Sunday, November 15, 2009

ദലായ് ലാമ - അരുണാചല്‍ സന്ദര്‍ശനം.

ദലായ് ലാമ - അരുണാചല്‍ സന്ദര്‍ശനം.

ടിബറ്റന്‍ ബുദ്ധമതവിശ്വാസികളുടെ പരമോന്നത ആത്മീയഗുരുവും സമാധാനത്തിനുള്ള നോബല്‍ സമ്മാനജേതാവുമായ പതിനാലാമത് ദലായ് ലാമ (ടെന്‍സിംഗ് ഗ്യാത്സോ)യുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തെ കുറിച്ച് ചൈന ഉയര്‍ത്തിയ അനാവശ്യ വിരോധങ്ങള്‍/വിവാദങ്ങള്‍ക്കിടയിലും ഈ പ്രദേശങ്ങളിലെ ബുദ്ധമതവിശ്വാസികള്‍ ഏറെ നാളായി കാത്തിരുന്ന അവര്‍ “ജീവിക്കുന്ന ദൈവ”മായി മനസ്സില്‍ ഉറച്ച് വിശ്വസിക്കുന്ന ദലായ് ലാമയുടെ 8 ദിവസത്തെ സന്ദര്‍ശനം വളരെ വിജയകരമായി പൂര്‍ത്തിയാക്കി. കഴിഞ്ഞ വര്‍ഷം മാറ്റിവെച്ച സന്ദര്‍ശനമാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയത്. പൂര്‍ണ്ണമായും മതപരവും ആത്മീയകാര്യങ്ങള്‍ക്കായിരുന്നു ഈ സന്ദര്‍ശനം.

ബുദ്ധമതവിശ്വാസികള്‍ കൂടുതല്‍ പാര്‍ക്കുന്ന തവാങ്ങിലും ദിരാങ്ങിലും ബോംഡിലയിലും കളക്ത്താങ്ങിലുമായി 6 ദിവസത്തെ സന്ദര്‍ശനശേഷമാണ് തലസ്ഥാനമായ ഇറ്റാനഗറില്‍ 14‌‌ാം തിയ്യതി രാവിലെ എത്തിച്ചേര്‍ന്നത്. ചൈന ഉയര്‍ത്തിയ വിരോധവും വിവാദങ്ങളും കൂടി കണക്കിലെടുത്ത് കനത്ത സെക്യൂരിറ്റിയാണ് സന്ദര്‍ശനസ്ഥലങ്ങളിലെല്ലാം ഏര്‍പ്പെടുത്തിയത്. ‘ജീവിച്ചിരിക്കുന്ന ദൈവ’മായി കരുതുന്ന തങ്ങളുടെ പരമോന്നത ആത്മീയഗുരുവിനെ ഒരു നോക്കുകാണുവാനും ആശീര്‍വാദം നേടാനും പ്രഭാഷണം ശ്രവിക്കാനുമായി അരുണാചല്‍ പ്രദേശിന്റെ വിവിധഭാഗങ്ങളില്‍ നിന്നും സിക്കീമില്‍ നിന്നും അയല്‍‌രാജ്യമായ ഭൂട്ടാന്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നും നിരവധി ബുദ്ധമത വിശ്വാസികള്‍ തവാങ്ങ്, ബോംഡില, ഇറ്റാനഗര്‍ എന്നിവിടങ്ങളില്‍ എത്തിയിരുന്നു.


ഇന്നലെ ഇറ്റാനഗറിലെ സിദ്ധാര്‍ത്ഥ് വിഹാര്‍ തുപ്തെന്‍ ഗത്സാലിങ്ങ് ഗൊമ്പയിലായിരുന്നു ദലായ് ലാമയുടെ മുഖ്യപരിപാടി. ടിബറ്റന്‍ ഭാഷയിലെ പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ ആലേഖനം ചെയ്ത വിവിധവര്‍ണ്ണത്തിലുള്ള കൊടിതോരണങ്ങള്‍ കൊണ്ട് അലങ്കരിച്ച സിദ്ധാര്‍ത്ഥവിഹാര്‍ ബൌദ്ധക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയശേഷം അവിടെ കാത്തിരുന്ന ബുദ്ധസന്യാസിമാരേയും വിശ്വാസികളേയും മറ്റ് പൊതുജനങ്ങളെയും ബഹു: ദലായ് ലാമ ആശീര്‍വദിക്കുകയും അഭിസംബോധന ചെയ്യുകയും ചെയ്തു.
...

