Friday, March 9, 2007

ചോറപ്പാ.

ചോറപ്പാ.

യാഹൂവിനെതിരെ സമരം ചെയ്തും മുദ്രാവാക്യം മുഴക്കിയും ക്ഷീണിച്ച്‌ വിശന്നിരിക്കുകയാണ്‌ ബൂലോഗത്തെ ബ്ലോഗന്മാരും ബ്ലോഗിണിമാരും. അനോണിയായി വന്ന മഹവിഷ്ണു എന്ന ബ്ലോഗില്‍ കയറി കുറേ നാളത്തെ ദേഷ്യവും തീര്‍ത്ത്‌ കുറച്ചുപേര്‍ വിശന്നിരിക്കുന്നു. ഇന്നിതാ ഷാര്‍ജയില്‍ വിശാലമനസ്കന്റെ 'കൊടകരപുരാണം' പുസ്തകപ്രകാശനവും. ദില്‍ബന്‍ അവിടെ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നതുകാരണം തട്ടുകട തുറന്നിരിക്കാന്‍ സാധ്യതയില്ല.എന്തായാലും വിശന്നിരിക്കുന്നവര്‍ക്കായി ഇതാ സ്പെഷല്‍ ചോറ്‌. ഇതിനുവേണ്ട കറികള്‍ കറിവേപ്പിലയില്‍നിന്നോ, നളപാചകത്തില്‍നിന്നോ ആവശ്യംപോലെ എടുക്കാം.
മുളംകുറ്റിക്കകത്തെ ചോറ്‌.

