ഝണ്ടാ മുണ്ടാ - ഒരു ദീവാളിക്കളി.
ഝണ്ടാ മുണ്ടാ - ഈ പേര് അത്ര കേട്ട് പരിചയമില്ല അല്ലേ. ഇത് ഒരു കളിയാണ്, പണം വെച്ചുള്ള കളി. നമ്മുടെ നാട്ടിലെ 'ആനമയില്‍ഒട്ടകം' പോലത്തെ ഒരുതരം കുലുക്കിക്കുത്ത് കളി. പക്ഷേ ഝണ്ടാ മുണ്ടക്ക് ചില പ്രത്യേകതകളൊക്കെ ഉണ്ട്. ഇത് ദീപാവലി ദിവസങ്ങളിലാണ് കളിക്കുന്നത്. പണമെറിഞ്ഞ് ഭാഗ്യം പരീക്ഷിക്കുന്ന ഈ കളിക്കുവേണ്ടി ചിലര്‍ ഒരു കൊല്ലം മുഴുവന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
(ദീപാവലി ഭാരതത്തിലെ ഒരു പ്രധാന ഉത്സവമാണല്ലോ. ഭാരതത്തിനുപുറമെ അയല്‍രാജ്യങ്ങളായ നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലും ഇത് ആഘോഷിക്കുന്നു. കേരളത്തില്‍ അത്ര ഗംഭീരമല്ലെങ്കിലും ഉത്തരേന്ത്യയിലും തമിഴ്‌നാട്ടിലുമൊക്കെ വളരെ വിപുലമായാണ് ദീപാവലി ആഘോഷിക്കുന്നത്. ലക്ഷ്മീദേവിയെ പൂജിച്ച്, ദീപങ്ങള്‍ തെളിയിച്ചും പടക്കങ്ങള്‍ പൊട്ടിച്ചും മധുരപലഹാരങ്ങളും സമ്മാനങ്ങളും നല്‍കിയും ദീപാവലി ആഘോഷിക്കുന്നു. ബംഗാളിലും മറ്റും മേല്‍പറഞ്ഞ ആചാരങ്ങളോടെ കാളിപൂജയായിട്ടാണ് ഇത് ആഘോഷിക്കുന്നത്. ദീപാവലിക്ക് മുന്‍പേ വീടുകളും കച്ചവടസ്ഥാപനങ്ങളും പുതിയ പെയിന്റടിച്ച് മോടിപിടിപ്പിക്കുന്നു. ദീപാവലിയോട് ചേര്‍ന്ന് വരുന്ന 'ധന്‍തേരസ്' ദിവസങ്ങളില്‍ ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവ വാങ്ങുന്നത് ശുഭകരമാണെന്നാണ് വിശ്വാസം. ഇത് കച്ചവടക്കാര്‍ നല്ലപോലെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്.ദീപാവലിക്ക് ഗുജറാത്തികള്‍, മാര്‍വാഡികള്‍ തുടങ്ങിയ വാണിജ്യ/വ്യവസായ/കച്ചവട സമൂഹം ഗണപതി-ലക്ഷ്മി പൂജ കഴിച്ചശേഷം, നീളത്തില്‍ ചുവന്ന ചട്ടയുള്ള സാമ്പത്തിക പുതുവര്‍ഷത്തേക്കുള്ള അവരുടെ പരമ്പരാഗതമായ പുതിയ കണക്കുപുസ്തകം (ബഹികാത്ത) തുറക്കുന്നു. ഇന്ന് അതിന്റ്റെ സ്ഥാനം ലാപ്‌ടോപ്പുകള്‍ കയ്യേറിയെങ്കിലും എല്ലാവിധ യഥാര്‍ത്ത വരവുചിലവ് കണക്കുകള്‍ അവരുടെ ’മുണ്ടി’ രീതിയില്‍ എഴുതുന്നത് മറ്റുള്ളവര്‍ക്ക് പെട്ടെന്ന് പിടികിട്ടില്ല. എല്ലായിടത്തും സാമ്പത്തികവര്‍ഷം ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയാണ് കണക്കാക്കുന്നതെങ്കില്‍, ഈ ഭാരതീയ പരമ്പരാഗത വ്യവസായികള്‍ക്ക് ദീപാവലി തൊട്ടാണ് പുതുസാമ്പത്തിക വര്‍ഷം തുടങ്ങുന്നത്. പുതിയ സാമ്പത്തിക ഇടപാടുകള്‍ക്കും വാണിജ്യ-വ്യവസായത്തിനും ദീപാവലി ദിനം ശുഭമായതുകൊണ്ടാണ് ഇത്. മുംബൈ, ഡെല്‍ഹി