8 ദിവസത്തെ സന്ദര്‍ശനവേളയില്‍ തവാങ്ങ്, ദിരാങ്ങ്, ബോംഡില, കളക്താങ്, ഇറ്റാനഗര്‍ എന്നിവിടങ്ങളിലായി ഏകദേശം 40000 വിശ്വാസികളേയും പൊതുജനങ്ങളെയും ദലായ് ലാമ അഭിസംബോധന ചെയ്ത് പ്രഭാഷണം നടത്തിയിരുന്നു. തവാങ്ങില്‍ ദലായ് ലാമ സംഭാവന നല്‍കിയ 20 ലക്ഷം രൂപ കൂടി ചേര്‍ത്ത് പണികഴിപ്പിച്ച ആശുപത്രി ബ്ലോക്കിന്റെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചിരുന്നു.

ബോംഡിലയില്‍ ബുദ്ധ സ്റ്റേഡിയത്തില്‍ നടത്തിയ പ്രഭാഷണത്തില്‍, സമാധാനത്തിന്റെയും അഹിംസയുടേയും മതസൌഹാര്‍ദ്ദത്തിന്റെയും സഹനത്തിന്റെയും സന്ദേശവാഹകരുടെ നാടായാണ്‍് ഭാരതത്തെ ബഹു: ദലായ് ലാമ വിശേഷിപ്പിച്ചത്. വിവിധമതങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഭാരതത്തിന് ലോകസമാധാനത്തിനും അഹിംസക്കുമായി മുന്നില്‍ നിന്ന് നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
14‌ാം തിയ്യതി രാവിലെ ഇറ്റാനഗറിലേക്ക് തിരിക്കും മുമ്പ് ബോംഡിലയില്‍ വെച്ച് ശിശുദിനവേളയില്‍ സ്കൂള്‍ കുട്ടികളേയും അദ്ധ്യാപകരെയും അഭിസംബോധന ചെയ്ത് സംസാരിച്ചു. നല്ല ഭാവി വാര്‍ത്തെടുക്കുവാനും ശത്രുതയും വൈരാഗ്യവും കൈവെടിഞ്ഞ്, സ്നേഹവും ദയയും അഹിംസയും മനസ്സില്‍ കൊണ്ട് നടക്കാനും ഓര്‍മ്മിപ്പിച്ചു.
...
ഇറ്റാനഗറില്‍ ബുദ്ധസന്യാസിമാരെയും വിശ്വാസികളെയും അഭിസംബോധന ചെയ്ത അദ്ദേഹം, ലോകത്തിന്റെ പലയിടങ്ങളിലും അസന്തുലിതമായ വികാസമാണ് നടക്കുന്നതെന്നും അതിനാല്‍ തന്നെ യാതനകളും കഷ്ടപ്പാടുകളും അനുഭവിക്കുന്നവര്‍ കൂടിവരികയാണെന്നും പറഞ്ഞു. ലോകത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ദൂരീകരിക്കുന്നതിനായി ഭൌതികവികാസവും ആത്മീയവികാസവും ലഭിക്കേണ്ടതാണെന്നും പറഞ്ഞു. ഭാരതവും ടിബറ്റുമായി നൂറ്റാണ്ടുകളായ ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. വിവിധ മതങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യതാസങ്ങള്‍ മാറ്റിവെച്ച് പരസ്പര വിശ്വാസവും സ്നേഹവും മതസൌഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കണമെന്നും ദലായ് ലാമ ഉദ്ബോദിപ്പിച്ചു. എന്റെ ലക്ഷ്യം, ആത്മവിശ്വാസവും കരുത്തുള്ളതുമായ എന്നാല്‍ ദയയും അനുകമ്പയും നിറഞ്ഞ ഹൃദായാലുക്കളുള്ള ഒരു മാനവസമൂഹം പടുത്തുയര്‍ക്കുക എന്നുള്ളതാണെന്ന്, ബഹു; ദലായ് ലാമ ,മതസൌഹാര്‍ദ്ദവും അനുകമ്പയുമുള്ള ഒരു സമൂഹത്തിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നി പറഞ്ഞു. “ഓം മനെ പമേ ഹും” (ഓം മണി പദ്മേ ഹം) എന്ന മന്ത്രം 21 തവണ സദസ്സിനൊപ്പം ഉരുവിട്ടുകൊണ്ടാണ് ദലായ് ലാമ പ്രഭാഷണം തുടങ്ങിയത്.