അരി പച്ചമുളംകുറ്റിയിലിട്ട്‌ തീയില്‍ ചൂടാക്കിയെടുക്കുന്നു. ഖംത്തി ഗോത്രവര്‍ഗ്ഗക്കാരുടെ ഒരു സ്പെഷല്‍ ഐറ്റം. നല്ല വാസനയുള്ള 'ഖംത്തി അരി' കൊണ്ടു ഉണ്ടാക്കിയ ഈ ചോറിന്‌ ഒരു പ്രത്യേക രുചിയാണെന്നാണ്‌ പറയുന്നത്‌. ഇതിന്റെ വിലയോ.. ഒരു കുറ്റിക്ക്‌ വെറും 200 രൂപ മാത്രം.
-------------------
ഉണ്ടാക്കുന്ന വിധം:
അരി കഴുകി നനവോടെ വാഴയിലയില്‍ നിരത്തി മുളംകുറ്റിക്കകത്തു കയറുന്ന വിധം ചുരുട്ടി രണ്ടറ്റവും മടക്കി കെട്ടുക. ഇതിനെ മുളംകുറ്റിയിലേക്ക്‌ ഇറക്കി വെക്കുക എന്നിട്ട്‌ ലേശം വെള്ളം മുളംകുറ്റിക്കകത്ത്‌ വാഴയിലക്ക്‌ പുറത്തായി ഒഴിക്കുക. മുളംകുറ്റിയുടെ തുറന്ന അറ്റം നല്ലപോലെ വാഴയില കൊണ്ട്‌ അടച്ച്‌ കെട്ടുക. ഇതുപോലെ അരി നിറച്ച മറ്റു മുളംകുറ്റികളും ഒരുമിച്ച്‌ വിറക്‌ കത്തിച്ച്‌ തീയില്‍ ചുട്ടെടുക്കുക. മുള കൂടുതല്‍ കരിഞ്ഞുപോകാതെ ഇടക്ക്‌ മറിച്ചുകൊടുക്കണം. (അല്ലെങ്കില്‍ തീ നല്ലപോലെ തട്ടുന്നവിധം ഒരു ലോഹസ്റ്റാന്റിലോ വെച്ച്‌ ചുട്ടെടുക്കുക) ഉള്ളിലുള്ള ലേശം വെള്ളവും അരിയുടെ നനവും ഉള്ളതുകൊണ്ട്‌ കരിയാതെ, ആവിയില്‍ ഒരു പ്രഷര്‍ കുക്കറിലെന്നതുപോലെ ഇതു വേകും, എന്നാണ്‌ ഇതു പരീക്ഷിച്ചിട്ടുള്ളവര്‍ പറയുന്നത്‌. പച്ചമുളയുടെ പുറത്തെ തീ തട്ടി കരിഞ്ഞ ഭാഗം ചെത്തി വൃത്തിയാക്കിയാല്‍ കാണാനും ഭംഗി. ഇവിടെയുള്ളവര്‍ വാഴയിലക്ക്‌ പകരം വാഴയിലപോലത്തെ (ചിത്രത്തില്‍ കാണുന്നത്‌) ഒരു കാട്ടുവാഴയുടെ ഇലയാണ്‌ ഉപയോഗിക്കുന്നത്‌. ഇലയില്‍ വേവിച്ചെടുക്കുന്നതുകൊണ്ട്‌ അതിന്റേതായ ഒരു ടേസ്റ്റും ഉണ്ടാവും.
ഇതെ പോലെ തന്നെ മീനും മുളംകുറ്റിയിലിട്ടും വേവിച്ചെടുക്കാം. നല്ല രുചിയാണ്‌.
മീന്‍ നല്ലപോലെ കഴുകി വൃത്തിയാക്കി (കഷണമാക്കാതെ) ഉപ്പും ലേശം മഞ്ഞള്‍ പൊടിയും അല്‍പം കുരുമുളകു പൊടിയും പുരട്ടി ഇതേപോലെ ഇലയില്‍ പൊതിഞ്ഞ്‌ പച്ചമുളംകുറ്റിയില്‍ ഇട്ട്‌ ഇലകൊണ്ട്‌ മൂടികെട്ടുക. എന്നിട്ട്‌ തീയില്‍ ചൂടാക്കി ഏടുക്കുക. ഇവിടെയുള്ളവര്‍ ഇതിന്റെ കൂടെ "ബാംബൂ ഷൂട്ട്‌" (മുള പുതുതായി പൊട്ടിമുളച്ചുവരുമ്പോള്‍ ഉള്ള മൃദുലമായ അറ്റത്തെ ഭാഗം) ചെറുതായി അരിഞ്ഞു ചേര്‍ക്കും ടേസ്റ്റ്‌ കൂട്ടാനായി. നമ്മള്‍ക്കൊന്നും ആ ടേസ്റ്റ്‌ ആദ്യം അത്ര ഇഷ്ടപെടുകയില്ല. പക്ഷേ ആരോഗ്യത്തിന്‌ നല്ലതാണ്‌ ഇതെന്നു പറയുന്നു.
കൃഷ്‌ \krish

24 comments:

krish | കൃഷ് said...

ചോറപ്പാ...

യാഹൂവിനെതിരെ മുദ്രാവാക്യം മുഴക്കി ക്ഷീണിച്ച്‌ വിശന്നിരിക്കുന്നവര്‍ക്കായി..
(പ്രത്യേക അറിയിപ്പ്‌: ഇന്ന് ദില്‍ബന്റെ തട്ടുകട അടപ്പായിരിക്കും)

സു | Su said...

അവിടെ കിട്ടുന്നതാണോ ഇത്? ചോറ് തന്നെയാണ് അല്ലേ?

G.MANU said...

kalakki

അപ്പു ആദ്യാക്ഷരി said...

ടേസ്റ്റ് ചെയ്തിട്ടൊണ്ടൊ ക്രിഷ്ചേട്ടാ‍?

krish | കൃഷ് said...

സു:) അതെ ചോറ്‌ തന്നെ. ഒരു പ്രത്യേക രുചിയുള്ളത്‌. ഇതിന്റെ അരി കൊണ്ട്‌ സാധാരണ ഉണ്ടാക്കുന്ന തരത്തില്‍ വീട്ടില്‍ ഉണ്ടാക്കി കഴിച്ചിട്ടുണ്ട്‌. നല്ല പശമയമാണ്‌.

