Tuesday, November 27, 2007

ഗതി കെട്ടാല്‍ ആന.......!!!!

ഗതി കെട്ടാല്‍ ആന.......!!!!

നമ്മള്‍ മലയാളികള്‍ ഏവരും ആദരിക്കുന്ന ഗജവീരന്മാരെ എവിടെ കണ്ടാലും നാം ഒന്നു നോക്കിപോകും. നല്ല തലയെടുപ്പുണ്ട്‌. ഏത്‌ ആനയാണിത്‌. നെറ്റിപട്ടം കെട്ടി ഉത്സവത്തിനും പൂരത്തിനും അണിഞ്ഞൊരുങ്ങിവരുമ്പോള്‍ കാണാനെന്തു ചേല്‌. തലയെടുപ്പുള്ള ഗജരാജന്മാര്‍ തിടമ്പുമേറ്റി നില്‍ക്കുമ്പോള്‍ അറിയാതെ നമ്മുടെ ഉള്ളില്‍ ഭക്തിയും ആദരവും തോന്നും. മേളത്തിനൊപ്പം വലിയ ചെവി ആട്ടുമ്പോള്‍ നാം കണ്‍കുളിര്‍ക്കെ കണ്ട്‌ ആസ്വദിക്കുന്നു. നമ്മളില്‍ പലരും ആശിച്ചിട്ടുണ്ട്‌ ഒരാനവാല്‍ കിട്ടിയെങ്കില്‍, ആനവാല്‍ മോതിരം ഉണ്ടാക്കി അണിയാമെന്ന്‌. പണ്ട്‌ വലിയ ആഢ്യന്മാരുടെയും ജന്മിമാരുടെയും വീടുകളില്‍ ആനക്കൊമ്പ്‌ അലങ്കരിച്ചുവെച്ചിരുക്കുന്നത്‌ ആനയുടെ പ്രാധാന്യവും തറവാടിന്റെ പ്രൗഢിയും വിളിച്ചോതുന്നതായിരുന്നു. 'ആനയുള്ള തറവാടാണ്‌', 'ആന കൊടുത്താലും ആശ കൊടുക്കാമോ', 'ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാമോ' എന്നീ വിശേഷണങ്ങള്‍ ആനയുടെ പ്രാധാന്യത്തെ എടുത്തു പറയുന്നതാണ്‌. ഗുരുവായൂര്‍ കേശവനെ നാം ഒരു ദൈവീകസ്ഥാനം തന്നെ നല്‍കി ബഹുമാനിക്കുന്നു. കേരളത്തിലെ നിരവധി പേരെടുത്ത ഗജവീരന്മാരെക്കുറിച്ച്‌ ഞാന്‍ പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ. 'ഏഷ്യാഡ്‌ അപ്പു' വിനെ ആര്‍ക്ക്‌ മറക്കാന്‍ കഴിയും. ആന മുഖ്യ കഥാപാത്രമായും കഥാപാശ്ചാത്തലമായും എത്ര സിനിമകള്‍ നാം കണ്ടു. കഴിഞ്ഞ വര്‍ഷം ആനകള്‍ക്കു പ്രാഥാന്യം നല്‍കി 'ആനച്ചന്ത'വും ഇറങ്ങി.
ഉത്സവത്തിനും പറയെടുപ്പിനും വരുമ്പോള്‍ നാം ആനക്ക്‌ പഴവും ശര്‍ക്കരയും നല്‍കി സന്തോഷം കൊള്ളുന്നു. ആനയെ ഒന്നു തൊട്ട്‌ നോക്കാന്‍ ആര്‍ക്കാണ്‌ ആഗ്രഹമില്ലാത്തത്‌. ആനക്ക്‌ തിന്നാനായി പാപ്പാന്‍ തെങ്ങിന്‍പട്ട ചോദിക്കുമ്പോള്‍ നാം വെട്ടിക്കോളാന്‍ അനുവദിക്കുന്നു. ആനപ്പുറത്ത്‌ ഒന്ന് കയറി ഇരിക്കാന്‍ ആര്‍ക്കും ഒരു ആഗ്രഹമില്ലേ. പലര്‍ക്കും അത്‌ സാധിക്കാറില്ലെന്നു മാത്രം. (പണ്ട്‌ എനിക്ക്‌ ഒരു പ്രാവശ്യം രണ്ട്‌-മൂന്ന്‌ മണിക്കൂറോളം ആനപ്പുറത്ത്‌ ഇരിക്കാനുള്ള ഭാഗ്യം കിട്ടിയിരുന്നു).

നമ്മുടെ സമൂഹത്തില്‍ ഇത്രയൊക്കെ പ്രഥാന്യമുള്ള ഗജവീരന്മാര്‍ക്ക്‌ എന്തെങ്കിലും ഗുരുതരമായ അസുഖമോ അപകടമോ വന്നാല്‍ അത്‌ ഒരു വാര്‍ത്താപ്രഥാന്യമുള്ള വിഷയമാകുന്നു. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം ജില്ലയില്‍ കാടിളക്കുകയും കൃഷിനാശം വരുത്തുകയും മനുഷ്യജീവന്‌ ഭീഷണിയാവുകയും ചെയ്ത 'കൊലകൊല്ലി' എന്ന ഒറ്റയാനെ തളക്കാന്‍ സര്‍ക്കാര്‍ എത്ര ലക്ഷങ്ങളാണ്‌ ചിലവഴിച്ചത്‌. അവസാനം മയക്കുവെടിവെച്ച്‌ മറ്റ്‌ ആനകളുടെ സഹായതോടെ തളച്ച്‌ കൂട്ടിലാക്കിയപ്പോഴോ ആനയെ ഒരു നോക്കു കാണാന്‍ വമ്പിച്ച ജനത്തിരക്ക്‌. ആനയെ 'വകവരുത്താന്‍' അനുകൂലിച്ചവര്‍ക്ക്‌ പോലും 'കൊലകൊല്ലി'യോട്‌ അനുകമ്പ. ഒരുനാള്‍ പെട്ടെന്ന്‌ 'കൊലകൊല്ലി' സര്‍ക്കാര്‍ സംരക്ഷണയില്‍ 'ചരിഞ്ഞ'പ്പോഴോ പലരും ഒരു തുള്ളി കണ്ണീര്‍ പൊഴിച്ചു. അത്രയുണ്ട്‌ നമ്മുടെ ആനസ്നേഹം.