പിന്നീട് സ്റ്റേറ്റ് ബാങ്ക്വെറ്റ് ഹാളില്‍ നിയമസഭാസാമജികരും ഉന്നത ഉദ്യോഗസ്ഥരും വിശിഷ്ടവ്യക്തികളുമായുള്ള കൂടിക്കാഴ്ചയിലും ദലായ് ലാമ പ്രഭാഷണം നടത്തി. ‘ഭാരതം എന്റ്റെ ഗുരുവാണ്‍`, ആ ഭാരതത്തിന്റെ സന്ദേശവാഹകനാണ് ഞാന്‍. പുരാതനഭാരതം എന്താണോ പ്രചരിപ്പിച്ചിരുന്നത് അതാണ് ഞാന്‍ പ്രചരിപ്പിക്കുന്നത്. പരസ്പര ശത്രുത കൈവെടിഞ്ഞ് സമാധാനം ലോകമെങ്ങും പ്രചരിക്കട്ടെ’, അദ്ദേഹം പറഞ്ഞു. ഭൌതികവികാസം വേണ്ടതാണെന്നും എന്നാല്‍ ഭൌതികവികാസം ആത്മീയവികാസത്തെ മറികടന്നാല്‍ പിന്നെ വികാസത്തിന് അര്‍ത്ഥമില്ലാതാവുമെന്നും, പല പശ്ചിമരാജ്യങ്ങളിലേയും ഇന്നത്തെ സ്ഥിതി ഓര്‍മ്മിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഭൌതികവികാസത്തിന്റെ കാര്യത്തില്‍ ജാപ്പാന്‍ വളരെ മുന്നിലാണെന്നും അതേസമയം അത്മീയവികാസത്തില്‍ അവിടെയുള്ള ജനങ്ങള്‍ പുറകോട്ട് പോവുകയാണെന്നും, ഇത് അവിടെ ആത്മഹത്യാ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കാരണമായിട്ടുണ്ടെന്നും അദ്ദേഹം എടുത്ത് പറഞ്ഞു.

മഹായണ വിഭാഗത്തിലെ സിദ്ധാര്‍ത്ഥ് വിഹാര്‍ ഗൊമ്പ സന്ദര്‍ശനത്തിനു ശേഷം ദലായ് ലാമ ഇവിടെ അടുത്തുള്ള ഹിനായണ വിഭാഗത്തിലെ ബൌദ്ധക്ഷേത്രമായ തെരവേഡ ബുദ്ധക്ഷേത്രത്തിലും സന്ദര്‍ശനം നടത്തി.

...
ബഹു: ദലായ് ലാമയുടെ ഇറ്റാനഗര്‍ സിദ്ധാര്‍ത്ഥ് വിഹാര്‍ ഗൊമ്പയിലെ സന്ദര്‍ശനത്തെക്കുറിച്ച് ഒരു സചിത്ര ഫീച്ചര്‍ താഴെ:

ദലായ് ലാമയെ മുഖ്യമന്ത്രിയും ബൌദ്ധസന്യാസിമാരും ചേര്‍ന്ന് സീകരിക്കുന്നു.

സിദ്ധാര്‍ത്ഥ് വിഹാര്‍ (തുപ്തെന്‍ ഗത്സാലിങ്ങ് ഗൊമ്പ) ബൌദ്ധക്ഷേത്രത്തിലേക്ക് ദലായ് ലാമയെ ആനയിക്കുന്നു.