മനു:) നന്ദി.

അപ്പു:) മുളംകുറ്റിക്കകത്തുള്ളത്‌ ടേസ്റ്റ്‌ ചെയ്തിട്ടില്ല.

സു | Su said...

യാത്രയ്ക്കൊക്കെ നല്ലതാണ്. വാങ്ങി കൈയില്‍ വെക്കുക. പിന്നെ മുള കളയുക. പൊതിച്ചോറ് പോലെത്തന്നെ. പക്ഷെ വില കൂടുതല്‍ തന്നെ.

രണ്ടാം കമന്റ്. ഓഫ് അല്ലാത്തതുകൊണ്ട് മാപ്പ് ചോദിക്കുന്നില്ല.

കുറുമാന്‍ said...

ചോറെന്നു പറഞ്ഞിട്ട് വെറും മുളം കുറ്റികാണിച്ച് പറ്റിക്കുന്നോ :)

Haree said...

എത്ര മുളങ്കുറ്റി ചോറ് വേണ്ടിവരും വയറ്‌ നിറയാ‍ന്‍? അതുപോലെ ഇത് തീയില്‍ വെച്ച് എങ്ങിനെയാണ് ചുടുക, അതിന്റെ ചിത്രമുണ്ടോ?

ഇതെന്താണ് എല്ലത്തിന്റെകൂടെ ഒരു ‘...പ്പാ’?
--

Siju | സിജു said...

:-)

ഓടോ : ഹരിയുടെ പേര് സംശയം ഹരീന്നാക്കേണ്ടി വരും :-)

(മുമ്പിലും പുറകിലും സ്മൈലിച്ചിട്ടുണ്ട്ട്ടാ..)

sandoz said...

ഇതു കൊള്ളാല്ലോ......മുളങ്കുറ്റിയില്‍ പുട്ട്‌ കണ്ടിട്ടുണ്ട്‌...ചോര്‍ ആദ്യമായിട്ടാ കേള്‍ക്കുന്നത്‌.
എന്താ ഇത്ര വില.....വല്ല പഞ്ചനക്ഷത്രനും ആണോ ഇതിന്റെ പേറ്റന്റ്‌ എടുത്തിരിക്കുന്നത്‌.

മി.ഡൗട്ടേ......[ശ്രദ്ധിക്കുക..കൗട്ടേ എന്നു അല്ല]കൃഷിനെ വക്കാരി കൂടിത്താടാപ്പാ....

കെവിൻ & സിജി said...

അരുണാചലത്തുകാരുടെ ഒരു കാര്യേ... മര്യാദയ്ക്കു കലത്തിലു് വച്ചുണ്ണണ്ട ചോറു് എന്താ കാട്ടീരിയ്ക്കണേ, ഇനി ഇതിപ്പോ കുറ്റീടെ അകത്തൂന്നു് പുറത്തെടുക്കാന്‍ എന്താ ചെയ്യാ?

ആഷ | Asha said...

ചോറപ്പാ കൊള്ളാപ്പാ :)
ഈ രീതിയില്‍ എഷ്യയിലെ പല ഭാഗങ്ങളിലും ചോറ് ഉണ്ടാക്കാറുണ്ടത്രേ.
ഇവിടെ step by step ആയി ഉണ്ടാക്കുന്ന രീതി കാണാം.

