സൂര്യഗ്രഹണദൃശ്യങ്ങള്‍.
ഈ നൂറ്റാണ്ടിലെ ഏറ്റവും കൂടുതല്‍ സമയം നീണ്ടുനില്‍ക്കുന്ന സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ജൂലായ് 22ന് രാവിലെ ദൃശ്യമാകും എന്നറിഞ്ഞതോടെ കൌതുകമായിരുന്നു. ഇന്ത്യയില്‍ ഗുജറാത്തിലെ സൂറത്തില്‍ നിന്നും തുടങ്ങി ഇന്ധോര്‍, ഭോപ്പാല്‍, വാരണാസി, പാറ്റ്ന, ഡാര്‍ജിലിംഗ്, സിലിഗുറി, ഡിബ്രുഗാഡ്, ഗാംഗ്ടോക്ക്, അരുണാചല്‍ പ്രദേശിലെ ഇറ്റാനഗര്‍ വരെയുള്ള ഗ്രഹണസഞ്ചാരപാതയില്‍ സൂര്യഗ്രഹണം പൂര്‍ണ്ണമായി കാണാന്‍ കഴിയുമെന്നുള്ളതും, ഇനി ഇതുപോലെ നീണ്ടുനില്‍ക്കുന്ന പൂര്‍ണ്ണസൂര്യഗ്രഹണം ദര്‍ശിക്കണമെങ്കില്‍ 123 വര്‍ഷങ്ങള്‍ക്ക് ശേഷമേ സാധ്യമാവൂ എന്നുള്ളതും ഇത് ദര്‍ശിക്കണമെന്നുള്ള ആഗ്രഹം വര്‍ദ്ധിപ്പിച്ചു. അതിലേറെ ഈ ഗ്രഹണത്തിന്റെ ചിത്രം പകര്‍ത്തണമെന്നുള്ളതും. കാരണം ഇതിനുമുന്‍പുള്ള സൂര്യഗ്രഹണം ദര്‍ശിച്ചിട്ടുണ്ടെങ്കിലും അത് ഒരിക്കലും ക്യാമറയില് പകര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. അന്നൊന്നും ഡിജിറ്റല്‍ ക്യാമറ കൈയ്യിലില്ലായിരുന്നു. ഇപ്പോഴുള്ള ക്യാമറ വെച്ചും ഗ്രഹണദൃശ്യം നേരെപോലെ പകര്‍ത്താന്‍ പറ്റില്ലെന്നറിയാം, എന്നാലും ഒന്നു ശ്രമിക്കാമല്ലോ. നല്ലപോലെ ഗ്രഹണം പകര്‍ത്തണമെങ്കില്‍ പൂട്ടുകുറ്റിയേക്കാള്‍ നീളമുള്ള 300എംഎം-ഓ അതിനുമുകളിലുള്ള സൂം ലെന്‍സ് വേണം, ചുരുങ്ങിയത് 200 എംഎം സൂം ലെന്‍സെങ്കിലും. കൈയ്യിലുള്ളതോ 55 എംഎം-ന്റെ കിറ്റ്ലെന്‍സും. ട്രൈപ്പോഡും ഫില്‍റ്ററും ഇല്ലാതാനും. എന്നാല്‍ ഉള്ളതുവെച്ച് ഒരു കൈനോക്കാം. നേരെ കിട്ടിയാല്‍ ഊട്ടി അല്ലേല്‍ ചീറ്റി!!