മുഖ്യമന്ത്രി ദലായ് ലാമയുടെ കൈപിടിച്ച് ബൌദ്ധമന്ദിറിന്റെ മുന്നില്‍ ഒരുക്കിയിരിക്കുന്ന ദര്‍ശന/പ്രഭാഷണ വേദിയിലേക്ക് ആനയിക്കുന്നു.

വിശ്വാസികളെ ആശീര്‍വദിച്ചുകൊണ്ട്...

വേദിയില്‍ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ഉയര്‍ന്ന പീഠത്തില്‍ ഇരുന്ന് വിശ്വാസികളേയും മറ്റ് സദസ്സ്യരേയും ആശീര്‍വദിക്കുകയും അഭിസംബോധനയും ചെയ്യുന്ന ദലായ് ലാമ.



തങ്ങളുടെ പരമോന്നത ആത്മീയഗുരുവിന്റെ പ്രഭാഷണം ശ്രവിക്കുന്ന ബൌദ്ധസന്യാസിമാരും വിശ്വാസികളും. ബുദ്ധമതവിശ്വാസികളല്ലാത്തവരും നിറയെ പങ്കെടുത്തിരുന്നു.

വേദിയില്‍ ഒരു ഭാഗത്ത് ഇരിക്കുന്ന മുഖ്യമന്ത്രിയും മറ്റ് വിശിഷ്ടവ്യക്തികളും.

തന്റെ സ്വതസിദ്ധമായ പുഞ്ചിരിയില്‍ പരസ്പര സ്നേഹത്തെക്കുറിച്ചും അഹിംസയെക്കുറിച്ചും സംസാരിക്കുന്നു.

ലോകസമാധാനത്തെക്കുറിച്ചും മതസൌഹാര്‍ദ്ദം ഊട്ടിയുറപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ചും സംസാരിക്കുന്നു.


ബുദ്ധവിഹാര്‍ അങ്കണത്തില്‍ 1983-ല്‍ ദലായ് ലാമയുടെ സന്ദര്‍ശനവേളയില്‍ നട്ട് പിടിപ്പിച്ച് വൃക്ഷച്ചുവട്ടിലെ മുനിയുടെ പ്രതിമ.

ദലായ് ലാമയെ ഒരു നോക്ക് കാണാനും ആശീര്‍വാദം നേടാനുമായി വളരെ ദൂരെ നിന്നും എത്തിയിരിക്കുന്ന ഒരു വയോവൃദ്ധസന്യാസി.
(ഭാരത-ചൈന അതിര്‍ത്തി ‘മക്‍മോഹന്‍ ലൈന്‍’ നടുത്തുള്ള ഒരു ഒറ്റപ്പെട്ട ഗ്രാമത്തില്‍ നിന്നും കിലോമീറ്ററോളം കാല്‍നടയായും പിന്നീട് വാഹനങ്ങളിലും യാത്ര ചെയ്താണ് ഇവിടെ എത്തിപ്പെട്ടിരിക്കുന്നത്. പണ്ട് രാജീവ് ഗാന്ധിയുടെ സന്ദര്‍ശനവേളയില്‍ ഇദ്ദേഹത്തെ അഭിനന്ദിച്ചിണ്ടത്രേ)

പ്രാര്‍ത്ഥനാ വിഗ്രഹങ്ങളും കൈയ്യിലേന്തി...
(കേന്ദ്രസാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാവും സീനിയര്‍ ഐ.എ.എസ്സ്. ഉദ്യോഗസ്ഥനുമാണ് ഇദ്ദേഹം)

ബൌദ്ധപ്രതിമയുമായ്..

സിദ്ധാര്‍ത്ഥ് വിഹാര്‍ ഗൊമ്പയില്‍ നിന്നു ദലായ് ലാമയെ യാത്രയയക്കുന്നു.

