Tuesday, January 29, 2008

ഗോത്രനൃത്തദൃശ്യങ്ങള്‍.

ഗോത്രനൃത്തദൃശ്യങ്ങള്‍.

അരുണാചല്‍ പ്രദേശിലെ വിവിധ ഗോത്രവര്‍ഗ്ഗക്കാരുടെ നൃത്തങ്ങളില്‍ നിന്നും ചില ദൃശ്യങ്ങള്‍. പരമ്പരാഗത നൃത്തങ്ങളിലും വേഷഭൂഷാദികളിലും കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ചെറുതായിട്ടെങ്കിലും പ്രകടമാണ്. ഇവരുടെ പരമ്പരാഗത വേഷങ്ങള്‍ കൊണ്ടും സംസാരഭാ‍ഷ കൊണ്ടുമാണ് ഇവരെ പുറമെനിന്നുള്ളവര്‍ക്ക് തിരിച്ചറിയാന്‍ സഹായകരമാകുന്നത്.
ഈ വര്‍ഷത്തെ റിപ്പബ്ലിക്ക് ദിനാഘോഷത്തോടനുബന്ധിച്ച് അവതരിപ്പിച്ച ചുരുക്കം ചില നൃത്തദൃശ്യങ്ങളില്‍ ചിലത്:


അപ്പാത്താനി വര്‍ഗ്ഗ സ്ത്രീകളുടെ നൃത്തച്ചുവടുകള്‍.

വാഞ്ചു വര്‍ഗ്ഗക്കാരുടെ നൃത്തം. നാഗാനൃത്തവുമായി വളരെയേറെ സാമ്യമുണ്ടിതിന്.
നൊക്ടെ വര്‍ഗ്ഗക്കാരുടെ പരമ്പരാഗത നൃത്തച്ചുവടുകള്‍.
ഇതും നാഗാ നൃത്തവുമായി ഏറെ സാമ്യമുണ്ട്.


താഗിന്‍ വര്‍ഗ്ഗക്കാരുടെ നൃത്തം.

ഗാലോ വര്‍ഗ്ഗത്തിലെ സ്ത്രീകളുടെ നൃത്തം.

ഗാലോ വര്‍ഗ്ഗ സ്ത്രീകള്‍ പരമ്പരാഗതമായി വെള്ളയില്‍ ചെറുതായി കറുത്ത ഡിസൈനിലുള്ള വസ്ത്രങ്ങളാണ് ധരിച്ചുകാണാറുള്ളത്.

ഇത് നിശിവര്‍ഗ്ഗക്കാരുടെ നൃത്തം - റിഖാം‌പാദ.

അദിവര്‍ഗ്ഗ പെണ്‍‌കൊടിമാരുടെ നൃത്തച്ചുവടുകള്‍. അദിവര്‍ഗ്ഗ സ്ത്രീകള്‍ തലയില്‍ തട്ടം പോലത്തെ തുണി ധരിക്കാറുണ്ട്. കൃഷിസ്ഥലങ്ങളില്‍ പണിയെടുക്കുമ്പോള്‍ ഇത് തലയില്‍ വെയിലും ചാറ്റല്‍ മഴയുമേല്‍ക്കാതിരിക്കാന്‍ സഹായിക്കുന്നു.

അദി, നിശി, താഗിന്‍ തുടങ്ങിയ മിക്ക ഗോത്രവര്‍ഗ്ഗസ്ത്രീകളും അവരുടെ വേഷഭൂഷാദികളില്‍ കല്ലുമാലകള്‍, വെള്ളിആഭരണങ്ങള്‍, ലോഹംകൊണ്ടുള്ള അരപ്പട്ട എന്നിവ അണിയാറുണ്ട്.

ഈണത്തിനനുസരിച്ച് ചുവടുവെച്ച് നീങ്ങുന്ന അദി പെണ്‍‌കൊടിമാര്‍.

Sunday, January 27, 2008

റിപ്പബ്ലിക്ക് ദിന കാഴ്ചകള്‍.

റിപ്പബ്ലിക്ക് ദിന കാഴ്ചകള്‍.