അടക്കം ചില സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ദീപാവലിക്ക് മുഹൂരത് ടേഡിംഗും നടത്താറുണ്ട്. പ്രാചീന കാലം മുതലേ ധനത്തെ ശ്രീലക്ഷ്മിയായിട്ടാണല്ലോ ഭാരതീയര്‍ കാണുന്നത്. അതുകൊണ്ട് ദീപാവലിക്ക്, പുതിയ കച്ചവടം തുടങ്ങല്‍, ധനക്രയവിക്രയം തുടങ്ങല്‍, ധനം വെച്ചുള്ള ഭാഗ്യപരീക്ഷണം എന്നിവ പണ്ടുമുതലേയുള്ള ആചാരങ്ങളും രീതികളുമാണ്. )
അതിലൊന്നാണ്, ചില സ്ഥലങ്ങളില്‍ ധനം കൊണ്ടു കളിക്കുന്ന, ഭാഗ്യപരീക്ഷണമായ ചൂതുകളിയുടെ സ്വഭാവമുള്ള ഝണ്ടാ മുണ്ടാ. ഝണ്ടാ മുണ്ടാ എന്നത് ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും നേപ്പാളിലും മറ്റും ദീപാവലിക്ക് ഒഴിച്ചുകൂടാനാവാത്തതായി മാറിക്കഴിഞ്ഞു. വര്‍ഷങ്ങളായി, പണിതേടിവന്ന അദ്ധ്വാനശീലരായ നേപ്പാളികള്‍ അരുണാചലിന്റെ എല്ലാ സ്ഥലങ്ങളിലും ഉണ്ട്. ദീപാവലിക്ക് ഝണ്ടാ മുണ്ടാ കളിക്കുക എന്നത് ഇവരുടെ ഒഴിച്ചുകൂടാനാവാത്ത ഒരു ആചാരമാണ്. ഇവരിലൂടെ വര്‍ഷങ്ങള്‍ കൊണ്ട് പകര്‍ന്നതാകാം, അരുണാചലിലെ ഓരോ ഗോത്രവര്‍ഗ്ഗക്കാര്‍ക്കും ഇന്ന് ഈ കളി ഒരു ഹരമായിരിക്കുന്നത്. ഇതിനായി ഇവര്‍ക്കൊപ്പം മറ്റു ജനസമൂഹവും കാത്തിരിക്കുന്നു.
ഝണ്ടാ മുണ്ടയില്‍ കുലുക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഭാഗ്യ കട്ടകള്‍.
പല പല സ്ഥലങ്ങളില്‍ ദീപാവലിയോടനുബന്ധിച്ച് നാലഞ്ചു ദിവസം അനിയന്ത്രിതമായി ഇത്തരം കളി നടക്കുന്നതുകൊണ്ടാവാം ജില്ലാ ഭരണകൂടം ഇതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വര്‍ഷങ്ങളായി അതാത് ജില്ല ഭരണകൂടം ചില നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ചില തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ പൊതുവായി നടത്താന്‍ പെര്‍മിറ്റ് നല്‍കിവരുന്നു. കളി നടത്തുവാനായ് ഡൈസ് പെര്‍മിറ്റിനുവേണ്ടി ഓരോ വര്‍ഷവും നിരവധി അപേക്ഷകളാണ് ജില്ല ഭരണകൂടത്തിന് കിട്ടുന്നത്. 48 മണിക്കൂര്‍ നേരത്തേക്ക് ഒരു ബോര്‍ഡ് പെര്‍മിറ്റിനുവേണ്ടി 8000 രൂപയാണ് ഔദ്യോഗികമായി ജില്ല ഭരണകൂടത്തിനു കൊടുക്കേണ്ടത്. നേരത്തെ നിശ്ചയിച്ച മൂന്നോ നാലോ പൊതുസ്ഥലങ്ങളില്‍, മുളയും പ്ലാസ്റ്റിക് ഷീറ്റും തുണിയും കൊണ്ടുള്ള താലക്കാലിക പന്തല്‍ കെട്ടി അവിടെയാണ് ഇത് ഔദ്യോഗികമായി അനുവദിക്കുന്നത്. ഓരോ പന്തലിനടുത്തും 24 മണിക്കൂറും പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കും. ഇതുപോലുള്ള ഡ്യൂട്ടിക്ക് അവര്‍ക്ക് 'ഉത്സാഹം' കൂടുതലാണല്ലോ.
