Tuesday, July 29, 2008

ഗാന്ധിപ്പുക്കും പട്ടുനൂല്‍പ്പുഴുവും.

ഗാന്ധിപ്പുക്കും പട്ടുനൂല്‍പ്പുഴുവും.

ഗാന്ധിപുക്ക്‌ എന്ന് കേട്ട്‌ തെറ്റിദ്ധരിക്കല്ലേ. ഇതിനു നാം അറിയപ്പെടുന്ന ഗാന്ധിമാരുമായി ഒരു ബന്ധവുമില്ലെന്നുവേണം കരുതാന്‍. ഗാന്ധിപുക്ക്‌ എന്നാല്‍ ഒരു തരം കീടത്തിന്റെ പേരാണ്‌. പുക്ക്‌ എന്നാല്‍ കീടം, 'ഗാന്ധി കീടം' എന്ന് ചുരുക്കത്തില്‍. ഈ കീടങ്ങള്‍ അരുണാചലിലെ നിശി ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയിലെ ഒരു വിശിഷ്ട്യഭോജ്യവസ്തുവാണ്‌. ഇവരുടെ ഇടയില്‍ ഈ പേരിലാണ്‌ ഈ കീടം അറിയപ്പെടുന്നത്‌. ഇതിന്‌ എങ്ങനെ ഈ പേര്‍ കിട്ടിയെന്ന് പലരോടും ചോദിച്ചെങ്കിലും അവര്‍ക്കൊന്നും തൃപ്തികരമായ മറുപടി തരാനായില്ല. എല്ലാവരും അങ്ങനെ വിളിക്കുന്നു.കാണാന്‍ ഏകദേശം കോക്രോച്ചിനെപ്പോലെയുള്ള ഈ 'ഗാന്ധിപുക്ക്‌ ' നദികളില്‍ കല്ലുകള്‍ക്കടിയിലും പാറക്കെട്ടുകള്‍ക്കിടയിലുമാണ്‌ കാണുന്നത്‌. തണുപ്പുകാലങ്ങളിലാണ്‌ ഇത്‌ കൂടുതലായി കിട്ടുന്നത്‌. തണുപ്പ്‌ കാലങ്ങളില്‍ നദികളില്‍ വെള്ളം കുറവായിരിക്കുമ്പോള്‍ നദികളിലിറങ്ങി ഇത്‌ നിറയെ ശേഖരിക്കുന്നവരുണ്ട്‌.


ഇങ്ങനെ ശേഖരിച്ച്‌ പച്ചക്കറി മാര്‍കറ്റിലും വഴിയോരത്തും വില്‍ക്കാന്‍ വെച്ചിരിക്കുന്നതാണ്‌ ചിത്രത്തില്‍. രണ്ടുമൂന്നു മണിക്കൂര്‍ വെയിലത്തുവെച്ചതുകാരണമാകാം എല്ലാം മയങ്ങികിടക്കുകയാണ്‌. മൂക്കില്‍ തുളച്ചുകയറുന്ന ഒരു വല്ലാത്ത ഗന്ധമാണ്‌ ഇതിന്‌. പച്ചക്ക്‌ തിന്നാല്‍ ഒരു തരം എരിവ്‌ അനുഭവപ്പെടുമത്രേ. പച്ചമുളക്‌ ചേര്‍ത്ത്‌ വതക്കി എടുക്കുന്ന ഇത്‌ നിശി വര്‍ഗ്ഗക്കാര്‍ക്ക്‌ വളരെ പ്രിയമുള്ള ഒരു വിഭവമാണ്‌.

മഴക്കാലത്താണെങ്കില്‍ പുല്ലുവളര്‍ന്നു നില്‍ക്കുന്ന ഇടങ്ങളില്‍ നിന്നും പുല്‍ച്ചാടികള്‍ പോലത്തെ ബ്രൗണ്‍ നിറത്തിലുള്ള ഒരു കീടത്തെ ശേഖരിക്കുന്നത്‌ കാണാം. അതും ഭോജ്യത്തിനുള്ളതുതന്നെ.ഇത്‌ മാംസക്കഷണങ്ങള്‍ വടിയില്‍ കോര്‍ത്ത്‌ പുകയില്‍ പുകച്ചത്‌ വില്‍ക്കാന്‍ വെച്ചിരിക്കുന്നത്‌. പുകയില്‍ പുകച്ചിരിക്കുന്നതുകാരണം കൂടുതല്‍ ദിവസം കേടുകൂടാതെ ഇരിക്കും. യാത്രപോകുമ്പോള്‍ ഗോത്രവര്‍ഗ്ഗക്കാരുടെ ചൂരല്‍ സഞ്ചിയില്‍ ഇതുപോലുള്ളവ കരുതിയിരിക്കും. എപ്പോള്‍ വേണമെങ്കിലും എടുത്ത്‌ ഉപയോഗിക്കാം.


പട്ടുനൂല്‍പ്പുഴുക്കളെ നാം സാധാരണ വളര്‍ത്തുന്നത്‌ അതില്‍നിന്നും പട്ടുനൂല്‍ ഉല്‍പ്പാദിപ്പിച്ച്‌ സില്‍ക്ക്‌ തുണികള്‍ നിര്‍മ്മിക്കാനാണ്‌. എന്നാല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ചില വര്‍ഗ്ഗക്കാര്‍ പട്ടുനൂല്‍പ്പുഴുക്കളെ ഉല്‍പ്പാദിപ്പിക്കുന്നത്‌ നൂലിനുമാത്രമല്ല, ആഹാരത്തിനുംകൂടിയാണ്‌. അതുകൊണ്ടുതന്നെ, പച്ചക്കറികള്‍ വില്‍ക്കുന്ന ഗോത്രവര്‍ഗ്ഗ സ്ത്രീകള്‍ പട്ടുനൂല്‍പ്പുഴുക്കളും വില്‍ക്കാന്‍ വെച്ചിരിക്കുന്നത്‌ കാണാം. പട്ടുനൂല്‍പ്പുഴു പൂപ്പയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നതായി ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. ഇതിനെ ചൂടുവെള്ളത്തില്‍ പുഴുങ്ങി ഇഷ്ടമ്പോലെ പാകം ചെയ്തു കഴിക്കാം.


ജീവനോടെയുള്ള പുഴുക്കള്‍ പച്ചക്കറികള്‍ക്കടുത്ത്‌ വെച്ചിരിക്കുന്നതു കൊണ്ട്‌ ചുമ്മാ വില എത്രയെന്ന് ചോദിച്ചപ്പോള്‍, കിലോക്ക്‌ നൂറു രൂപ മാത്രമെയുള്ളൂവെന്നും, എത്ര വെണമെന്നും ചോദിച്ച്‌ ത്രാസ്സില്‍ നിറച്ചുതുടങ്ങി. പ്രോട്ടീന്‍ സേവ പിന്നൊരിക്കലാവാം എന്നു പറഞ്ഞ്‌ തല്‍ക്കാലം ഒഴിവായി.

Visitors || സന്ദര്‍ശനത്തിനു നന്ദി.

(C) കൃഷ് | krish

This blog is protected by copyright. If you need the images from this blog, please contact me.