ഇവിടത്തെ ഇപ്പോഴത്തെ കാലാവസ്ഥയാണെങ്കില്‍ മഴ തല്‍ക്കാലം ഒരു ബ്രേക്ക് എടുത്തിരിക്കയാണ്‍്. അതിനാല്‍ തന്നെ ഒരാഴ്ചയായി തെളിഞ്ഞ ആകാശവും നല്ല ചൂടും, 40 ഡിഗ്രി സെല്‍ഷ്യസിനപ്പുറം. പക്ഷേ, മഴ എപ്പോള്‍ വേണമെങ്കിലും തകര്‍ത്തുപെയ്യാം, ആകാശം മഴമേഘങ്ങളാല്‍ മൂടികിടക്കാം. എന്നാല്‍ തന്നെയും ഗ്രഹണദിവസം നല്ല തെളിഞ്ഞ ആകാശമായിരിക്കുമെന്ന് ഒരു തോന്നലുണ്ടായിരുന്നു. ഇപ്പോള്‍ സമ്മര്‍ സീസണായതുകൊണ്ട് ഇപ്പോള്‍ രാവിലെ നാലുമണിക്കേ പ്രഭാതവെളിച്ചം പരന്നുതുടങ്ങും. നാലരക്കുശേഷം സൂര്യോദയവും. രാവിലെ 5.30നാണ് ഇവിടെ ഗ്രഹണം ആരംഭിക്കുന്നത്. അതിനാല്‍ തന്നെ ഗ്രഹണം തുടങ്ങുന്ന സമയത്ത് ഇവിടെ സൂര്യന്‍ ഉദിച്ച് പൊങ്ങിയിട്ടുണ്ടാവും. രാവിലെ 6.30 നു ഇവിടെ പൂര്‍ണ്ണഗ്രഹണം കാരണം 3 മിനിറ്റിലധികം നേരം അന്ധകാരമായിരിക്കും.(കേരളത്തില്‍ ഭാഗികസൂര്യഗ്രഹണമാണെങ്കിലും ഉദിച്ചുവരുന്ന സൂര്യന്‍ ഗ്രഹണസൂര്യനായിട്ടാണ്).
2009 ഇന്റര്‍നാഷനല്‍ ആസ്ട്രോണമി വര്‍ഷമായും, ഗലീലിയോ ടെലിസ്കോപ്പ് ഉപയോഗിച്ചതിന്റെ 400ആം വാര്‍ഷികമായും ആചരിക്കുകയാണ്. അതുകൊണ്ടെല്ലാം ഈ നൂറ്റാണ്ടിലെ ദീര്‍ഘമേറിയ സമ്പൂര്‍ണ്ണ സൂര്യഗ്രഹണത്തിനു നല്ല പ്രാധാന്യമുണ്ട്.
പക്ഷേ, സൂര്യഗ്രഹണം നേരിട്ട് കാണാനുള്ള ഒരുതരം ഫില്‍റ്റര്‍ കണ്ണട ഒരെണ്ണമുണ്ടായിരുന്നത് അരിച്ചുപെറുക്കിനോക്കിയിട്ടും കാണാനില്ല. 2-3 മിനിറ്റ് നീണ്ടുനില്‍ക്കുന്ന പൂര്‍ണ്ണഗ്രഹണസമയമൊഴിച്ച്, ഗ്രഹണത്തിനുതൊട്ട് മുമ്പും അതിനുശേഷവും സൂര്യേട്ടെനെ നേരിട്ട് നോക്കിയാല്‍ കണ്ണടിച്ച് പോകും, ഉറപ്പാ. ഇനിയിപ്പൊ എന്തുവഴി. അങ്ങനെ പഴയ ഒരു എക്സ്‌റേ ഫിലിം വെട്ടി ഒരു കണ്ണടയും ഉണ്ടാക്കി, എക്സ്പോസ്ഡ് ആയ ഭാഗം കൊണ്ട് ക്യാമറക്കുവേണ്ടി ഒരു ഫില്‍റ്ററും നിര്‍മ്മിച്ചു. എക്സ്‌റേ ഫിലിം ഉപയോഗിച്ച് സൂര്യഗ്രഹണം ദര്‍ശിക്കുന്നത് അത്ര സുരക്ഷിതമല്ലെന്നറിയാം, പക്ഷേ എന്തുചെയ്യാം വേറെ ഒരു കുന്ത്രാണ്ടവും ഇല്ലതാനും. പണ്ട് സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഒരു സൂര്യഗ്രഹണസമയത്ത് ചാണകവെള്ളത്തില്‍ നിഴല്‍ നോക്കിയും പിന്നെ ഫിലിം നെഗറ്റീവ് വെച്ച് നോക്കിയതുമെല്ലാം ഓര്‍മ്മവരുന്നു.