ഝണ്ടാ മുണ്ടാ കളി നടക്കുന്ന ഒരു പന്തലിലെ ദൃശ്യം.
രണ്ട് കട്ടില്‍ ചേര്‍ത്തുവെച്ചോ അല്ലെങ്കില്‍ ഇരട്ട കട്ടിലിലോ ആണ് ഇതിന്റെ ബോര്‍ഡ് വിരിക്കുന്നത്. കട്ടിലിന് ചുറ്റുമായി കസേരകളും ബഞ്ചുകളും നിരത്തിയിരിക്കും. പ്ലാസ്റ്റിക് ഷീറ്റോ റെക്സിനോ കൊണ്ടുള്ള ബോര്‍ഡില്‍ 6 കളങ്ങള്‍ ഉണ്ടാവും. നാലു വശങ്ങളിലായി ക്ലബ്സ്(ക്ലാവര്‍), സ്പേഡ് (ഇസ്പേട്), ഡൈമണ്ട് (ഡൈമണ്‍), ഹാര്‍ട്സ് (ആഡ്‌തന്‍) എന്നിവയും നടുവിലായി ഝണ്ടാ (പതാക)യും മുണ്ടാ (കിരീടം)യുമാണ് ചിഹ്നങ്ങള്‍. പ്ലാസ്റ്റിക് കൊണ്ടുള്ള ചതുരക്കട്ടകളില്‍ അതിന്റെ 6 വശങ്ങളിലും ഈ ചിഹ്നങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ടാകും. അതിനെ ഒരു ബക്കറ്റോളം വലുപ്പമുള്ള കട്ടിതുകല്‍/റബ്ബര്‍ കൊണ്ടുള്ള ഒരു ജാറില്‍ ഇട്ട് മൂടികൊണ്ട് മൂടിയശേഷം നല്ലപോലെ കുലുക്കി കമിഴ്ത്തുന്നു. ഇനി കളിക്കാന്‍ വന്നവര്‍ നോട്ടുകള്‍ അവര്‍ക്കിഷ്ടപ്പെട്ട ബോര്‍ഡിലെ ഓരോ കളങ്ങളിലും വെക്കുന്നു. ഒരേ സമയം ഒരാള്‍ക്ക് ഒന്നില്‍കൂടുതല്‍ കളങ്ങളിലും രൂപ വെക്കാവുന്നതാണ്.വെച്ച പണം കിട്ടണമെങ്കില്‍ ചുരുങ്ങിയത് രണ്ട് കട്ട(ഗുട്ടി)കളുടെ മുകള്‍ ഭാഗത്തുള്ള ചിഹ്നം ഒരേ പോലുള്ളതായിരിക്കണം. ഒരേ ചിഹ്നത്തിലുള്ള രണ്ട് ഗുട്ടികള്‍ വന്നാല്‍ ആ ചിഹ്നമുള്ള കളത്തില്‍ വെച്ചിരിക്കുന്നവര്‍ക്ക് വെച്ച പണവും കൂടാതെ അതിന്റെ രണ്ടിരട്ടിയും കിട്ടും. 3 ഗുട്ടികള്‍ ഒരേപോലെ വന്നാല്‍ മൂന്നിരട്ടി. ഏതെങ്കിലും ഒരു കളത്തിലെ ചിഹ്നത്തിന്റെ ഒരു ഗുട്ടി മാത്രം വരുകയോ അല്ലെങ്കില്‍ വരാതിരിക്കയോ ചെയ്താല്‍ പണം നടത്തിപ്പുകാരന്. രണ്ട് മൂന്ന് ദിവസം തുടര്‍ച്ചയായി കട്ടകള്‍ വലിയ ജാറില്‍ നല്ലപോലെ കുലുക്കി കമിഴ്ത്തുന്നതും ശ്രമകരം തന്നെ. ഇതിന് പ്രത്യേകം ആളെ നിയോഗിക്കും. കുലുക്കി കമിഴ്ത്തുന്നയാള്‍ക്കും ചില അവകാശങ്ങള്‍ ഉണ്ട്. കുലുക്കി കമിഴ്ത്തി 6 കട്ടകളും 6 വിവിധ ചിഹ്നങ്ങളില്‍ വന്നാല്‍ ആര്‍ക്കും തന്നെ പണം തിരികെ കിട്ടുകയില്ലല്ലോ. അപ്പോള്‍ ആ ബോര്‍ഡില്‍ വെച്ചിരിക്കുന്ന പണം മുഴുവനും കുലുക്കുന്ന ആള്‍ക്ക് (അത് കൂലിക്ക് വെച്ച ആളായാലും)ഉള്ളതാണ്. നിര്‍ദ്ദിഷ്ട കുലുക്കു കൂലിക്കും ചിലവിനും പുറമെയാണിത്. ഇനി 6 കട്ടകളും ഒരേ ചിഹ്നത്തില്‍ വന്നെന്നിരിക്കുക (സാധ്യത വിരളം), അപ്പോള്‍ ആ കളത്തില്‍ വെച്ചിരിക്കുന്ന പണത്തിന്റെ 6 മടങ്ങ് പണം വെച്ചിരിക്കുന്ന ആള്‍ക്ക് കിട്ടും.
കളിക്കാര്‍ക്കുള്ള ദാഹശമനി (നാടന്‍ കള്ള്) കുപ്പിയില്‍ പന്തലിനടുത്തുതന്നെ ലഭ്യം. കള്ള് വില്‍ക്കാനിരിക്കുന്ന അമ്മയും മക്കളും.
കളിക്കാന്‍ വരുന്നവര്‍ക്ക്, അവരെ അവിടെതന്നെ കൂടുതല്‍ കളിക്കാന്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി ചായ, ജൂസ്, വെള്ളം, പാന്‍ (മുറുക്കാന്‍) എന്നിവ സൗജന്യമായി നല്‍കുന്നു. ആവശ്യമെങ്കില്‍ നാടന്‍ കള്ളും നല്‍കും. പന്തലുകളോട് ചേര്‍ന്ന് താല്‍ക്കാലിക ചായക്കടകളില്‍ നാടന്‍ കള്ളും സുലഭമായി ലഭിക്കുന്നു.ഈ കളിയില്‍ സ്ത്രീകളും പെണ്‍കുട്ടികളും സജീവമായി പങ്കെടുക്കുന്നതായി കാണുന്നു. ആദിവാസി, നേപ്പാളി സ്ത്രീകളാണ് ഇതില്‍ കൂടുതലും. കളി നടത്തുന്നവരുടെ കൂടെയുള്ള പെണ്‍കുട്ടികള്‍, മറ്റു ബോര്‍ഡുകളിലേക്ക് പോകുന്ന കസ്റ്റമേര്‍സിനെ തങ്ങളുടെ ബോര്‍ഡിലേക്ക് കളിക്കാന്‍ ക്ഷണിച്ചുവരുത്തുന്നു.
ഇതാ.. നിങ്ങള്‍ക്കടിച്ച പണം.