പക്ഷേ ഇതൊക്കെയാണെങ്കിലും ആനയെകൊണ്ട്‌ ഉത്സവത്തിനും ശീവേലിക്കും എഴുന്നെള്ളിക്കുക മാത്രമാണോ നാം ചെയ്യുന്നത്‌?. 'ഓഫ്‌ സീസണില്‍' വരവ്‌ കുറയുമ്പോഴും തീറ്റിപ്പോറ്റേണ്ടെ. കാട്ടില്‍ തടി പിടിക്കാന്‍ ആനയെ ഉപയോഗിക്കുന്നു. ഉല്‍ഘാടനകര്‍മ്മത്തിനും, സ്വീകരണവേളകളിലും, നഗരങ്ങളില്‍ പരസ്യപ്രചാരണത്തിനും നാം ആനയെ പ്രയോജനപ്പെടുത്തുന്നു. സര്‍ക്കസ്സുകളില്‍ ആന ഒരു പ്രധാന ഐറ്റമാണെങ്കിലും ഇപ്പോള്‍ സര്‍ക്കസ്സ്‌ കൂടാരങ്ങള്‍ കാണുന്നതുതന്നെ വിരളമായിട്ടാണ്‌. കാട്ടിലെ മരം വെട്ട്‌ കുറഞ്ഞതുകൊണ്ടും മൃഗങ്ങളെ പീഢിപ്പിക്കുന്നത്‌ കുറ്റകരമായതുകൊണ്ടും തടിപിടുത്തം, സര്‍ക്കസ്സ്‌ തുടങ്ങി പല മേഖലകളിലും ആനകള്‍ക്ക്‌ ജോലിയില്ലാതായി. പണ്ട്‌ ബസ്സ്‌ ട്രക്ക്‌ തുടങ്ങിയ വാഹനങ്ങള്‍ റോഡില്‍നിന്നും താഴ്ചയുള്ള സ്ഥലത്തേക്ക്‌ മറിഞ്ഞാല്‍ വലിച്ചെടുക്കാന്‍ ആനയുടെ സഹായം അത്യാവശ്യമായിരുന്നു. ഇന്നിപ്പോള്‍ ഇതിനായ്‌ റിക്കവറി വണ്ടികള്‍ എവിടെയും ലഭിക്കാമെന്നായിട്ടുണ്ട്‌. ചുരുക്കത്തില്‍ ആനകളുടെ സേവനം ടൂറിസം മേഖലയിലും ഉത്സവങ്ങള്‍ക്കും ശീവേലിക്കുമായി കുറഞ്ഞു.

ഉത്സവങ്ങള്‍ക്ക്‌ കൂടുതലായി ആനകളുടെ സേവനം ഉപയോഗപ്പെടുത്താത്ത മറ്റ്‌ സംസ്ഥാനങ്ങളില്‍ ആനകളെ കൊണ്ട്‌ എന്ത്‌ ചെയ്യും? നിങ്ങള്‍ ഒന്ന് ആലോചിച്ച്‌ നോക്കിയിട്ടുണ്ടോ. ആന സ്വന്തമായുള്ളവര്‍ക്ക്‌ അതിനെ തീറ്റിപോറ്റണമല്ലോ. പപ്പാനും മറ്റുമുള്ള ശമ്പളവും ചിലവും വേറെ. അപ്പോള്‍ പിന്നെ ഈ ഗജവീരന്മാരെകൊണ്ട്‌ എന്ത്‌ ജോലിയെടുപ്പിക്കാം. ആനക്ക്‌ വിലയുണ്ടെങ്കിലും മെയിന്റനന്‍സിനുള്ള പണം കണ്ടെത്തണമല്ലോ. എന്നാല്‍ പിന്നെ കൃഷിസ്ഥലത്ത്‌ ആനയെവെച്ച്‌ പണിയെടുപ്പിച്ചാലോ?

ങേ..!!ആനയെക്കൊണ്ട്‌ കൃഷിസ്ഥലത്ത് എന്ത്‌ ജോലി ചെയ്യിക്കാനാണ്‌?
നിലം ഉഴുതുമറിക്കാന്‍!!
ഛേ.. ആനയെക്കൊണ്ട്‌ നിലം ഉഴുതാനോ. എന്ത്‌ വിഡ്ഡിത്തമാണ്‌ പറയുന്നത്‌. സാക്ഷാല്‍ ഇന്ദ്രദേവന്റെ വാഹനം. ആനയെ സാക്ഷാല്‍ ഗണപതിയായി നാം ദര്‍ശിക്കുന്നു. വണങ്ങുന്നു. കരയിലെ ഏറ്റവും വലിയ ജീവി. കാട്‌ കുലുക്കി ഭരിക്കുന്നവന്‍. കാട്ടില്‍ വഴിയില്‍കാണുന്നതെന്തും ചവിട്ടിമെതിച്ച്‌ മസ്തകം ഉയര്‍ത്തിപ്പിടിച്ച്‌ ചിന്നം വിളിച്ച്‌ കാടിനെ വിറപ്പിക്കുന്ന ഗജവീരന്‍ കണ്ടത്തില്‍ നിലം ഉഴുതുകയോ? വെറും ഒരു പോത്തിനേപ്പോലേ. ആ കാര്യം നമുക്ക്‌ ചിന്തിക്കാന്‍ തന്നെ ഒരു വിഷമം. തറവാടുകളില്‍ പ്രൗഢിയോടെ നിന്നവന്‍. ഉത്സവത്തിന്‌ ജനസഹസ്രങ്ങളുടെ ഹരമായിരുന്ന V.I.P. ഇത്രയും ബഹുമാനം അര്‍ഹിക്കുന്ന ഈ ജീവിയെക്കൊണ്ട്‌ നിലം ഉഴുതുകയോ? വിശ്വസിക്കാന്‍ പറ്റുന്നില്ല അല്ലേ. എന്നാലിത്‌ സത്യം. താഴത്തെ ചിത്രം നോക്കൂ..

എന്താ.. വിശ്വാസം വരുന്നില്ലേ.

(ആനകള്‍ ധാരാളമായുള്ള അരുണാചല്‍ പ്രദേശിലെ ഒരു കിഴക്കന്‍ ജില്ലയില്‍നിന്നുമുള്ള ഒരു ദൃശ്യം. മൂന്നുനാല്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പുള്ള ഒരു ചിത്രമാണിത്‌.)

ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും.
ആനയോ..
ജോലിയില്ലാതായാല്‍ പോത്തിനേപ്പോലെ നിലവും ഉഴുത്‌ മറിക്കും.

വിശക്കുമ്പോള്‍ വയറു നിറക്കണ്ടേ.. ആശാനേ.. പട്ടിണികിടക്കാനാവില്ലല്ലോ.

ഐസാ ഭീ ഹോത്താ ഹൈ! യേ ഹൈ ഇന്ത്യ!

Thursday, November 15, 2007

ഝണ്ടാ മുണ്ടാ - ഒരു ദീവാളിക്കളി.

ഝണ്ടാ മുണ്ടാ - ഒരു ദീവാളിക്കളി.

ഝണ്ടാ മുണ്ടാ - ഈ പേര്‌ അത്ര കേട്ട്‌ പരിചയമില്ല അല്ലേ. ഇത്‌ ഒരു കളിയാണ്‌, പണം വെച്ചുള്ള കളി. നമ്മുടെ നാട്ടിലെ 'ആനമയില്‍ഒട്ടകം' പോലത്തെ ഒരുതരം കുലുക്കിക്കുത്ത്‌ കളി. പക്ഷേ ഝണ്ടാ മുണ്ടക്ക്‌ ചില പ്രത്യേകതകളൊക്കെ ഉണ്ട്‌. ഇത്‌ ദീപാവലി ദിവസങ്ങളിലാണ്‌ കളിക്കുന്നത്‌. പണമെറിഞ്ഞ്‌ ഭാഗ്യം പരീക്ഷിക്കുന്ന ഈ കളിക്കുവേണ്ടി ചിലര്‍ ഒരു കൊല്ലം മുഴുവന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