ഇന്ന് രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് നോക്കിയപ്പോള്‍ മഴ പെയ്തിരിക്കുന്നു. ആകാശം കുറച്ച് മേഘാവൃതമായിട്ടുണ്ടെങ്കിലും മഴ പെയ്യാനുള്ള സാധ്യത ഇല്ലെന്നു പറയാം.
ക്യാമറയുമെടുത്ത് ഉയര്‍ന്ന തുറസ്സായ സ്ഥലത്ത് എത്തിയെങ്കിലും മേഘം മാറാനുള്ള ഭാവമില്ലെന്ന് തോന്നി. അതുമല്ലാ, ചെറിയ മലമടക്കുകളില്‍ നിന്നും കൂടുതല്‍ മേഘശകലങ്ങള്‍ ഉയര്‍ന്ന് കൊണ്ടിരിക്കയാണ്.
ഗ്രഹണം തുടങ്ങിയിട്ടും മേഘങ്ങള്‍ കാരണം അത് ദൃശ്യമാകാന്‍ പറ്റാത്തതിലുള്ള വിഷമവുമുണ്ട്.
കാത്തിരിപ്പ്.
കുറച്ച് കഴിഞ്ഞപ്പോള്‍ കുറച്ച് പേര്‍ കൂടി അവിടെ ഒത്തുകൂടി. പ്രത്യേകിച്ചും കുട്ടികള്‍ക്ക് വലിയ ആകാംക്ഷയായിരുന്നു. ഗ്രഹണം നോക്കാനായി മിക്കവരും എക്സ്-റേ ഫിലിമിന്റെ ഭാഗങ്ങള്‍ മുറിച്ച് കൊണ്ടുവന്നിരിക്കുന്നു.
ഇരുട്ട് ചെറുതായി പരക്കാന്‍ തുടങ്ങിയതോടെ ആകാശത്തില്‍ നക്ഷത്രങ്ങള്‍ നല്ലപോലെ ദൃശ്യമായിതുടങ്ങി. ഷെയ്ക്കായിപോയ ഒരു നക്ഷത്രം.
ഗ്രഹണം ആരംഭിക്കാന്‍ തുടങ്ങുന്നു.
ചന്ദ്രേട്ടന്‍ സൂര്യേട്ടനെ മറയ്ക്കാന്‍ തുടങ്ങുന്നു.
ഗ്രഹണത്തിനുമുമ്പ് മേഘങ്ങളിലെ നിറവ്യത്യാസം.
ക്രമേണ അന്ധകാരം പരക്കാന്‍ തുടങ്ങിയതോടെ പക്ഷികളും മറ്റും പ്രത്യേകശബ്ദമുണ്ടാക്കി പറക്കാന്‍ തുടങ്ങി.രാവിലെ സൂര്യന്‍ ഉദിച്ചതിനുശേഷം ഗ്രഹണത്താല്‍ അന്ധകാരം പരക്കുന്നു. വണ്ടികള്‍ ഹെഡ്ഡ് ലൈറ്റ് ഇട്ടാണ് ഈ സമയത്ത് ഓടിച്ചുപോയത്. വൈകീട്ട് ഏഴരസമയത്തെ അനുസ്മരിപ്പിക്കുന്ന കാലാവസ്ഥ.
പൂര്‍ണ്ണഗ്രഹണം കഴിഞ്ഞ ഉടന്‍. ഇവിടെ പൂര്‍ണ്ണഗ്രഹണം ഏകദേശം മൂന്ന് മിനിറ്റ് നീണ്ടുനിന്നിരുന്നു.