കളിക്കളത്തില്‍ പണം വെക്കുന്നതിന് ചില നടത്തിപ്പുകാര്‍ അവരുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് പരിമിതികളൊക്കെ വെക്കാറുണ്ട്. ഒരാള്‍ ഒരു സമയം ഒരു കളത്തില്‍ വെക്കാവുന്ന പരമാവധി പണം സാധാരണഗതിയില്‍ 2000 മുതല്‍ 5000 വരെ അനുവദിക്കുമ്പോള്‍, ചിലര്‍ അത് 10,000 മുതല്‍ 50,000 വരെ അനുവദിക്കുന്നു. ഇതിനായി നേരത്തെ തന്നെ ആവശ്യമുള്ള പണം കരുതി വെക്കുകയും ചെയ്യുന്നു. രണ്ടു ദിവസത്തെ കളി കഴിയുമ്പോള്‍ ചിലര്‍ക്ക് പതിനായിരങ്ങളും ലക്ഷങ്ങളും കിട്ടുമ്പോള്‍, ചിലര്‍ക്ക് ഉള്ളത് മുഴുവന്‍ പോകുന്ന അവസ്ഥയിലുമാകുന്നു. സാധാരണയായി പുരുഷന്മാരാണ് കൂടുതല്‍ പണം ഇറക്കി കളിക്കുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ ഝണ്ടാ മുണ്ടാ കളിക്ക് ഒരു ആദിവാസി സ്ത്രീ ബാഗുമായി വന്ന് രണ്ടു ദിവസം തുടര്‍ച്ചയായി ഒരോ കളിക്കും 500ഉം 1000വും ഇറക്കി കളിക്കുന്നത് കാണാനായി.ഇവിടെ ഇമ്മിണി വല്യ കളിയാ. ഒരു കളത്തില്‍ ഒരാള്‍ക്ക് വെക്കാവുന്നത് 50 രൂപ മുതല്‍ 50,000 രൂപ വരെ.
കൂടുതല്‍ പണം നേടുക എന്നതിലുപരി ഒരു രസത്തിനും, ഭാഗ്യം പരീക്ഷിക്കാനുമായി കളിക്കുന്നവര്‍ നിരവധിയുണ്ട്. ഇവര്‍ 10-15 തവണ ചെറിയ തുകക്ക് കളിച്ച് പിന്‍വാങ്ങുന്നു. പൊതുസ്ഥലത്ത് പെര്‍മിറ്റ് എടുത്ത് കളിക്കുന്നതിനു പുറമെ, പെര്‍മിറ്റ് എടുക്കാതെ കോളനികള്‍ക്ക് സമീപവും, വീട്ടുപരിസരത്തും ചെറിയ തുകക്ക് കളി നടത്തുന്നവരും ഉണ്ട്. കുട്ടികളെയും സ്ത്രീകളെയും ഉദ്ദേശിച്ചാണ് ഇത്. ഈ കളി നിരോധിക്കണമെന്ന് ഒരു സംഘടന ആവശ്യപ്പെട്ടുവെങ്കിലും, (മദ്യനിരോധനം, ലോട്ടറി നിരോധനം എന്നിവ നടപ്പിലാക്കുമ്പോള്‍ സര്‍ക്കാരിനുണ്ടാകുന്ന വരുമാന നഷ്ടവും ഉപഭോക്താവിന്റെ താല്‍പ്പര്യവും വിലയിരുത്തുന്നതുപോലെ) നിരോധനത്തിനുള്ള സാധ്യത കുറവാണ്. കളിപന്തലിനടുത്ത നീല ബോര്‍ഡ് ശ്രദ്ധിക്കൂ "Accident do not happen, they are caused". ഡ്രൈവര്‍മാരുടെ ശ്രദ്ധക്കായി ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ സ്ഥാപിച്ച ഈ ബോര്‍ഡില്‍ പറഞ്ഞിരിക്കുന്നതും ഇവിടെ നടക്കുന്നതും ഏകദേശം ഒരു പോലെയല്ലേ. അപകടം സംഭവിക്കുന്നില്ല, അത് വരുത്തുകയാണ്. എത്ര വാസ്തവം.
കളി നടത്തുന്നവര്‍ മിക്കവരും നല്ല ലാഭമുണ്ടാക്കുമ്പോള്‍ അതുപോലെ നഷ്ടം സംഭവിക്കുന്ന കളിനടത്തിപ്പുകാരും കളിക്കാരും ഉണ്ട്. പക്ഷേ, അവര്‍ വീണ്ടും പണം സ്വരുക്കൂട്ടി അടുത്തവര്‍ഷത്തെ ദീപാവലിക്കായി കാത്തിരിക്കുന്നു, പോയത് തിരിച്ചുപിടിക്കാന്‍. ഭാഗ്യദേവത കനിയുമെന്ന വിശ്വാസത്തില്‍.