തങ്ങളുടെ ആത്മീയഗുരു ദലായ് ലാമ വേദിയില്‍ നിന്നും പോയശേഷം, അദ്ദേഹം വേദിയിലിരുന്ന ഇരിപ്പിടത്തില്‍ ഒന്നു സ്പര്‍ശിക്കാനും അതിലൂടെ സായൂജ്യം നേടാനുമായി വിശ്വാസികളുടെ തിരക്ക്.
ഇനി എപ്പോഴാണ് ഇങ്ങനെ ഒരു അവസരം ലഭിക്കുമെന്ന് പറയാനാവില്ലല്ലോ.

Wednesday, October 28, 2009

മൂന്ന് പെണ്‍‌കുട്ടികള്‍.

മൂന്ന് പെണ്‍‌കുട്ടികള്‍.



(അരുണാചലിലെ നിശി വര്‍ഗ്ഗ പെണ്‍‌കുട്ടികള്‍)

Tuesday, August 25, 2009

സ്വാതന്ത്ര്യദിനാഘോഷചിത്രങ്ങള്‍.

സ്വാതന്ത്ര്യദിനാഘോഷചിത്രങ്ങള്‍.

ഇക്കഴിഞ്ഞ സ്വാത്രന്ത്ര്യദിനാഘോഷത്തില്‍ നിന്നും ചില ദൃശ്യങ്ങള്‍.


മുഖ്യമന്ത്രി പതാക ഉയര്‍ത്തി അഭിവാദ്യം ചെയ്യുന്നു.


മാര്‍ച്ച് പാസ്റ്റ് നയിക്കുന്നു.


മാര്‍ച്ച് പാസ്റ്റ്.


സ്കൂള്‍ കുട്ടികളുടെ മാര്‍ച്ച് പാസ്റ്റ്.


പെണ്‍കുട്ടികളുടെ മാര്‍ച്ച്പാസ്റ്റ്.



അരുണാചലിലെ ആദിവര്‍ഗ്ഗ സ്ത്രീകള്‍ (അദി) അവരുടെ പരമ്പരാഗത നൃത്തം അവതരിപ്പിക്കുന്നു.

അപ്പാത്തനി നൃത്തം.


ഗലോ സ്ത്രീകള്‍ പരമ്പരാഗത നൃത്തം അവതരിപ്പിക്കുന്നു.

സ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച ദേശഭക്തി നൃത്തത്തില്‍ നിന്നും.


ദേശഭക്തി നൃത്തനാടകത്തില്‍ നിന്നും ഒരു രംഗം.


ദേശഭക്തി നൃത്തനാടകം.

Wednesday, July 22, 2009

സൂര്യഗ്രഹണദൃശ്യങ്ങള്‍.

സൂര്യഗ്രഹണദൃശ്യങ്ങള്‍.