ഭാരതത്തിന്റെ ഭരണഘടന നിലവില്‍ വരുകയും ഭാരതം ഒരു പൂര്‍ണ്ണ റിപ്പബ്ലിക്ക് രാജ്യവുമായിട്ട് 58 വര്‍ഷം തികഞ്ഞു. അമ്പത്തിയൊമ്പതാം റിപ്പബ്ലിക്ക് ദിനം ഭാരതമൊട്ടുക്കും, ഭാരതത്തിനു വെളിയിലുള്ള ഇന്ത്യാക്കാരും ഇന്നലെ ആഘോഷിച്ചു.

അരുണാചല്‍ പ്രദേശില്‍ തലസ്ഥാനത്തെ ഔദ്യോഗിക ആഘോഷപരിപാടിയില്‍്‍ ബഹു: മുഖ്യമന്ത്രി ശ്രീ ദൊര്‍ജി ഖണ്ഢു ദേശീയ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു. ഇവിടത്തെ ആഘോഷപരിപാടികളിലെ ചില ദൃശ്യങ്ങള്‍:


ബഹു: മുഖ്യമന്ത്രി ദേശീയപതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കുന്നു.

ഗാര്‍ഡ് ഓഫ് ഹോണര്‍ നിരീക്ഷണം.

എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍.
സായുധപോലീസിന്റെ മാര്‍ച്ച് പാസ്റ്റ് നിരീക്ഷിക്കുന്നു.

എന്‍.സി.സി. ആണ്‍കുട്ടികളുടെ മാര്‍ച്ച് പാസ്റ്റ്.


എന്‍.സി.സി. പെണ്‍കുട്ടികള്‍.


വിവിധ സ്കൂളുകളില്‍ നിന്നുള്ള സ്കൌട്ട്, ഗൈഡ്, തുടങ്ങിയവരുടെ മാര്‍ച്ച് പാസ്റ്റ്.

ജയ് ഹിന്ദ്.
---

വിവിധ ഗോത്രവര്‍ഗ്ഗക്കാര്‍, സ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച നൃത്തദൃശ്യങ്ങള്‍ അടുത്ത പോസ്റ്റില്‍:

Wednesday, January 23, 2008

സന്ധ്യമയങ്ങും‌നേരം.

സന്ധ്യമയങ്ങും‌നേരം.

തണുപ്പുകാലമായതുകൊണ്ട് സൂര്യന്‍ നേരത്തേ മറയുകയായി. യാദൃശ്ചികമായി ഹെലിപ്പാഡിനടുത്തെത്തിയപ്പോള്‍ ഒരു കേന്ദ്രമന്ത്രിക്ക് വരവേല്‍പ്പും സ്വാഗതനൃത്തവും നടത്തി തിരിച്ചുപോകാനൊരുങ്ങുകയാ‍യിരുന്നു ഒരു സംഘം ചെല്ലക്കിളികള്‍. രണ്ടുമൂന്ന് വണ്ടീകളിലായി മറ്റു ചെല്ലക്കിളികള്‍ പോയിത്തുടങ്ങിയിരുന്നു. ഇവര്‍ക്ക് വീട്ടിലേക്ക് തിരിച്ചുപോകേണ്ട മിനിബസ്സിലെ ഡ്രൈവര്‍ വരാന്‍ ലേശം വൈകി. എന്റ്റെ കൈയ്യിലെ കാമറ കണ്ടപ്പോള്‍ എന്നാല്‍ പിന്നെ ഒരു പടം പിടിച്ചുകളയാമെന്നായി. അങ്ങനെ അവര്‍ നിരന്നുനിന്നു.


ഗാലോ വര്‍ഗ്ഗക്കാരായ ചെല്ലക്കിളികളുടെ വേറെയും പല പോസിലും ചിത്രം എടുത്തെങ്കിലും വെളിച്ചക്കുറവുമൂലവും ഷേക്ക് അബ്ദുള്ളയായതുകൊണ്ടും ഇതുമാത്രം ഇവിടെയിടുന്നു.