***
കൂടുതല്‍ ഝണ്ടാ മുണ്ടാ ചിത്രങ്ങള്‍: ഇവിടെ ഞെക്കിയാല്‍ കാണാം.
19 comments:
ഝണ്ടാ മുണ്ടാ - ഈ പേര് അത്ര കേട്ട് പരിചയമില്ല അല്ലേ. ഇത് ഒരു കളിയാണ്, പണം വെച്ചുള്ള കളി. നമ്മുടെ നാട്ടിലെ 'ആനമയില്‍ഒട്ടകം' പോലത്തെ ഒരുതരം കുലുക്കിക്കുത്ത് കളി. പക്ഷേ ഝണ്ടാ മുണ്ടക്ക് ചില പ്രത്യേകതകളൊക്കെ ഉണ്ട്.
(സചിത്രലേഖനം)
വിജ്ഞാനപ്രദം.
പോലീസു വന്നാല്‍ ഓടേണ്ടിവന്നേക്കുമോ..?
എന്റെ ക്രിഷേ.. ഒക്കെ മറന്ന്, ഇനി അടുത്ത ദീപാവലി വന്നിട്ട് വേണം പോയ കാശ് തിരികെപിടിക്കാന്‍ എന്ന് കരുതി ഇരിക്കുമ്പോഴാ അസമയത്ത് വീണ്ടും എല്ലാം ഓര്‍മ്മിപ്പിക്കുവാന്‍ ഒരു പോസ്റ്റ്..
ഹൊ എന്തിരോ പറയണൂ.. സര്‍ക്കാര്‍ അതിന്റെ തലേന്നല്ലെ ഡി.ഏ. അനുവദിച്ചത്..
എന്റെ കാശ് കൊണ്ടുപോയവന്മാര്‍ക്കൊന്നും...
3000 അല്ലിയോ പോയത്.. ആ പോട്ടെ.. ഇനിയും വരുമല്ലൊ ദീപാവലി.. അന്നു പിടിച്ചോളാം..
ചിത്രകാരാ പോലീസാ ഇതിനു കാവല്‍..
ലൈസന്‍സ് എടുത്തല്ലെ ഇതിന്റെ കളി..
കൃഷ് ചേട്ടാ...
ലേഖനം വളരെ വിശദമായി, ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
“ഝണ്ടാ മുണ്ടാ” കളി പരിചയപ്പെടുത്തിയതിനു നന്ദി.
:)
വളരെ നല്ല ലേഖനം. ഫോട്ടോകള്‍ക്കൊപ്പമായപ്പോള്‍ കേമം. informative. keep it up!
ഝണ്ടാ മുണ്ടാ എന്ന് ഒരു ചൊല്ലുപോലെ കേട്ട ഓര്‍മ്മയുണ്ട്. അതിതാണെന്ന് ഇപ്പോഴാണു മനസ്സിലായത്. വളരെ ഇന്‍ഫൊര്‍മേറ്റീവ് ആയി.
chanda munda.kalakki.
print eduthu..
ithum nammude kulukkikuthu thalle alle ...
Informative writeup..
Keep it up...
വളരെ രസകരമായ അവതരണം
ചാത്തനേറ്: കാര്യമൊക്കെ ശരി ഒരു സ്വകാര്യം പറഞ്ഞേ കാശെത്ര പോയി?
കൃഷ് ജി...നല്ല വിജ്ഞാനപ്രദമായ ലേഖനം...
:)
വെയ് രാജ വെയ്.. ഒന്നു വച്ചാല്‍ രണ്ടു, രണ്ടു വച്ചാല്‍ നാല്..
നല്ല ലേഖനം.
നല്ല ശ്രമമാണു് കൃഷേ. വിജ്ഞാനപ്രദം.:)
വിവരണം നന്നായി കൃഷ്.
അതു ശരി! നാട്ടുകാരെ ഓണ്‍ലൈനായി കുലുക്കിക്കുത്തു പഠിപ്പിയ്ക്കുകയാ അല്ലേ? :)
ഓര്‍ക്കൂട്ട് പ്രൊഫൈലിലെ ഹോബികളില്‍ ഇനി ഇതു കൂടെ എഴുതിവച്ചേക്കാം ഝണ്ടാ മുണ്ടാ കളി..