(ദീപാവലി ഭാരതത്തിലെ ഒരു പ്രധാന ഉത്സവമാണല്ലോ. ഭാരതത്തിനുപുറമെ അയല്‍രാജ്യങ്ങളായ നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലും ഇത്‌ ആഘോഷിക്കുന്നു. കേരളത്തില്‍ അത്ര ഗംഭീരമല്ലെങ്കിലും ഉത്തരേന്ത്യയിലും തമിഴ്‌നാട്ടിലുമൊക്കെ വളരെ വിപുലമായാണ്‌ ദീപാവലി ആഘോഷിക്കുന്നത്‌. ലക്ഷ്മീദേവിയെ പൂജിച്ച്‌, ദീപങ്ങള്‍ തെളിയിച്ചും പടക്കങ്ങള്‍ പൊട്ടിച്ചും മധുരപലഹാരങ്ങളും സമ്മാനങ്ങളും നല്‍കിയും ദീപാവലി ആഘോഷിക്കുന്നു. ബംഗാളിലും മറ്റും മേല്‍പറഞ്ഞ ആചാരങ്ങളോടെ കാളിപൂജയായിട്ടാണ്‌ ഇത്‌ ആഘോഷിക്കുന്നത്‌. ദീപാവലിക്ക്‌ മുന്‍പേ വീടുകളും കച്ചവടസ്ഥാപനങ്ങളും പുതിയ പെയിന്റടിച്ച്‌ മോടിപിടിപ്പിക്കുന്നു. ദീപാവലിയോട്‌ ചേര്‍ന്ന് വരുന്ന 'ധന്‍തേരസ്‌' ദിവസങ്ങളില്‍ ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവ വാങ്ങുന്നത്‌ ശുഭകരമാണെന്നാണ്‌ വിശ്വാസം. ഇത്‌ കച്ചവടക്കാര്‍ നല്ലപോലെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്‌.ദീപാവലിക്ക്‌ ഗുജറാത്തികള്‍, മാര്‍വാഡികള്‍ തുടങ്ങിയ വാണിജ്യ/വ്യവസായ/കച്ചവട സമൂഹം ഗണപതി-ലക്ഷ്മി പൂജ കഴിച്ചശേഷം, നീളത്തില്‍ ചുവന്ന ചട്ടയുള്ള സാമ്പത്തിക പുതുവര്‍ഷത്തേക്കുള്ള അവരുടെ പരമ്പരാഗതമായ പുതിയ കണക്കുപുസ്തകം (ബഹികാത്ത) തുറക്കുന്നു. ഇന്ന്‌ അതിന്റ്റെ സ്ഥാനം ലാപ്‌ടോപ്പുകള്‍ കയ്യേറിയെങ്കിലും എല്ലാവിധ യഥാര്‍ത്ത വരവുചിലവ് കണക്കുകള്‍ അവരുടെ ’മുണ്ടി’ രീതിയില്‍ എഴുതുന്നത് മറ്റുള്ളവര്‍ക്ക് പെട്ടെന്ന് പിടികിട്ടില്ല. എല്ലായിടത്തും സാമ്പത്തികവര്‍ഷം ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച്‌ 31 വരെയാണ്‌ കണക്കാക്കുന്നതെങ്കില്‍, ഈ ഭാരതീയ പരമ്പരാഗത വ്യവസായികള്‍ക്ക്‌ ദീപാവലി തൊട്ടാണ്‌ പുതുസാമ്പത്തിക വര്‍ഷം തുടങ്ങുന്നത്‌. പുതിയ സാമ്പത്തിക ഇടപാടുകള്‍ക്കും വാണിജ്യ-വ്യവസായത്തിനും ദീപാവലി ദിനം ശുഭമായതുകൊണ്ടാണ്‌ ഇത്‌. മുംബൈ, ഡെല്‍ഹി അടക്കം ചില സ്റ്റോക്ക്‌ എക്സ്ചേഞ്ചുകളില്‍ ദീപാവലിക്ക്‌ മുഹൂരത്‌ ടേഡിംഗും നടത്താറുണ്ട്‌. പ്രാചീന കാലം മുതലേ ധനത്തെ ശ്രീലക്ഷ്മിയായിട്ടാണല്ലോ ഭാരതീയര്‍ കാണുന്നത്‌. അതുകൊണ്ട്‌ ദീപാവലിക്ക്‌, പുതിയ കച്ചവടം തുടങ്ങല്‍, ധനക്രയവിക്രയം തുടങ്ങല്‍, ധനം വെച്ചുള്ള ഭാഗ്യപരീക്ഷണം എന്നിവ പണ്ടുമുതലേയുള്ള ആചാരങ്ങളും രീതികളുമാണ്‌. )

അതിലൊന്നാണ്‌, ചില സ്ഥലങ്ങളില്‍ ധനം കൊണ്ടു കളിക്കുന്ന, ഭാഗ്യപരീക്ഷണമായ ചൂതുകളിയുടെ സ്വഭാവമുള്ള ഝണ്ടാ മുണ്ടാ. ഝണ്ടാ മുണ്ടാ എന്നത്‌ ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും നേപ്പാളിലും മറ്റും ദീപാവലിക്ക്‌ ഒഴിച്ചുകൂടാനാവാത്തതായി മാറിക്കഴിഞ്ഞു. വര്‍ഷങ്ങളായി, പണിതേടിവന്ന അദ്ധ്വാനശീലരായ നേപ്പാളികള്‍ അരുണാചലിന്റെ എല്ലാ സ്ഥലങ്ങളിലും ഉണ്ട്‌. ദീപാവലിക്ക്‌ ഝണ്ടാ മുണ്ടാ കളിക്കുക എന്നത്‌ ഇവരുടെ ഒഴിച്ചുകൂടാനാവാത്ത ഒരു ആചാരമാണ്‌. ഇവരിലൂടെ വര്‍ഷങ്ങള്‍ കൊണ്ട്‌ പകര്‍ന്നതാകാം, അരുണാചലിലെ ഓരോ ഗോത്രവര്‍ഗ്ഗക്കാര്‍ക്കും ഇന്ന് ഈ കളി ഒരു ഹരമായിരിക്കുന്നത്‌. ഇതിനായി ഇവര്‍ക്കൊപ്പം മറ്റു ജനസമൂഹവും കാത്തിരിക്കുന്നു.



ഝണ്ടാ മുണ്ടാ ബോര്‍ഡ്‌.


ഝണ്ടാ മുണ്ടയില്‍ കുലുക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്‌ ഭാഗ്യ കട്ടകള്‍.