സന്ധ്യ മയങ്ങുകയായി. ആകാശത്തിലെ മേഘപടലങ്ങള്‍ക്ക് ഇവളുടെ കവിള്‍ പോലെ ചുവന്ന നിറം വന്നുതുടങ്ങി.
(അപ്പോഴേക്കും ഡ്രൈവര്‍ ‘കാലമാടന്‍‘ വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് ഹോണടി തുടങ്ങിക്കഴിഞ്ഞു..ചെല്ലക്കിളികള്‍ കൂടണയാന്‍
വണ്ടിയില്‍ക്കയറി പറന്നുപോയി.)

Monday, January 7, 2008

ഗൊമ്പാ കാഴ്ചകള്‍ - ഭാഗം 2.

ഗൊമ്പാ കാഴ്ചകള്‍ - ഭാഗം 2.

ഗൊമ്പായിലെ പുറംകാഴ്ചകള്‍ ഇവിടെ കണ്ടല്ലോ.

എന്നാല്‍ ഇനി സിദ്ധാര്‍ത്ഥ്‌ വിഹാര്‍ ഗൊമ്പക്കകത്തെ കാഴ്ചകള്‍ കാണാം.


ശ്രീ ബുദ്ധപ്രതിമ. മുഖ്യ ആരാധനാമൂര്‍ത്തി.

ഒരു വിശ്വാസി പ്രാര്‍ത്ഥനയില്‍.


ശ്രീ ബുദ്ധന്റെ ഇരുവശത്തുമുള്ള പ്രതിമ.

(ഈ മൂര്‍ത്തികളുടെ ടിബറ്റന്‍ പേരുകള്‍ അവിടുത്തെ ലാമ പറഞ്ഞുതന്നിരുന്നെങ്കിലും വ്യക്തമല്ലാത്തതുകൊണ്ട് എഴുതുന്നില്ല) .ടിബറ്റന്‍ ബുദ്ധമതക്കാരുടെ ഇപ്പോഴത്തെ ആത്മീയഗുരു ബഹു: 14ാ‍മത്‌ ദലായ്‌ ലാമ(ടെന്‍സിംഗ്‌ ഗ്യാത്‌സോ)യുടെ ചിത്രം.

പുറകിലെ ഷെല്‍ഫില്‍ ടിബറ്റന്‍ ഭാഷയിലുള്ള ബുദ്ധമതഗ്രന്ഥങ്ങളാണ്‌.

ഓരോ ദലായി ലാമയുടേയും കാലശേഷം, അദ്ദേഹത്തിന്റെ ആത്മാവ്‌ വേറൊരു കുഞ്ഞിലൂടെ(ശരീരത്തിലൂടെ) പുനര്‍ജനിക്കുന്നുവെന്നാണ്‌ ഇവരുടെ വിശ്വാസം. മുതിര്‍ന്ന ശ്രേഷ്ടലാമകളുടെ മതാചാരപ്രകാരമുള്ള ധ്യാനപ്രാര്‍ത്ഥനകളിലൂടെയും പ്രത്യേകരീതിയിലുള്ള ദൈവീക
പ്രവചനത്തിലൂടേയും ശാക്യമുനിയുടെ ആത്മാവ്‌ ഏത്‌ ദിശയിലാണ്‌
പുനര്‍ജനിച്ചിരിക്കുന്നതെന്ന് കണ്ടെത്തുന്നു. ചില ഗൂഡസൂചനകളിലൂടെയോ/ പ്രവചനത്തിലൂടെയോ ആ പുണ്യ
ബാലനെ കണ്ടെത്തുന്ന ശ്രമമാണ്‌ പിന്നീട്. അങ്ങനെ ദിവ്യ സൂചനകള്‍ വെച്ച്‌ ടിബറ്റില്‍ നിന്നുതന്നെയോ മറ്റേതെങ്കിലും രാജ്യങ്ങളില്‍ നിന്നോ കൃത്യമായി കണ്ടെത്തുന്ന ബാലനെയാണ്‌ ദലായി ലാമയായി വാഴിക്കുന്നത്‌. ഇപ്പോഴത്തെ ദലായി ലാമ കുഞ്ഞായിരിക്കുമ്പോള്‍ ചൈനയിലെ അംദൊ പ്രവിശ്യയില്‍ നിന്നാണ്‌ ഇതിനായി നിയോഗിക്കപ്പെട്ട ലാമമാര്‍ തിരഞ്ഞു കണ്ടെത്തിയത്‌. ഭക്ത്യാദരങ്ങളോടെ ആ ബാലനെ ടിബറ്റിലെ ലാസയില്‍ കൊണ്ടുവന്ന്‌ 1940-ല്‍ ദലായി ലാമയായി വാഴിച്ചു. 1950-ല്‍ 15ആമത്തെ വയസ്സില്‍ ഇദ്ദേഹം ടിബറ്റിന്റെ ഭരണചുമതലയും ഏറ്റെടുത്തിരുന്നു. പിന്നീട്‌ 1959-ല്‍ ഇന്ത്യയിലേക്ക്‌ പാലായനം ചെയ്തതിനുശേഷം ഹിമാചല്‍ പ്രദേശില്‍ ധര്‍മ്മശാലയിലാണ്‌ 14ാ‍ം ദലായി ലാമയുടെ താല്‍ക്കാലിക ആസ്ഥാനം.

ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ഇപ്പോഴത്തെ ദലായി ലാമ പൂര്‍വ്വജന്മത്തിലെ കാര്യങ്ങള്‍ ഓര്‍ക്കുന്നുണ്ടോ എന്നു ചോദിച്ചപ്പോള്‍, ബാല്യകാലത്തില്‍ വളരെ വ്യക്തമായി പൂര്‍വ്വജന്മത്തിലെ കാര്യങ്ങളെല്ലാ തെളിഞ്ഞു കണ്ടിരുന്നുവെന്നും,
വര്‍ഷങ്ങള്‍ കഴിയുന്തോറും ആ ഓര്‍മ്മകള്‍ ങ്ങിവരുകയാണുമെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌.

ഇതുവരെയുള്ള ദലായി ലാമമാര്‍ ഇവരാണ്‌:

1. ഗെദും ദ്രുപ (1391-1474)

2. ഗെദും ഗ്യാത്‌സൊ (1475-1542)

3. സോനം ഗ്യാത്‌സോ (1543-1588)

4. യോന്റെന്‍ ഗ്യാത്‌സോ ( 1589-1617)

5. ന്യവാംഗ്‌ ലൊബ്സാംഗ്‌ ഗ്യാത്‌സൊ (1617-1682)

6. സംഗ്യാംഗ്‌ ഗ്യാത്‌സോ (1682-1706)

(ഇദ്ദേഹം ജനിച്ചത്‌ അരുണാചലിലെ തവാംഗിലാണ്‌)

7. കെല്‍സാങ്ങ്‌ ഗ്യാത്‌സോ (1708-1757)

8.ജമ്പേല്‍ ഗ്യാത്‌സോ (1758-1804)

9.ലുങ്ങ്റ്റോങ്ങ്‌ ഗ്യാത്‌സോ (1805-1815)

10. സുല്‍ത്രിം ഗ്യാത്‌സോ (1816-1837)

11. കെദ്രുപ്‌ ഗ്യാത്‌സോ (1838 - 1856)

12. ത്രിന്‍ലേ ഗ്യാത്‌സോ ( 1856-1875)

13. തുപ്തെന്‍ ഗ്യാത്‌സോ (1876-1933)

14. ടെന്‍സിംഗ്‌ ഗ്യാത്‌സോ (1935- )


ടിബറ്റന്‍ ഭാഷയിലുള്ള പ്രാര്‍ത്ഥനാഗ്രന്ഥം.
ഗൊമ്പയിലെ ഒരു ലാമ
(ചിത്രം ഷേക്കിയതാ)ഗൊമ്പക്കകത്തെ ചുമര്‍ ചിത്രങ്ങള്‍. പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ചായങ്ങളാണ്‌ ഇതു വരക്കാന്‍ ഉപയോഗിക്കുന്നത്‌.

ശ്രീബുദ്ധന്റെ ചുവര്‍ചിത്രം.