മറ്റൊന്ന് ചൈനയിലെ മിയോ(miao ഉച്ചാരണം ശരിയാണോ ആവോ) വര്‍ഗ്ഗക്കാര്‍ വര്‍ഷത്തില്‍ ഒരു പ്രത്യേകദിവസം 5 നിറങ്ങളില്‍ ചോറ് ഉണ്ടാക്കുമത്രേ. 5 നിറത്തിലുള്ള ഇലകള്‍ ശേഖരിച്ച് അതിന്റെ നീരില്‍ അരി പ്രത്യേകം പ്രത്യേകം ഡൈ ചെയ്ത് നമ്മുടെ പുട്ടു പോലെ തേങ്ങപീരയ്ക്ക് പകരം ഇറച്ചിയിട്ട് ഒരോ നിറവും വേര്‍തിരിച്ച് ഉണ്ടാക്കും.ഇത് അവരുടെ ആയിരത്തിലധികം വര്‍ഷങ്ങള്‍ കൈമാറി വന്ന ട്രഡിഷനാണ്.

ഇത് കൃഷ്‌ പോസ്റ്റ് ചെയ്തത് കൊണ്ടാണ് കൂടുതല്‍ ഇതിനെ കുറിച്ചറിയാന്‍ താല്പര്യം തോന്നിയത്.
ഇനിയും അവിടുത്തേ പ്രത്യേകതയുള്ള സംസ്കാരങ്ങളും രീതികളും പോസ്റ്റ് ചെയ്യൂ കൃഷ്‌ .

ബയാന്‍ said...

extreme survival methods ല്‍ ഒരു പാഠം കൂടി. മത്സ്യത്തെ മണ്ണില്‍ കുഴിച്ചിട്ടു ചൂട്ടെടുക്കുന്ന വിദ്യ, desert പെട്ടുപോയാല്‍ അന്തരീക്ഷത്തിലെ moisture ഉപയോഗിച്ചു വെള്ളം ഉണ്ടാക്കുന്ന വിദ്യ; ice കൊണ്ടു മൂടിയ പുഴയില്‍ നിന്നും മത്സ്യം പിടിക്കുന്ന വിദ്യ; ഇങ്ങനെയത്തതൊക്കെ പഠിച്ചു വെക്കുന്നതു നല്ലതാ... എപ്പോഴാ മുകളില്‍ നിന്നു പേട്ടുതേങ്ങ വീഴുന്നതെന്നു അറിയില്ലല്ലോ.. കൃഷിനു നന്ദി.

കൃഷ്‌ | krish said...

മുളംകുറ്റിയിലെ ചോറ്‌ ( അതുപോലെത്തന്നെ മീനും) -- ഇത്‌ ഉണ്ടാക്കുന്ന വിധം കൂടി ചേര്‍ത്ത്‌ പോസ്റ്റ്‌ അപ്ഡേറ്റ്‌ ചെയ്തിട്ടുണ്ട്‌. താല്‍പ്പര്യമുള്ളവര്‍ക്ക്‌ കാണാം.

asdfasdf asfdasdf said...

കൊള്ളാം.

വേണു venu said...

ഈ പുതിയ വിഭവം കൊള്ളാമല്ലോ കൃഷേ.:)

krish | കൃഷ് said...
This comment has been removed by the author.
krish | കൃഷ് said...

സു :) യാത്രക്കും കരുതാം. (മാപ്പോ.. അതെന്താ സാധനം? യാഹൂവിന്റെ അടുത്ത്‌ ചോദിച്ചിട്ട്‌ കിട്ടാത്തതാണോ? :) )

കുറുമാന്‍ :) കുറുവേ മുളംകുറ്റിക്കകത്താ സാധനം (കുപ്പിയല്ലാ!)

ഹരീ :) അത്‌ ഹരീയുടെ കപ്പാകുറ്റി പോലിരിക്കും. (പാകം ചെയ്യുന്ന വിധം പോസ്റ്റില്‍ ഇപ്പോള്‍ കൊടുത്തിട്ടുണ്ട്‌)

സിജു :) അതെന്താ സിജു ഒരു "തംശയം".