പല പല സ്ഥലങ്ങളില്‍ ദീപാവലിയോടനുബന്ധിച്ച്‌ നാലഞ്ചു ദിവസം അനിയന്ത്രിതമായി ഇത്തരം കളി നടക്കുന്നതുകൊണ്ടാവാം ജില്ലാ ഭരണകൂടം ഇതിന്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. വര്‍ഷങ്ങളായി അതാത്‌ ജില്ല ഭരണകൂടം ചില നിയന്ത്രണങ്ങള്‍ക്ക്‌ വിധേയമായി ചില തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ പൊതുവായി നടത്താന്‍ പെര്‍മിറ്റ്‌ നല്‍കിവരുന്നു. കളി നടത്തുവാനായ്‌ ഡൈസ്‌ പെര്‍മിറ്റിനുവേണ്ടി ഓരോ വര്‍ഷവും നിരവധി അപേക്ഷകളാണ്‌ ജില്ല ഭരണകൂടത്തിന്‌ കിട്ടുന്നത്‌. 48 മണിക്കൂര്‍ നേരത്തേക്ക്‌ ഒരു ബോര്‍ഡ്‌ പെര്‍മിറ്റിനുവേണ്ടി 8000 രൂപയാണ്‌ ഔദ്യോഗികമായി ജില്ല ഭരണകൂടത്തിനു കൊടുക്കേണ്ടത്‌. നേരത്തെ നിശ്ചയിച്ച മൂന്നോ നാലോ പൊതുസ്ഥലങ്ങളില്‍, മുളയും പ്ലാസ്റ്റിക്‌ ഷീറ്റും തുണിയും കൊണ്ടുള്ള താലക്കാലിക പന്തല്‍ കെട്ടി അവിടെയാണ്‌ ഇത്‌ ഔദ്യോഗികമായി അനുവദിക്കുന്നത്‌. ഓരോ പന്തലിനടുത്തും 24 മണിക്കൂറും പോലീസുകാരെ ഡ്യൂട്ടിക്ക്‌ നിയോഗിക്കും. ഇതുപോലുള്ള ഡ്യൂട്ടിക്ക്‌ അവര്‍ക്ക്‌ 'ഉത്സാഹം' കൂടുതലാണല്ലോ.


ഝണ്ടാ മുണ്ടാ കളി നടക്കുന്ന ഒരു പന്തലിലെ ദൃശ്യം.

രണ്ട്‌ കട്ടില്‍ ചേര്‍ത്തുവെച്ചോ അല്ലെങ്കില്‍ ഇരട്ട കട്ടിലിലോ ആണ്‌ ഇതിന്റെ ബോര്‍ഡ്‌ വിരിക്കുന്നത്‌. കട്ടിലിന്‌ ചുറ്റുമായി കസേരകളും ബഞ്ചുകളും നിരത്തിയിരിക്കും. പ്ലാസ്റ്റിക്‌ ഷീറ്റോ റെക്സിനോ കൊണ്ടുള്ള ബോര്‍ഡില്‍ 6 കളങ്ങള്‍ ഉണ്ടാവും. നാലു വശങ്ങളിലായി ക്ലബ്സ്‌(ക്ലാവര്‍), സ്പേഡ്‌ (ഇസ്പേട്‌), ഡൈമണ്ട്‌ (ഡൈമണ്‍), ഹാര്‍ട്സ്‌ (ആഡ്‌തന്‍) എന്നിവയും നടുവിലായി ഝണ്ടാ (പതാക)യും മുണ്ടാ (കിരീടം)യുമാണ്‌ ചിഹ്നങ്ങള്‍. പ്ലാസ്റ്റിക്‌ കൊണ്ടുള്ള ചതുരക്കട്ടകളില്‍ അതിന്റെ 6 വശങ്ങളിലും ഈ ചിഹ്നങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ടാകും. അതിനെ ഒരു ബക്കറ്റോളം വലുപ്പമുള്ള കട്ടിതുകല്‍/റബ്ബര്‍ കൊണ്ടുള്ള ഒരു ജാറില്‍ ഇട്ട്‌ മൂടികൊണ്ട്‌ മൂടിയശേഷം നല്ലപോലെ കുലുക്കി കമിഴ്ത്തുന്നു. ഇനി കളിക്കാന്‍ വന്നവര്‍ നോട്ടുകള്‍ അവര്‍ക്കിഷ്ടപ്പെട്ട ബോര്‍ഡിലെ ഓരോ കളങ്ങളിലും വെക്കുന്നു. ഒരേ സമയം ഒരാള്‍ക്ക്‌ ഒന്നില്‍കൂടുതല്‍ കളങ്ങളിലും രൂപ വെക്കാവുന്നതാണ്‌.വെച്ച പണം കിട്ടണമെങ്കില്‍ ചുരുങ്ങിയത്‌ രണ്ട്‌ കട്ട(ഗുട്ടി)കളുടെ മുകള്‍ ഭാഗത്തുള്ള ചിഹ്നം ഒരേ പോലുള്ളതായിരിക്കണം. ഒരേ ചിഹ്നത്തിലുള്ള രണ്ട്‌ ഗുട്ടികള്‍ വന്നാല്‍ ആ ചിഹ്നമുള്ള കളത്തില്‍ വെച്ചിരിക്കുന്നവര്‍ക്ക്‌ വെച്ച പണവും കൂടാതെ അതിന്റെ രണ്ടിരട്ടിയും കിട്ടും. 3 ഗുട്ടികള്‍ ഒരേപോലെ വന്നാല്‍ മൂന്നിരട്ടി. ഏതെങ്കിലും ഒരു കളത്തിലെ ചിഹ്നത്തിന്റെ ഒരു ഗുട്ടി മാത്രം വരുകയോ അല്ലെങ്കില്‍ വരാതിരിക്കയോ ചെയ്താല്‍ പണം നടത്തിപ്പുകാരന്‌. രണ്ട്‌ മൂന്ന് ദിവസം തുടര്‍ച്ചയായി കട്ടകള്‍ വലിയ ജാറില്‍ നല്ലപോലെ കുലുക്കി കമിഴ്ത്തുന്നതും ശ്രമകരം തന്നെ. ഇതിന്‌ പ്രത്യേകം ആളെ നിയോഗിക്കും. കുലുക്കി കമിഴ്ത്തുന്നയാള്‍ക്കും ചില അവകാശങ്ങള്‍ ഉണ്ട്‌. കുലുക്കി കമിഴ്ത്തി 6 കട്ടകളും 6 വിവിധ ചിഹ്നങ്ങളില്‍ വന്നാല്‍ ആര്‍ക്കും തന്നെ പണം തിരികെ കിട്ടുകയില്ലല്ലോ. അപ്പോള്‍ ആ ബോര്‍ഡില്‍ വെച്ചിരിക്കുന്ന പണം മുഴുവനും കുലുക്കുന്ന ആള്‍ക്ക്‌ (അത്‌ കൂലിക്ക്‌ വെച്ച ആളായാലും)ഉള്ളതാണ്‌. നിര്‍ദ്ദിഷ്ട കുലുക്കു കൂലിക്കും ചിലവിനും പുറമെയാണിത്‌. ഇനി 6 കട്ടകളും ഒരേ ചിഹ്നത്തില്‍ വന്നെന്നിരിക്കുക (സാധ്യത വിരളം), അപ്പോള്‍ ആ കളത്തില്‍ വെച്ചിരിക്കുന്ന പണത്തിന്റെ 6 മടങ്ങ്‌ പണം വെച്ചിരിക്കുന്ന ആള്‍ക്ക്‌ കിട്ടും.

കളിക്കാര്‍ക്കുള്ള ദാഹശമനി (നാടന്‍ കള്ള്‌) കുപ്പിയില്‍ പന്തലിനടുത്തുതന്നെ ലഭ്യം. കള്ള്‌ വില്‍ക്കാനിരിക്കുന്ന അമ്മയും മക്കളും.