ഇതേ മാതൃകയില്‍ പ്രകൃതിയില്‍ നിന്നും കിട്ടുന്ന ചായം ഉപയോഗിച്ച് കട്ടിയുള്ള തുണി ക്യാന്‍‌വാസ്സില്‍ ശ്രീബുദ്ധന്റെ പെയിന്റിംഗ് ചെയ്യുന്നു. അതിനെ തങ്ങ്കാ പെയിന്റിംഗ് എന്നു പറയുന്നു. ഇത് കലണ്ടര്‍ പോലെ തൂക്കിയിടാവുന്നതാണ്.

Saturday, January 5, 2008

ഗൊമ്പാ കാഴ്ചകള്‍ - 1.

ഗൊമ്പാ കാഴ്ചകള്‍-1.

ഇപ്രാവശ്യം നമുക്ക് ഒരു ഗൊമ്പാ സന്ദര്‍ശനം നടത്താം.

ബുദ്ധമതക്കാരുടെ ആരാധനാലയമാണല്ലോ ഗൊമ്പാ.

പ്രാചീനകാലം തൊട്ടേ ബുദ്ധമതം ഭാരതത്തില്‍
വേരൂന്നിയതാണല്ലോ. എന്നാല്‍ അരുണാചല്‍ പ്രദേശില്‍ ടിബറ്റന്‍ ബൌദ്ധസന്യാസികളുടെ പ്രയാണത്തെത്തുടര്‍ന്നാണ് കൂടുതലായി വേരൂന്നിയത്. അതിനാല്‍ തന്നെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടിബറ്റില്‍നിന്നും പാലായനം ചെയ്ത് താമസമാക്കിയവരും സ്വദേശികളില്‍ ചുരുക്കം ചില വര്‍ഗ്ഗക്കാരും ബുദ്ധമതം പിന്തുടരുന്നു. ഇവിടെ കൂടുതലായും ബുദ്ധമതത്തിലെ മഹായണ
വിഭാഗത്തിലുള്ളവരാണ്. എന്നാല്‍ മ്യാന്മറിനോട് ചേര്‍ന്ന് അതിര്‍ത്തിയുള്ള കിഴക്കന്‍ ജില്ലകളില്‍ ചെറിയ ഒരു വിഭാഗം ഹിനായണ വിഭാഗത്തിലുള്ളവരാണ്.സമാ‍ധാനത്തിനുള്ള നോബല്‍
സമ്മാന വിജയിയും ടിബറ്റന്‍ ആത്മീയഗുരുവും ഇപ്പോഴത്തെ (പതിനാലാമത്) ബഹുമാന്യ ദലായ് ലാമ (ടെന്‍സിംഗ് ഗ്യാത്‌സോ) 1959-ല്‍ ചൈനീസ് പട്ടാളം പിന്തുടര്‍ന്നപ്പോള്‍ സാധാരണ
ലാമ വേഷത്തില്‍ ടിബറ്റിലെ ലാസയില്‍ നിന്നും മഞ്ഞുമലകള്‍ കയറിയിറങ്ങി, അരുണാചല്‍ പ്രദേശിലെ (അന്നത്തെ നേഫ) സെമിത്താംഗ്, ലും‌ല, തവാംഗ്, ബോംഡില വഴി മൈലുകള്‍ താണ്ടി
ആസ്സാമിലെ തേസ്‌പൂരില്‍ എത്തിപ്പെട്ടു. അതിനുശേഷമാണ് ഭാരതസര്‍ക്കാര്‍ അഭയം കൊടുത്ത് ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ ദലായ് ലാമക്ക് ആത്മീയകാര്യങ്ങള്‍
നിര്‍വഹിക്കുന്നതിനും മറ്റുമായി ആസ്ഥാനം നല്‍കിയത്.

ഇന്ത്യയിലെ ഏറ്റവും വലിപ്പം കൂടിയതും ഏഷ്യയിലെ രണ്ടാമത്തെ വലിയതുമായ ഗൊമ്പയും ബൌദ്ധസന്യാസമഠസമൂഹവും തവാംഗിലാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 10000 അടി ഉയരത്തിലുള്ള അവിടുത്തെ മൊണാസ്റ്റ്രി 1861-ല്‍ മേരക് ലാമയാണ് നിര്‍മ്മിച്ചത്. ഇപ്പോള്‍ അവിടെ 500ഓളം ബൌദ്ധസന്യാസിമാര്‍ പാര്‍ക്കുന്നുണ്ട്.