ഈ നൂറ്റാണ്ടിലെ ഏറ്റവും കൂടുതല്‍ സമയം നീണ്ടുനില്‍ക്കുന്ന സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ജൂലായ് 22ന് രാവിലെ ദൃശ്യമാകും എന്നറിഞ്ഞതോടെ കൌതുകമായിരുന്നു. ഇന്ത്യയില്‍ ഗുജറാത്തിലെ സൂറത്തില്‍ നിന്നും തുടങ്ങി ഇന്ധോര്‍, ഭോപ്പാല്‍, വാരണാസി, പാറ്റ്ന, ഡാര്‍ജിലിംഗ്, സിലിഗുറി, ഡിബ്രുഗാഡ്, ഗാംഗ്ടോക്ക്, അരുണാചല്‍ പ്രദേശിലെ ഇറ്റാനഗര്‍ വരെയുള്ള ഗ്രഹണസഞ്ചാരപാതയില്‍ സൂര്യഗ്രഹണം പൂര്‍ണ്ണമായി കാണാന്‍ കഴിയുമെന്നുള്ളതും, ഇനി ഇതുപോലെ നീണ്ടുനില്‍ക്കുന്ന പൂര്‍ണ്ണസൂര്യഗ്രഹണം ദര്‍ശിക്കണമെങ്കില്‍ 123 വര്‍ഷങ്ങള്‍ക്ക് ശേഷമേ സാധ്യമാവൂ എന്നുള്ളതും ഇത് ദര്‍ശിക്കണമെന്നുള്ള ആഗ്രഹം വര്‍ദ്ധിപ്പിച്ചു. അതിലേറെ ഈ ഗ്രഹണത്തിന്റെ ചിത്രം പകര്‍ത്തണമെന്നുള്ളതും. കാരണം ഇതിനുമുന്‍പുള്ള സൂര്യഗ്രഹണം ദര്‍ശിച്ചിട്ടുണ്ടെങ്കിലും അത് ഒരിക്കലും ക്യാമറയില് പകര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. അന്നൊന്നും ഡിജിറ്റല്‍ ക്യാമറ കൈയ്യിലില്ലായിരുന്നു. ഇപ്പോഴുള്ള ക്യാമറ വെച്ചും ഗ്രഹണദൃശ്യം നേരെപോലെ പകര്‍ത്താന്‍ പറ്റില്ലെന്നറിയാം, എന്നാലും ഒന്നു ശ്രമിക്കാമല്ലോ. നല്ലപോലെ ഗ്രഹണം പകര്‍ത്തണമെങ്കില്‍ പൂട്ടുകുറ്റിയേക്കാള്‍ നീളമുള്ള 300എം‌എം-ഓ അതിനുമുകളിലുള്ള സൂം ലെന്‍സ് വേണം, ചുരുങ്ങിയത് 200 എം‌എം സൂം ലെന്‍സെങ്കിലും. കൈയ്യിലുള്ളതോ 55 എം‌എം-ന്റെ കിറ്റ്ലെന്‍സും. ട്രൈപ്പോഡും ഫില്‍റ്ററും ഇല്ലാതാ‍നും. എന്നാല്‍ ഉള്ളതുവെച്ച് ഒരു കൈനോക്കാം. നേരെ കിട്ടിയാല്‍ ഊട്ടി അല്ലേല്‍ ചീറ്റി!!

ഇവിടത്തെ ഇപ്പോഴത്തെ കാലാവസ്ഥയാണെങ്കില്‍ മഴ തല്‍ക്കാലം ഒരു ബ്രേക്ക് എടുത്തിരിക്കയാണ്‍്. അതിനാല്‍ തന്നെ ഒരാഴ്ചയായി തെളിഞ്ഞ ആകാശവും നല്ല ചൂടും, 40 ഡിഗ്രി സെല്‍‌ഷ്യസിനപ്പുറം. പക്ഷേ, മഴ എപ്പോള്‍ വേണമെങ്കിലും തകര്‍ത്തുപെയ്യാം, ആകാശം മഴമേഘങ്ങളാല്‍ മൂടികിടക്കാം. എന്നാല്‍ തന്നെയും ഗ്രഹണദിവസം നല്ല തെളിഞ്ഞ ആകാശമായിരിക്കുമെന്ന് ഒരു തോന്നലുണ്ടായിരുന്നു. ഇപ്പോള്‍ സമ്മര്‍ സീസണായതുകൊണ്ട് ഇപ്പോള്‍ രാവിലെ നാലുമണിക്കേ പ്രഭാതവെളിച്ചം പരന്നുതുടങ്ങും. നാലരക്കുശേഷം സൂര്യോദയവും. രാവിലെ 5.30നാണ് ഇവിടെ ഗ്രഹണം ആരംഭിക്കുന്നത്. അതിനാല്‍ തന്നെ ഗ്രഹണം തുടങ്ങുന്ന സമയത്ത് ഇവിടെ സൂര്യന്‍ ഉദിച്ച് പൊങ്ങിയിട്ടുണ്ടാവും. രാവിലെ 6.30 നു ഇവിടെ പൂര്‍ണ്ണഗ്രഹണം കാരണം 3 മിനിറ്റിലധികം നേരം അന്ധകാരമായിരിക്കും.(കേരളത്തില്‍ ഭാഗികസൂര്യഗ്രഹണമാണെങ്കിലും ഉദിച്ചുവരുന്ന സൂര്യന്‍ ഗ്രഹണസൂര്യനായിട്ടാണ്).