കളിക്കാന്‍ വരുന്നവര്‍ക്ക്‌, അവരെ അവിടെതന്നെ കൂടുതല്‍ കളിക്കാന്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി ചായ, ജൂസ്‌, വെള്ളം, പാന്‍ (മുറുക്കാന്‍) എന്നിവ സൗജന്യമായി നല്‍കുന്നു. ആവശ്യമെങ്കില്‍ നാടന്‍ കള്ളും നല്‍കും. പന്തലുകളോട്‌ ചേര്‍ന്ന്‌ താല്‍ക്കാലിക ചായക്കടകളില്‍ നാടന്‍ കള്ളും സുലഭമായി ലഭിക്കുന്നു.ഈ കളിയില്‍ സ്ത്രീകളും പെണ്‍കുട്ടികളും സജീവമായി പങ്കെടുക്കുന്നതായി കാണുന്നു. ആദിവാസി, നേപ്പാളി സ്ത്രീകളാണ്‌ ഇതില്‍ കൂടുതലും. കളി നടത്തുന്നവരുടെ കൂടെയുള്ള പെണ്‍കുട്ടികള്‍, മറ്റു ബോര്‍ഡുകളിലേക്ക്‌ പോകുന്ന കസ്റ്റമേര്‍സിനെ തങ്ങളുടെ ബോര്‍ഡിലേക്ക്‌ കളിക്കാന്‍ ക്ഷണിച്ചുവരുത്തുന്നു.


ഇതാ.. നിങ്ങള്‍ക്കടിച്ച പണം.

കളിക്കളത്തില്‍ പണം വെക്കുന്നതിന്‌ ചില നടത്തിപ്പുകാര്‍ അവരുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച്‌ പരിമിതികളൊക്കെ വെക്കാറുണ്ട്‌. ഒരാള്‍ ഒരു സമയം ഒരു കളത്തില്‍ വെക്കാവുന്ന പരമാവധി പണം സാധാരണഗതിയില്‍ 2000 മുതല്‍ 5000 വരെ അനുവദിക്കുമ്പോള്‍, ചിലര്‍ അത്‌ 10,000 മുതല്‍ 50,000 വരെ അനുവദിക്കുന്നു. ഇതിനായി നേരത്തെ തന്നെ ആവശ്യമുള്ള പണം കരുതി വെക്കുകയും ചെയ്യുന്നു. രണ്ടു ദിവസത്തെ കളി കഴിയുമ്പോള്‍ ചിലര്‍ക്ക്‌ പതിനായിരങ്ങളും ലക്ഷങ്ങളും കിട്ടുമ്പോള്‍, ചിലര്‍ക്ക്‌ ഉള്ളത്‌ മുഴുവന്‍ പോകുന്ന അവസ്ഥയിലുമാകുന്നു. സാധാരണയായി പുരുഷന്മാരാണ്‌ കൂടുതല്‍ പണം ഇറക്കി കളിക്കുന്നത്‌. എന്നാല്‍ ഇക്കഴിഞ്ഞ ഝണ്ടാ മുണ്ടാ കളിക്ക്‌ ഒരു ആദിവാസി സ്ത്രീ ബാഗുമായി വന്ന്‌ രണ്ടു ദിവസം തുടര്‍ച്ചയായി ഒരോ കളിക്കും 500ഉം 1000വും ഇറക്കി കളിക്കുന്നത്‌ കാണാനായി.

ഇവിടെ ഇമ്മിണി വല്യ കളിയാ. ഒരു കളത്തില്‍ ഒരാള്‍ക്ക്‌ വെക്കാവുന്നത്‌ 50 രൂപ മുതല്‍ 50,000 രൂപ വരെ.

കൂടുതല്‍ പണം നേടുക എന്നതിലുപരി ഒരു രസത്തിനും, ഭാഗ്യം പരീക്ഷിക്കാനുമായി കളിക്കുന്നവര്‍ നിരവധിയുണ്ട്‌. ഇവര്‍ 10-15 തവണ ചെറിയ തുകക്ക്‌ കളിച്ച്‌ പിന്‍വാങ്ങുന്നു. പൊതുസ്ഥലത്ത്‌ പെര്‍മിറ്റ്‌ എടുത്ത്‌ കളിക്കുന്നതിനു പുറമെ, പെര്‍മിറ്റ്‌ എടുക്കാതെ കോളനികള്‍ക്ക്‌ സമീപവും, വീട്ടുപരിസരത്തും ചെറിയ തുകക്ക്‌ കളി നടത്തുന്നവരും ഉണ്ട്‌. കുട്ടികളെയും സ്ത്രീകളെയും ഉദ്ദേശിച്ചാണ്‌ ഇത്‌. ഈ കളി നിരോധിക്കണമെന്ന് ഒരു സംഘടന ആവശ്യപ്പെട്ടുവെങ്കിലും, (മദ്യനിരോധനം, ലോട്ടറി നിരോധനം എന്നിവ നടപ്പിലാക്കുമ്പോള്‍ സര്‍ക്കാരിനുണ്ടാകുന്ന വരുമാന നഷ്ടവും ഉപഭോക്താവിന്റെ താല്‍പ്പര്യവും വിലയിരുത്തുന്നതുപോലെ) നിരോധനത്തിനുള്ള സാധ്യത കുറവാണ്‌.

കളിപന്തലിനടുത്ത നീല ബോര്‍ഡ്‌ ശ്രദ്ധിക്കൂ "Accident do not happen, they are caused". ഡ്രൈവര്‍മാരുടെ ശ്രദ്ധക്കായി ബോര്‍ഡര്‍ റോഡ്‌ ഓര്‍ഗനൈസേഷന്‍ സ്ഥാപിച്ച ഈ ബോര്‍ഡില്‍ പറഞ്ഞിരിക്കുന്നതും ഇവിടെ നടക്കുന്നതും ഏകദേശം ഒരു പോലെയല്ലേ. അപകടം സംഭവിക്കുന്നില്ല, അത്‌ വരുത്തുകയാണ്‌. എത്ര വാസ്തവം.


കളി നടത്തുന്നവര്‍ മിക്കവരും നല്ല ലാഭമുണ്ടാക്കുമ്പോള്‍ അതുപോലെ നഷ്ടം സംഭവിക്കുന്ന കളിനടത്തിപ്പുകാരും കളിക്കാരും ഉണ്ട്‌. പക്ഷേ, അവര്‍ വീണ്ടും പണം സ്വരുക്കൂട്ടി അടുത്തവര്‍ഷത്തെ ദീപാവലിക്കായി കാത്തിരിക്കുന്നു, പോയത്‌ തിരിച്ചുപിടിക്കാന്‍. ഭാഗ്യദേവത കനിയുമെന്ന വിശ്വാസത്തില്‍.
***

കൂടുതല്‍ ഝണ്ടാ മുണ്ടാ ചിത്രങ്ങള്‍: ഇവിടെ ഞെക്കിയാല്‍ കാണാം.

Monday, November 12, 2007

യുവ ഗോത്രജോഡികള്‍-2.

യുവ ഗോത്രജോഡികള്‍-2.


അരുണാചല്‍ പ്രദേശിലെ ഗോത്രവര്‍ഗ്ഗ യുവജോഡികളെ അവരുടെ പാരമ്പര്യ വേഷത്തില്‍ പരിചയപ്പെടുത്തുന്നു രണ്ടാം ഭാഗം: (ഒന്നാം ഭാഗം ഇവിടെ )


ഇവര്‍ ഇദു മിഷ്‌മി വര്‍ഗ്ഗക്കാര്‍. അപ്പര്‍ ഡിബാംഗ് വാലി, ലോവര്‍ ഡിബാംഗ് വാലി, ജില്ലകളില്‍ വസിക്കുന്ന മിഷ്മി വര്‍ഗ്ഗക്കാരെ ‘ചുലിക്കാട്ടാ’കള്‍ എന്നും വിളിക്കാറുണ്ട്‍.