ബുദ്ധമതക്കാര്‍ വസിക്കുന്ന സ്ഥലങ്ങളിലെല്ലാം ചെറുതും വലുതുമായ ഗൊമ്പാകളോ സ്തൂപങ്ങളോ സ്ഥാപിച്ചതായി കാണാം.

എന്നാല്‍ ചെറുതാണെങ്കിലും ഇറ്റാനഗറിലുള്ള സിദ്ധാര്‍ത്ഥ് വിഹാര്‍ ഗൊമ്പയില്‍ നമുക്കൊന്ന് ചുറ്റിനോക്കാം.


ഗൊമ്പയിലേക്കുള്ള മുഖ്യപ്രവേശന കവാടം. ഉള്ളില്‍ കാണുന്നത് സ്തൂപം
സ്തൂപം.


സ്തൂപം - പാര്‍ശ്വദൃശ്യം.


സ്തൂപം. മുന്‍‌വശം.
മുന്‍പ് വര്‍ഷകാലത്ത് എടുത്ത ചിത്രം


ഗൊമ്പയും ബുദ്ധസന്യാസിയും.


സിദ്ധാര്‍ത്ഥ് വിഹാര്‍ ഗൊമ്പ. ഈ ഗൊമ്പ സ്ഥാപിച്ചത് ബഹുമാന്യ ദലായ് ലാമ (പതിനാലാമത്) യാണ്.

പ്രാര്‍ത്ഥനാചക്രം തിരിക്കുന്നു;

ഗൊമ്പക്ക് ചുറ്റും ഇതുപോലുള്ള പ്രാര്‍ത്ഥനാ ചക്രം സ്ഥാപിച്ചിരിക്കുന്നു. ഇതില്‍ കറക്കികൊണ്ടാണ് ഗൊമ്പക്ക് പ്രദക്ഷിണം ചെയ്യുക.


“ഓം മണി പദ്മേ ഹും” ( Jewel in the centre of the lotus) എന്ന മന്ത്രം ആലേഖനം ചെയ്തിരിക്കുന്ന പ്രാര്‍ത്ഥനാചക്രം. ഇതിനെ കറക്കുമ്പോള്‍ ഇതില്‍ ആലേഖനം ചെയ്തിരിക്കുന്ന മന്ത്രം കാറ്റില്‍ നാലു ദിക്കിലേക്കും കരുണയും സ്നേഹവും ശാന്തിയും പ്രവഹിപ്പിക്കുന്നു എന്നാണ് വിശ്വാസം.


ടിബറ്റന്‍ ഭാഷയില്‍ മന്ത്രങ്ങള്‍ ആലേഖനം ചെയ്ത തോരണങ്ങള്‍
മന്ത്രങ്ങളെഴുതിയ കൊടിതോരണങ്ങള്‍. ഇതുപോലുള്ളവ ബുദ്ധമതവിശ്വാസികളുടെ വീട്ടുപരിസരത്തും വെക്കാറുണ്ട്.
ആല്‍ ചുവട്ടിലെ മഹാമുനിയുടെ പ്രതിമ. ദലായ് ലാമ മേയ് 1983-ല്‍ സ്ഥാപിച്ചതാണ് ഇത്.
ഗൊമ്പാ പരിസരത്തുനിന്നുള്ള പുറംദൃശ്യം.

(ചിത്രങ്ങളില്‍ ക്ലിക്കിയാല്‍ വലുതായി കാണാം)

(ഗൊമ്പക്കകത്തെ ദൃശ്യങ്ങള്‍ അടുത്ത പോസ്റ്റില്‍.)

Visitors || സന്ദര്‍ശനത്തിനു നന്ദി.

(C) കൃഷ് | krish

This blog is protected by copyright. If you need the images from this blog, please contact me.