ഗ്രഹണം കഴിഞ്ഞ ഉടനുള്ള ‘ഡയമണ്ട് റിംഗിന്റെ പ്രകാശമായിരിക്കണം ഇത്. മേഘങ്ങളാല്‍ മറഞ്ഞിരിക്കുന്നതുകാരണം വ്യക്തമല്ല. മേഘങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഇത് നഗ്നനേത്രം കൊണ്ട് ദര്‍ശിക്കുന്നത് കാഴ്ചശക്തി നശിക്കാന്‍ ഇടയാക്കും.
സൂര്യന്‍ മറ വിട്ടു പുറത്തുവരുന്നു.
ഗ്രഹണം കാണാന്‍ എത്തിയവര്‍ പൂര്‍ണ്ണഗ്രഹണം കാണാന്‍ പറ്റാത്തതിലുള്ള വിഷമം പറയുന്നുണ്ടായിരുന്നു.
മേഘങ്ങള്‍ തടസ്സം സൃഷ്ടിച്ചതുകൊണ്ടും ഡിഎസ്സ്‌എല്‍ആര്‍ ക്യാമറകൊണ്ട് ദൃശ്യങ്ങള്‍ ഉദ്ദേശിച്ചപോലെ പകര്‍ത്താന്‍ കഴിയാത്തതിലുള്ള വിഷമം, അവസാനം പോരാന്‍ നേരം പഴയ പോയന്റ് ആന്റ് ഷൂട്ട് ക്യാമറ കൊണ്ട് ഒന്ന് രണ്ട് ഷോട്ട് എടുത്തപ്പോഴാണ് മാറിയത്.ഈ ജീവിതകാലത്ത് ഇതുപോലുള്ള ദൃശ്യം ഇനി കാണാന്‍ സാധിക്കില്ലല്ലോ.
ഗ്രഹണം കഴിയാറായപ്പോള്‍ എടുത്ത ചിത്രങ്ങള്‍.
മേഘങ്ങള്‍ മാറുകയും, സൂര്യന്‍ പൂര്‍ണ്ണമായും വെളിയില്‍ വന്നതോടെ വെയില്‍ നല്ലപോലെ പരന്നുതുടങ്ങി. അങ്ങനെ ഒരു സൂര്യഗ്രഹണം കൂടി ഈ ജന്മത്തില്‍ ദൃശ്യമായി.
Wednesday, July 22, 2009
സൂര്യഗ്രഹണദൃശ്യങ്ങള്‍.
Posted by
krish | കൃഷ്
at
12:25 PM
Labels: ചിത്രങ്ങള്‍, ലേഖനം, ശാസ്ത്രം, സൂര്യഗ്രഹണം
Subscribe to:
Post Comments (Atom)
Visitors || സന്ദര്‍ശനത്തിനു നന്ദി.
(C) കൃഷ് | krish
This blog is protected by copyright. If you need the images from this blog, please contact me.
26 comments:
രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് ക്യാമറയുമായി സൂര്യഗ്രഹണം പകര്‍ത്താനായി ഒരു ശ്രമം നടത്തിയത്. ഇവിടെ മൂന്ന് മിനിറ്റോളം നീണ്ടുനില്‍ക്കുന്ന പൂര്‍ണ്ണസൂര്യഗ്രഹണമായിരുന്നു. പക്ഷേ, ആകാശം മേഘാവൃതമായതിനാല്‍ ദൃശ്യങ്ങള്‍ ഭാഗികമായേ കാണാന്‍ പറ്റിയുള്ളൂ.
കലക്കി....
ഒരു ഗ്രഹണ ത്യേങ്ങ്യാ...എന്റെ വക
നന്നായിട്ടുണ്ട്.
ചെന്നൈയിലെ ഗ്രഹണം ഞാനും ക്യാമറയിൽ എടുത്തിട്ടുണ്ട്.
എവിടെയാ ഈ സ്ഥലം.