(പണ്ട് ശ്രീകൃഷ്ണന്‍ ബീഷ്മക് രാജാവിനെ തോല്‍പ്പിച്ച് രുഗ്മിണിയെ വിവാഹം കഴിച്ചത് ഇവരുടെ ജാതിയില്‍ നിന്നാണെന്ന് ഇവര്‍ വിശ്വസിക്കുന്നു. ഇതിനെ എതിര്‍ത്ത രുഗ്മിണിയുടെ പിതാവിനുനേരെ സുദര്‍ശനചക്രം തൊടൂത്തൂവെന്നും രുഗ്മിണി അരുതെന്ന് അപേക്ഷിച്ചകാരണം തലക്കുപകരം അയാളുടെ മുന്‍‍വശത്തെ മുടി ലേശം അറുത്തു എന്നും പറയപ്പെടുന്നു. അതിനുശേഷമാണത്രേ മിഷ്മികള്‍ മുന്‍‍വശത്തെ കുറച്ച് മുടി മുറിച്ച് കളയുന്നതെന്നും പറയപ്പെടുന്നു. ഇന്നത്തെ തലമുറയിലുള്ളവര്‍ ഇത് പിന്തുടരുന്നില്ല. പുരാതനവും അടിസ്ഥാനപരവുമായ ചരിത്രാവശിഷ്ടങ്ങളില്‍ ചിലത് ലോവര്‍ ഡിബാംഗ് വാലി ജില്ലയിലെ ബീഷ്മക് നഗറില്‍ ഉണ്ട്. കളിമണ്‍ ഇഷ്ടിക കൊണ്ട് നിര്‍മ്മിച്ച കോട്ടയുടെ ശിഥിലമായ അവശിഷ്ടങ്ങള്‍ ആര്‍ക്കിയോളജി വിഭാഗം സംരക്ഷിക്കുന്നു.ഇതിന്‍് A.D. നാലാം ശതകത്തിന്റെ പഴക്കമുണ്ടെന്ന് പറയുന്നു.) .


പണ്ടൊക്കെ ഇവര്‍ കസ്തൂരി മാനിനെ വേട്ടയാടി അതില്‍ നിന്നും കിട്ടുന്ന കസ്തൂരി , മാന്‍‍തോല്‍ എന്നിവ വിപണനം നടത്തിയിരുന്നു. മഞ്ഞു വീണുകിടക്കുന്ന മലനിരകളില്‍ ആഴ്ചകള് താണ്ടിയിട്ടാണ് കാസ്തൂരിവാഹകരായ മാനിനെ വേട്ടയാടുന്നത്. വളരെയേറേ ഔഷധമൂല്യമുള്ള ‘മിഷ്മി തീത്ത‘ (ഇംഗ്ലീഷില്‍ ‘കോപ്റ്റിസ് തീത്ത‘) മിഷ്മികള്‍ വസിക്കുന്ന മലനിരകളില്‍ സുലഭമായി ലഭിക്കുന്നു. അതുകൊണ്ടാണ് ഇതിന് ‘മിഷ്മീ തീത്ത’ എന്നു പേര് വന്നത്. ഇതിന്‍റെ ചെടിയിലെ വേര് ഉണക്കിയ്യെടുത്ത്‌ വിപണനം ചെയ്യുന്നു. വളരെ കയ്പേറിയ ഇത് നിരവധി മാരകരോഗങ്ങള്‍ക്ക് പ്രതിവിധി മരുന്ന് നിര്‍മ്മാണത്തിലെ മുഖ്യഘടകമാണ്. ഒരു ചെറിയ കഷണം വേര്‌ ഒരു പാത്രം വെള്ളത്തിലിട്ട് അടുത്തദീവസം രാവിലെ വെറും വയറ്റീല്‍ കുടിച്ചാല്‍ നല്ല്ലതെന്ന് പറയുന്നു. വളരെയേറെ കയ്പേറിയ ഈ വെള്ളം രാവിലെ നോക്കുമ്പോള്‍ മഞ്ഞകലര്‍ന്ന ചുവപ്പ് നിറത്തിലായിരിക്കും.


ഇവര്‍ ഡിഗാരു മിഷ്മി വര്‍ഗ്ഗക്കാര്‍. മിഷ്മി വര്‍ഗ്ഗക്കാരിലെ ഒരു വിഭാഗം‍. ലോഹിത്, അഞ്ചാവ് ജില്ലയില്‍ വസിക്കുന്നവര്‍.
ഇവര്‍ ഖംത്തി വര്‍ഗ്ഗക്കാര്‍. ലോഹിത് ജില്ലയില്‍‍ വസിക്കുന്നവര്‍. ഹിനായണ-ബുദ്ധമത വിശ്വാസികളായ ഇവര്‍ ബര്‍മ്മ(മ്യാന്‍‍മാര്‍)യിലെ ഷാന്‍ ഭാഗങ്ങളില്‍ നിന്നും വളരെ പണ്ട് കുടിയേറിപ്പാര്‍ത്തവരാണ്. ഇവര്‍ക്ക് മാത്രമാണ് അരുണാചലില്‍ സ്വന്തമായി എഴുതാന്‍ അക്ഷരമാല ഉള്ളത്. ബുദ്ധമതവിശ്വാസികളാണെങ്കിലും മരണശേഷം ഇവര്‍ ശവത്തെ ശവപ്പെട്ടിയില്‍ അടക്കം ചെയ്ത് സംസ്കരിക്കുന്നു. (ഇവര്‍ കൃഷീ ചെയ്യുന്ന മണമുള്ള ഖംത്തി അരിയും അത് മുളം‍കുറ്റിയില്‍ പാകം ചെയ്തെടുക്കുന്നതും ഇവിടെ വായിക്കാം.)


ഇവര്‍ക്ക് പുറമെ ബുദ്ധമതവിശ്വാസികളായ സിങ്ഫോ എന്ന ഗോത്രവര്‍ഗ്ഗക്കാരും ബര്‍മ്മയിലെ കചിന്‍ പ്രവിശ്യായില്‍ നിന്നും ഇവിടെ കുടിയേറി പാര്‍ത്തവരാണ്.

ഇവര്‍ ചംഗ്ലാംഗ് ജില്ലയിലെ തംഗ്സാ വര്‍ഗ്ഗക്കാര്‍. നല്ല നെയ്ത്ത് കാരാണ് ഇവര്‍.


ഇവര്‍ വാഞ്ചു വര്‍ഗ്ഗത്തിലുള്ളവര്‍. നാഗാലാന്റിനോട് ചേര്‍ന്ന് കിടക്കുന്ന തിറാപ്പ് ജില്ലയിലെ പടിഞ്ഞാറ് ഭാഗത്ത് വസിക്കുന്നവര്‍. നാഗാ ജീവിത സംസ്കാരം പുലര്‍ത്തുന്നു. പണ്ട് കാലത്ത് എതിരാളികളുടെയും ശത്രുവിന്‍റെയും തല കൊയ്യുക എന്നത്‌ ഇവരുടെ ആചാരമായിരുന്നു. ഇവരുടെ വര്‍ഗ്ഗത്തിലെ ക്രമസ്സമാധാനം നിയന്ത്രിക്കുന്നത് ശക്തമായ ഇവരുടെ ഗ്രാമസഭയാണ്. ശരീരത്തില്‍ പച്ചകുത്തുന്നത് ഇവരുടെ സമൂഹ ആചാരമാണ്. മരത്തില്‍ നല്ല ശില്പങ്ങള്‍ കൊത്തുന്നവരാണ് വാഞ്ചു വര്‍ഗ്ഗക്കാര്‍.