:)
ഇതൊരു പുതിയ അറിവുതന്നെ, വളരെ നന്ദി..
ചിത്രകാരന്‍: നന്ദി. പെര്‍മിറ്റ് എടുത്താണല്ലോ കളി നടത്തുന്നത്. പോലീസിനെ കണ്ട് ഓടേണ്ടതില്ല. അവര്‍ സുരക്ഷക്കാണ്. പിന്നെ, പോലീസിനെ ഒളിച്ച് നടക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഓടേണ്ടിവരും.
ശിശു: നന്ദി. സാരമില്ല. ഇനിയും വരുമല്ലോ, അപ്പോ നോക്കാം. (കളിക്കാന്‍ വേണ്ടിയല്ലേ ഡി.എ. ബാക്കി തലേന്ന് തന്നെ തന്നത്).
ശ്രീ: നന്ദി.
സുമേഷ് ചന്ദ്രന്‍: നന്ദി.
മുരളിമേനോന്‍: നന്ദി. നമ്മുടെ നാട്ടിലെ ആനമയിലൊട്ടകം കളിപോലെ. ഒന്ന്! വെച്ചാല്‍ രണ്ട്, രണ്ട് വെച്ചാല്‍ നാല്.
ജി.മനു: നന്ദി. എന്താ അവിടെ കളി തുടങ്ങാന്‍ പരിപാടി വല്ലതുമുണ്ടോ.
അനാഗതശ്മശ്രു: നന്ദി. (ഈ പേരെഴുതുമ്പോള്‍ മിക്കവാറും തെറ്റിപ്പോകുന്നു)
നിഷേധി: നന്ദി (നിഷേധാത്മകമല്ലാത്തത്)
കുട്ടിച്ചാത്തന്‍: നന്ദി ചാത്താ. (ചുപ്പ് രഹോ.
കുറച്ച് പോയെങ്കിലും പിന്നീട് തിരിച്ചുപിടിച്ചു, നഷ്ടമില്ലാതെ )
സഹയാത്രികന്‍: നന്ദി.
വാല്‍മീകി: നന്ദി. അതുതന്നെ. (കളിച്ചുനല്ല പരിചയമുണ്ടല്ലേ. നാട്ടില്‍ ഇതായിരുന്നോ പണ്ട് പരിപാടി? ഹ..ഹാ.)
വേണു: നന്ദി.
നിഷ്ക്കളങ്കന്‍: നന്ദി. അയ്യോ, ഓണ്‍ലൈന്‍ കളി പഠിപ്പിക്കാന്‍ ഉദ്ദേശമില്ല. (നിഷ്ക്കളങ്കമായി ഒരു പോസ്റ്റിട്ടതാണേ)
എ.ആര്‍. നജീം: നന്ദി. ഓര്‍ക്കുട്ടില്‍ പ്രൊഫൈലിലും ചേര്‍ത്തോളൂ.
ഝണ്ടാ മുണ്ടാ കളി കാണാന്‍ വന്ന എല്ലാവര്‍ക്കും നന്ദി.
കൃഷ് ഭായ്,
നല്ലവിവരണം. ഝണ്ടാ മുണ്ടാ” കളിയെ പറ്റിയുള്ള പുതിയ വിവരണത്തിന് നന്ദി.
കൃഷ് ...
അടിപൊളിയായിരിക്കുന്നു ഈ തണ്ടാമുണ്ടാ,...കളികള്‍
വെയ്യ് രാജ വെയ്യ്...ഇവര്‍ ഇത് കണ്ടാല്‍ നാട്ടിലും തുടങ്ങികോളും....
നന്‍മകള്‍ നേരുന്നു
ഹരിശ്രീ: നന്ദി.
മഴത്തുള്ളികിലുക്കം: നന്ദി.ഉത്സവപറമ്പുകളില്‍ ഇത് ചെറിയ തോതില്‍ പണ്ട് കണ്ടിട്ടുണ്ട്.
Post a Comment