ഇവിടെ കേരളത്തില്‍ ഞങ്ങളും കാത്തിരുന്നു ഒരു പാലത്തിനു മുകളില്‍. എവിടെ മഴമേഘങ്ങള്‍ മാത്രം. അവസാനം ഏഴുമണിക്ക് ശേഷം ഞങ്ങള്‍ക്കു മുന്നില്‍ മേഘങ്ങള്‍ക്കിടയിലൂടെ സൂര്യന്‍ ഒന്നു ചിരിച്ചു കടന്നു പോയി...
പക്ഷേ അപ്പോഴേക്കും ഗ്രഹണം അവസാനഘട്ടങ്ങളില്‍ എത്തിയിരുന്നു.ഫില്‍ട്ടര്‍ ഇല്ലാതെയും ഫില്‍ട്ടര്‍ വച്ചും ഒക്കെ ഗ്രഹണം കണ്ടു എന്നു പറയാം അത്രമാത്രം...
പിന്നെ ടി.വി യിലേക്കായി ശരണം. പക്ഷേ അവിടെ സൂര്യഗ്രഹണത്തെ അസംബന്ധങ്ങള്‍ വിഴുങ്ങുന്നു...
അത് അവസാനം ഒരു പോസ്റ്റുമാക്കി അതിവിടെ
കൊള്ളാം ഗ്രഹണം അപ്പടി പകര്‍ത്തിയല്ലോ.
ഗ്രഹണാശംസകള്‍. :)
Super shots... Nammalokke camera thookki veruthe nadannu athu ithum padam pidikkum... ithra kshamayode ithokke cover cheyyunnundallo.... :) sammathichirikkunnu...
grahanathinu nanni
grahanathinu nanni
ചാത്തനേറ്: നല്ല പടങ്ങള്‍ പണ്ട് എക്സറേ വെല്‍ഡ് ചെയ്യുന്ന ഒരു ഏട്ടന്‍ ആ മാസ്ക് കൊണ്ടു തന്നിരുന്നു അന്നതിലൂടെ കണ്ടതാ വല്യ കാര്യോന്നുമില്ല. അതു കൊണ്ട് പിന്നെ നമ്മടെ തടി നോക്കാന്നു വച്ചു. ഗ്രഹണ സമയത്ത് കുറേ ആവശ്യമില്ലാത്ത വികിരണങ്ങള്‍ ദേഹത്ത് കൊള്ളിക്കുന്നതെന്തിനാ?
great!!!
-sul
:) Thankx a TON !! Wonderful pic and narration !
നന്ദി :)
ഇത്രയെങ്കിലും കാണാന്‍ സാധിച്ചല്ലോ. സന്തോഷം. നന്ദി, കൃഷേട്ടാ
ഗ്രഹണം കാണാനാഗ്രഹം ഉണ്ടായിരുന്നു. പക്ഷെ ഗള്‍ഫില്‍ ഇല്ലല്ലോ...? ഇപ്പൊ നേരില്‍ കണ്ടതു പോലെ ആയി.
ആഗ്രഹംണ്ടാര്‍ന്നു. ഇങ്ങനെയെങ്കിലും കാണാന്‍ പറ്റീലോ..
നന്നായി പടങ്ങളും, എഴുത്തും.
ഏതായാലും ആ ആഗ്രഹം അങ്ങട്ട് നടന്നല്ലേ..
നല്ല പടങ്ങളും വിവരണവും
നന്നായിരിക്കുന്നു കൃഷ്-ജീ പടങ്ങൾ. :)
ഇന്നു രാവിലെ നടക്കാന്‍ പോകാതെ ഞാന്‍ ആറ് ഇരുപതിനു ടെറസിലെത്തി. നല്ല മഴ. പക്ഷേ അത്ഭുതം കിഴക്കന്‍ ചക്രവാളത്തില്‍ പാതി സൂര്യന്‍ പുഞ്ചിരിച്ചുകൊണ്ടു നില്‍ക്കുന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ സൂര്യന്‍ അല്‍പ്പം കൂടെ ഉയര്‍ന്നു. ഇപ്പോള്‍ മുന്‍വശത്തെ ബാല്‍ക്കണിയില്‍ ഇരുന്നാല്‍ ഒരു ചന്ദ്രക്കല പോലെ സൂര്യനെ കാണാം. (ഇവിടെ ഡല്‍ഹിയില്‍ ഗ്രഹണം പൂറ്‍ണ്ണമായിരുന്നില്ല.) ഏഴരവരെ മൂപ്പരെ തന്നെ നോക്കിക്കൊണ്ടിരുന്നു. മഴ അപ്പോഴും ചാറുന്നുണ്ടായിരുന്നു. അങ്ങിനെ ആദ്യമായി മഴയത്ത് ഒരു മറയുമില്ലാതെ സൂര്യഗ്രഹണം കണ്ടു.