തിറാപ്പ് ജില്ലയിലെ നൊക്ടെ വര്‍ഗ്ഗ ജോഡി. തിറാപ്പ് ജില്ലയിലെ മദ്ധ്യഭാഗത്ത് വസിക്കുന്ന ഈ വര്‍ഗ്ഗക്കാര്‍ വൈഷ്ണവമാര്‍ഗ്ഗം ആചരിക്കുന്നവരാണ്. പണ്ട് കാലത്ത് നല്ലപോലെ ഉപ്പ് ഉണ്ടാക്കിയിരുന്ന ഇവര്‍ ബാര്‍ട്ടര്‍ രീതിയില്‍ ഉപ്പും മറ്റു വസ്തുക്കളും കച്ചവടം നടത്തിയിരുന്നു.‍
പഴമയും പുതുമയും വസ്ത്രധാരണത്തില്‍ ഇടകലര്‍ത്തിയപ്പോള്‍.


***


മേൽപ്പറഞ്ഞ ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് പുറമെ നിരവധി ചെറിയ ഗോത്രവര്‍ഗ്ഗ ഗ്രൂപ്പുകളില്‍ എടുത്തു പറയത്തക്കതാണ്, പശ്ചിമ/പൂര്‍വ്വ കാമെംഗ് ജില്ലകളില്‍ വസിക്കുന്ന ഹൃസ്സൊ അഥവാ അക്കാ എന്നറിയപ്പെടുന്ന വര്‍ഗ്ഗം. ബുദ്ധമതത്തിലും ഹിന്ദുമതത്തിലും വിശ്വസിക്കുന്ന ഇവര്‍ പണ്ട് ആസ്സാമിലെ അഹൊം രാജാക്കളുമായി ബന്ധം പുലര്‍ത്തിയിരുന്നെന്ന് പറയപ്പെടുന്നു. പുരുഷന്മാര്‍ ധരിക്കുന്ന ചൂരല്‍/മുള ചീകിയുണ്ടാക്കുന്ന കിരീടം പോലെ തോന്നിക്കുന്ന തൊപ്പിയില്‍ ഒരു മയിൽപീലി തുണ്ടും ഇവര്‍ വെക്കുന്നു.


ബുദ്ധമതവിശ്വാസികളായ വേറൊരു ചെറിയ വര്‍ഗ്ഗമാണ് ഖംബാകള്‍ എന്നും മെംബാകള്‍ എന്നും അറിയപ്പെടുന്നവര്‍. പശ്ചിമ സിയാംഗ് ജില്ലയിലെ വടക്ക് വശത്ത് ടിബറ്റിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ വസിക്കുന്ന ഇവരുടെ ഇടയില്‍ ബഹുഭര്‍തൃത്വം നിലനില്‍ക്കുന്നു. ഇവരുടെ ഇടയില്‍ സ്ത്രീകളുടെ കുറവായിരിക്കണം ഇതിനുള്ള പ്രധാന കാരണം.


ബുദ്ധമതത്തില്‍ വിശ്വസിക്കുന്ന വേറൊരു ചെറിയ വര്‍ഗ്ഗക്കാരാണ് പശ്ചിമ കാമെംഗ് ജില്ലയില്‍ വസിക്കുന്ന ഷെര്‍ഡുൿപെന്‍ എന്നറിയുന്നവര്‍.


കൃഷ്.

Tuesday, November 6, 2007

യുവ ഗോത്രജോഡികള്‍-1.

യുവ ഗോത്രജോഡികള്‍-1.

അരുണാചല്‍ പ്രദേശിലെ വിവിധ ഗോത്രവര്‍ഗ്ഗക്കാരെ (യുവജോഡികളെ )അവരുടെ പാരമ്പര്യ വേഷത്തില്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ.

അരുണാചല്‍ പ്രദേശില്‍ പ്രധാനമായും 20 മുഖ്യ ഗോത്രവര്‍ഗ്ഗവും അതിനുകീഴില്‍ നിരവധി ഉപജാതികളും ഉണ്ട്‌. ഖംതി വര്‍ഗ്ഗക്കാര്‍ക്കൊഴിച്ച്‌ മറ്റു വര്‍ഗ്ഗക്കാര്‍ക്ക്‌ സ്വന്തമായി അക്ഷരമാലയോ എഴുത്തുഭാഷയോ ഇല്ല. ഇവരുടെ സംസാരഭാഷ ഓരോ ഗോത്ര/ജാതിക്കനുസരിച്ച് വ്യത്യാസമുണ്ട്. സ്വന്തം സംസാരഭാഷയില്‍ എഴുതുന്നതിന്‌ റോമന്‍ അക്ഷരമാലയെ ആണ്‌ ആശ്രയിക്കുന്നത്‌. എന്നാല്‍ താനി ഗ്രൂപ്പില്‍ പെട്ട ഗോത്രവര്‍ഗ്ഗക്കാര്‍ക്കായി 'താനി ലിപി' എന്ന അക്ഷരമാല/എഴുത്തു ഭാഷ വികസിപ്പിച്ചുകൊണ്ടിരിക്കയാണ്‌. ഇവിടത്തെ എല്ലാ ഗോത്രവര്‍ഗ്ഗ സ്ത്രീകളും നല്ല നെയ്ത്തുകാരാണ്‌. അവര്‍ക്ക്‌ വേണ്ടതായ പരമ്പരാഗത വസ്ത്രങ്ങള്‍ നല്ല നിറത്തിലും ഡിസൈനിലും നെയ്തെടുക്കുന്നു. പുരുഷന്മാര്‍ മുഖ്യമായും കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മുള, ചൂരല്‍ എന്നിവകൊണ്ട്‌ പുരുഷന്മാര്‍ കരകൗശല വസ്തുക്കളും നിത്യോപയോഗ സാധനങ്ങളും നിര്‍മ്മിക്കുന്നു. ചില ഗോത്രവര്‍ഗ്ഗക്കാര്‍ മരത്തില്‍ കൊത്തിയെടുക്കുന്ന രൂപങ്ങള്‍ ഉണ്ടാക്കുന്നതില്‍ വിദഗ്ദരാണ്‌. പുരുഷന്മാരുടെ വേഷവിധാനങ്ങളോടൊപ്പം ഒഴിച്ചുകൂടാനാവത്തതാണ്‌ അവര്‍ ധരിക്കുന്ന വാള്‍. സ്ത്രീകള്‍ പ്രധാനമായും മുത്ത്‌/കല്ലുമാലകളും വെള്ളികൊണ്ടുള്ള ആഭരണങ്ങളും ധരിക്കുന്നു. ചില ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ ബഹുഭാര്യാത്വം നിലവിലുള്ളപ്പോള്‍ ചുരുക്കം ചില ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ ബഹുഭര്‍ത്തൃത്വവും നിലനില്‍ക്കുന്നു.