സാന്‍ഡോസ്‌ :) പഞ്ചനക്ഷത്രനൊന്നുമല്ല. ഈ മണമുള്ള അരിക്ക്‌ വിലയുണ്ട്‌. പിന്നെ പാചകം ചെയ്യുന്ന രീതിയും വ്യത്യാസമാണല്ലോ.
(..പ്പാ - വക്കാരി ശൈലി ഒന്നു കടമെടുത്തതാ.. ഇതിന്‌ മ്യാപ്പ്‌ പറയണോ വക്കാരീ.)

കെവി :) ഇതിന്റെ സ്വാദ്‌ കലത്തില്‍ വെച്ചാല്‍ കിട്ടൂല്ലാ. ഇലപ്പൊതി വലിച്ചെടുക്കുക അല്ലെങ്കില്‍ മുളംകുറ്റി പൊട്ടിക്കുക.

ആഷാ :) നന്ദി. ഇവിടത്തെ സാധാരണ രീതി ഇതാണ്‌. എന്റെ അറിവ്‌ വെച്ച്‌ എഴുതിയതാണ്‌. ആഷ തന്ന ലിങ്ക്‌ പോസ്റ്റ്‌ അപ്‌ഡേറ്റ്‌ ചെയ്തതിനു ശേഷമാണ്‌ കണ്ടത്‌. ആ രീതിയിലും ചെയ്യാം. ഇവിടെയുള്ളവരുടെ ജീവിതരീതി പല കാര്യങ്ങളിലും ചൈന, മ്യാന്‍മാര്‍, തായ്‌ലന്റ്‌ തുടങ്ങിയ രാജ്യങ്ങളുടെ രീതിയുമായി സാമ്യം കാണാം.

ബയാന്‍ :) നന്ദി. മരുഭൂമിയില്‍ കുടിവെള്ളം കിട്ടാതെ അകപ്പെട്ടുപോയാല്‍ ജീവന്‍ രക്ഷിക്കുന്നതിയായി മനുഷ്യന്റെ മൂത്രം സംഭരിച്ച്‌ ഒരു കുപ്പിയില്‍ നിന്നും വേറൊരു കുപ്പിയിലേക്ക്‌ evaporate ചെയ്യിച്ച്‌ ശുദ്ധീകരിച്ച്‌ ഉപയോഗിക്കുന്നത്‌ ഒരിക്കല്‍ Discovery channelല്‍ കണ്ടതായി ഓര്‍ക്കുന്നു.


വേണു :) നന്ദി. കൊള്ളാമല്ലേ.

കൃഷ്‌ | krish

ദേവന്‍ said...

കറിയപ്പാ
ദാ ചോറിനു കൂട്ടാന്‍ റെഡി

P Das said...

:)

Unknown said...

കൊള്ളാം കൃഷ്, കുറച്ചു പുതിയ അറിവുകള്‍ കിട്ടി ഈ ലേഖനത്തില്‍ നിന്നും...!

ആശംസകള്‍..!

ആവനാഴി said...

ആ ചോറുതിന്നാനൊരു മോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ഹം
ആ മീനെത്തിന്നാനുമെനിക്കാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാഗ്രഹം.
തരുമോ എനിക്കായ് തരുമോ?

krish | കൃഷ് said...

ദേവരാഗം : നന്ദി. കറിയും കൊള്ളാം.
ചക്കര : നന്ദി.
ഏവൂരാന്‍ : വളരെ നന്ദി.
ആവനാഴി : നന്ദി. ആഗ്രഹം നടക്കട്ടെ.

കൃഷ്‌ | krish said...

ടെസ്റ്റിംഗ്‌..
(പിന്മൊഴി ചത്തതറിഞ്ഞില്ല. ഇപ്പോള്‍ മറുമൊഴിയിലേക്ക്‌ വന്നതാ.. ഒരു ടെസ്റ്റിംഗ്‌)

Visitors || സന്ദര്‍ശനത്തിനു നന്ദി.

(C) കൃഷ് | krish

This blog is protected by copyright. If you need the images from this blog, please contact me.