ലോവര്‍ ഡിബാംഗ് വാലി ജില്ലകളില്‍ വസിക്കുന്നവര്‍.
നിശി, അപ്പാത്താനി, അദി, ഗാലോ, താഗിന്‍ എന്നീ വര്‍ഗ്ഗക്കാര്‍ അബോത്താനി എന്ന പേരുള്ള പൂര്‍വ്വികന്‍റെ പിന്‍തുടര്‍ച്ചക്കാരാണെന്ന് വിശ്വസിക്കുന്നു. ഇവര്‍ പരമ്പരാഗതമായി ഡോന്യി-പോളോ (സൂര്യന്‍-ചന്ദ്രന്‍) യെ ആരാധിച്ചുവരുന്നവരാണ്. (കാലക്രമേണ മതംമാറ്റം കൊണ്ട്, ഡോന്യി-പോളോയെ ആരാധിക്കുന്നവര്‍ ഇപ്പോള്‍ കുറവാണ്)
(തുടരും)
കൃഷ്.