അരുണാചലിലെ 9 പടിഞ്ഞാറന്‍ ജില്ലകളില്‍ വസിക്കുന്ന പ്രധാന ആദിവാസികളെയാണ് താഴെ പരിചയപ്പെടുത്തുന്നത്:


ഇവര്‍ ചൈനയോട് ചേര്‍ന്ന് കിടക്കുന്ന തവാംഗ് ജില്ലയിലും പശ്ചിമ കാമെങ് ജില്ലയിലുമുള്ള മൊന്‍പ വര്‍ഗ്ഗ യുവജോഡി. മഹായണ-ബുദ്ധമതവിശ്വാസികള്‍. ടിബറ്റുകാരുമായി വളരെയേറെ സാമ്യം. തവാങ്ങിലെ ബുദ്ധ മൊണാസ്റ്റ്രിയുമായി ഇവരുടെ ജീവിതവും സംസ്കാരവും ഇഴചേര്‍ന്നുകിടക്കുന്നു.


നിശി - ഇവര്‍ പൂര്‍വ്വകാമെങ്, കുറുംഗ്‌കുമെ, ലോവര്‍സുബന്‍സിരി, അപ്പര്‍ സുബന്‍സിരി ജില്ലകളില്‍ വസിക്കുന്ന പ്രധാന ഗോത്രവര്‍ഗ്ഗക്കാ‍ര്‍ . ഇവര്‍ ധരിച്ചിരിക്കുന്ന പരമ്പരാഗത മാലകള്‍ക്കും മണികള്‍ക്കും ഇവരുടെ ഇടയില്‍ നല്ല വിലയുണ്ട്. പുരുഷന്മാര്‍ മുടി നെറ്റിക്ക്‌ മുകളിലായി ചുരുട്ടി കെട്ടിവെച്ച്‌ അതിനുമുകളില്‍ വേഴാമ്പിലിന്റെ കൊക്കും വെച്ച, ചൂരല്‍ കൊണ്ടുണ്ടാകിയ തൊപ്പി ധരിക്കുന്നു. ഇവരുടെ ഇടയില്‍ ബഹുഭാര്യാത്വം നിലനില്‍ക്കുന്നു. വിവാഹത്തിന്‌ 'പുരുഷധന'മായി നിരവധി കാട്ടുപോത്തുകളും (മിത്തുന്‍) പന്നികളും, മുത്തു/കല്ലുമാലകളും ധനവും വധുവിന്റെ പിതാവിന്‌ നല്‍കേണ്ടതുണ്ട്‌. അങ്ങിനെ 'പുരുഷധനം' നല്‍കാന്‍ കഴിവുള്ളയാള്‍ക്ക്‌ ഒന്നിലധികം വിവാഹം ചെയ്യാം. രസകരമായ കാര്യം, വിവാഹശേഷം സ്ത്രീ സ്വമേധയാ വിട്ടുപോകുകയോ, വേറെ ആളുടെ കൂടെ ഒളിച്ചോടിപോകുകയോ ചെയ്താല്‍, ആദ്യ ഭര്‍ത്താവ്‌ കല്യാണത്തിനും 'പുരുഷധന'ത്തിനുമായി എത്ര ചിലവാക്കിയോ അതും അതിന്റെ കൂടെ പിഴയും സ്ത്രീയുടെ പിതാവോ, അല്ലെങ്കില്‍ പുതിയ ഭര്‍ത്താവോ ആദ്യ ഭര്‍ത്താവിന്‌ നല്‍കേണ്ടതുണ്ട്‌. ഇത്‌ തീരുമാനിക്കുന്നത്‌ ഈ ഗോത്രവര്‍ഗ്ഗക്കാരുടെ ഇടയിലുള്ള പരമ്പരാഗത തര്‍ക്കം തീര്‍ക്കുന്ന (യല്ല്ലുംഗ്‌) ഗോത്രഗ്രാമസമിതിയാണ്.


ഇത് താഗിന്‍ ഗോത്ര ജോഡി. അപ്പര്‍ സുബന്‍സിരി ജില്ലയില്‍ കൂടുതലായി വസിക്കുന്നു. പുരുഷന്റെ കൈയ്യിലുള്ളത് മുളകൊണ്ടുള്ള വില്ല്. അമ്പ് സൂക്ഷിക്കുന്നത് കഴുത്തില്‍ തൂക്കിയിട്ടിരിക്കുന്ന മുളംകുറ്റിയില്‍. എല്ലാ ഗോത്രവര്‍ഗ്ഗക്കാരിലും വേഷധാരണത്തിന്റെ ഭാഗമാണ് വാള്‍. ഇവരുടെ ഇടയില്‍ ബഹുഭാര്യാത്വം ആചാരപരമായി നിലവിലുണ്ട്‌.

ഇത് അപ്പാത്താനി വര്‍ഗ്ഗത്തില്‍ പെട്ട യുവമിഥുനങ്ങള്‍. ലോവര്‍ സുബന്‍സിരി ജില്ലയില്‍ വസിക്കുന്നവര്‍. അപ്പാത്താനി പുരുഷന്മാര്‍ മുടി മുകളില്‍ ചുരുട്ടികെട്ടുകയും മുഖത്ത്‌ പച്ചകുത്തുകയും ചെയ്യുന്നു. സ്ത്രീകള്‍ മൂക്കില്‍ വലിയ ദ്വാരങ്ങള്‍ ഇട്ട്‌ അതില്‍ വലിയ മൂക്കുത്തി ധരിക്കുകയും മുഖത്ത്‌ പച്ചകുത്തുകയും ചെയ്യുന്നു. ഈ രീതികള്‍ രണ്ടു മൂന്ന് ദശാബ്ദങ്ങളായി പിന്തുടരുന്നില്ല.കാലം മാറിയതിനനുസരിച്ച് വസ്ത്രങ്ങള്‍ തുന്നുന്നതില്‍ ചെറിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.


ഇവര്‍ ഗാലോ ജോഡി. പശ്ചിമ സിയാംഗ് , പൂര്‍വ്വ സിയാംഗ്, അപ്പര്‍ സുബന്‍സിരി ജില്ലകളില്‍ വസിക്കുന്നവര്‍.


ഇവര്‍ അദി വര്‍ഗ്ഗ ജോഡി. പൂര്‍വ്വ സിയാംഗ്, പശ്ചിമ സിയാംഗ്, അപ്പര്‍ സിയാംഗ്, ലോവര്‍ ഡിബാംഗ് വാലി ജില്ലകളില്‍ വസിക്കുന്നവര്‍.



നിശി, അപ്പാത്താനി, അദി, ഗാലോ, താഗിന്‍ എന്നീ വര്‍ഗ്ഗക്കാര്‍ അബോത്താനി എന്ന പേരുള്ള പൂര്‍വ്വികന്‍റെ പിന്‍‍തുടര്‍ച്ചക്കാരാണെന്ന് വിശ്വസിക്കുന്നു. ഇവര്‍ പരമ്പരാഗതമായി ഡോന്യി-പോളോ (സൂര്യന്‍-ചന്ദ്രന്‍) യെ ആരാധിച്ചുവരുന്നവരാണ്. (കാലക്രമേണ മതം‍മാറ്റം കൊണ്ട്, ഡോന്യി-പോളോയെ ആരാധിക്കുന്നവര്‍ ഇപ്പോള്‍ കുറവാണ്)


(തുടരും)


കൃഷ്.

Visitors || സന്ദര്‍ശനത്തിനു നന്ദി.

(C) കൃഷ് | krish

This blog is protected by copyright. If you need the images from this blog, please contact me.