ആ sensor അടിച്ചുപോയോന്ന് ഒന്ന് നോക്കിയേ!
ഇവിടെ ആകാശം പോലും കാണന്‍ പറ്റുന്നില്ല
പിന്നല്ലെ സൂര്യന്‍?
നല്ല കരിമ്പടം പുതച്ച മാനം
നിര്‍ത്താത്ത മഴയും
സൂര്യന്‍ ഗ്രഹണിച്ചോ എന്തരോ എന്തോ?
കൃഷ് എടുത്ത പടം കിടിലന്‍ !!
നന്ദി,
പൊറാടത്ത്,
സുനിൽ കൃഷ്ണൻ (ചിത്രങ്ങൾ പോസ്റ്റ് ചെയ്യൂ),
ടോട്ടോചാൻ (ഇത് അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ നിന്നും എടുത്ത ചിത്രങ്ങളാണ്),
മഴത്തുള്ളി,
സതീർത്ഥ്യൻ,
ദി മാൻ ടു വാക്ക് വിത്ത്,
കുട്ടിച്ചാത്തൻ (അല്ലാ, ഈ ചാത്തനും മറുതക്കും ഇത്തരം കിരണങ്ങൾ ഏൽക്കുമോ? :) ),
സുൽ :),
കാപ്റ്റൻ ഹഡോക്ക്,
ലക്ഷ്മി,
ശ്രീ :),
ശ്രദ്ദേയൻ,
കുട്ടൻ മേനോൻ,
കുമാരൻ,
കുഞ്ഞായി,
ഹരി മേനോൻ,
ജിതേന്ദ്രകുമാർ (മറയില്ലാതെ എന്നുദ്ദേശിച്ചത് ഫിൽറ്റർ ഉപയോഗിക്കാതെയെന്നാണോ, പൂർണ്ണഗ്രഹണത്തിനു തൊട്ടും മുമ്പും പിമ്പുമാണെങ്കിൽ അതു കണ്ണിനു ദോഷം സംഭവിക്കാൻ കാരണമാകും. പിന്നെ ഡൽഹിൽ പൂർണ്ണഗ്രഹണമല്ലായിരുന്നല്ലൊ.)
തൃശൂക്കാരൻ :) (സെൻസർ അടിച്ചുപോയില്ല, ഫിൽറ്റർ ഉപയോഗിച്ചാണ് സൂര്യേട്ടന്റെ പടം എടുത്തത്)
മാണിക്യം :)
നന്നായിട്ടുണ്ട്
ഇതു കൊള്ളാമല്ലോ. കലക്കി...
കൃഷേ വിവരണവും ചിത്രങ്ങളും നന്നായി. പുതിയ എസ്സ് എല്‍ ആറിന്റെ കൂടെ പഴയവനേയും കൊണ്ടു നടക്കുന്നുണ്ടല്ലേ :)
നന്ദി,
ജോ,
ബിന്ദു,
പൈങ്ങോടൻ (എസ്സ് എൽ ആറിന്റെ കിറ്റ്‌ലെൻസ് കൊണ്ട് ചെയ്യാവുന്നതിൽ കൂടുതൽ ചിലപ്പോൾ പി ആന്റ് എസ്സ് കൊണ്ട് ചെയ്യാൻ പറ്റും)
Post a Comment