2009 ഇന്റര്‍നാഷനല്‍ ആസ്ട്രോണമി വര്‍ഷമായും, ഗലീലിയോ ടെലിസ്കോപ്പ് ഉപയോഗിച്ചതിന്റെ 400ആം വാര്‍ഷികമായും ആചരിക്കുകയാണ്. അതുകൊണ്ടെല്ലാം ഈ നൂറ്റാണ്ടിലെ ദീര്‍ഘമേറിയ സമ്പൂര്‍ണ്ണ സൂര്യഗ്രഹണത്തിനു നല്ല പ്രാധാന്യമുണ്ട്.

പക്ഷേ, സൂര്യഗ്രഹണം നേരിട്ട് കാണാനുള്ള ഒരുതരം ഫില്‍റ്റര്‍ കണ്ണട ഒരെണ്ണമുണ്ടായിരുന്നത് അരിച്ചുപെറുക്കിനോക്കിയിട്ടും കാണാനില്ല. 2-3 മിനിറ്റ് നീണ്ടുനില്‍ക്കുന്ന പൂര്‍ണ്ണഗ്രഹണസമയമൊഴിച്ച്, ഗ്രഹണത്തിനുതൊട്ട് മുമ്പും അതിനുശേഷവും സൂര്യേട്ടെനെ നേരിട്ട് നോക്കിയാല്‍ കണ്ണടിച്ച് പോകും, ഉറപ്പാ. ഇനിയിപ്പൊ എന്തുവഴി. അങ്ങനെ പഴയ ഒരു എക്സ്‌റേ ഫിലിം വെട്ടി ഒരു കണ്ണടയും ഉണ്ടാക്കി, എക്സ്പോസ്ഡ് ആയ ഭാഗം കൊണ്ട് ക്യാമറക്കുവേണ്ടി ഒരു ഫില്‍റ്ററും നിര്‍മ്മിച്ചു. എക്സ്‌റേ ഫിലിം ഉപയോഗിച്ച് സൂര്യഗ്രഹണം ദര്‍ശിക്കുന്നത് അത്ര സുരക്ഷിതമല്ലെന്നറിയാം, പക്ഷേ എന്തുചെയ്യാം വേറെ ഒരു കുന്ത്രാണ്ടവും ഇല്ലതാനും. പണ്ട് സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഒരു സൂര്യഗ്രഹണസമയത്ത് ചാണകവെള്ളത്തില്‍ നിഴല്‍ നോക്കിയും പിന്നെ ഫിലിം നെഗറ്റീവ് വെച്ച് നോക്കിയതുമെല്ലാം ഓര്‍മ്മവരുന്നു.

ഇന്ന് രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് നോക്കിയപ്പോള്‍ മഴ പെയ്തിരിക്കുന്നു. ആകാശം കുറച്ച് മേഘാവൃതമായിട്ടുണ്ടെങ്കിലും മഴ പെയ്യാനുള്ള സാധ്യത ഇല്ലെന്നു പറയാം.


ക്യാമറയുമെടുത്ത് ഉയര്‍ന്ന തുറസ്സായ സ്ഥലത്ത് എത്തിയെങ്കിലും മേഘം മാറാനുള്ള ഭാവമില്ലെന്ന് തോന്നി. അതുമല്ലാ, ചെറിയ മലമടക്കുകളില്‍ നിന്നും കൂടുതല്‍ മേഘശകലങ്ങള്‍ ഉയര്‍ന്ന് കൊണ്ടിരിക്കയാണ്.


ഗ്രഹണം തുടങ്ങിയിട്ടും മേഘങ്ങള്‍ കാരണം അത് ദൃശ്യമാകാന്‍ പറ്റാത്തതിലുള്ള വിഷമവുമുണ്ട്.


കാത്തിരിപ്പ്.



കുറച്ച് കഴിഞ്ഞപ്പോള്‍ കുറച്ച് പേര്‍ കൂടി അവിടെ ഒത്തുകൂടി. പ്രത്യേകിച്ചും കുട്ടികള്‍ക്ക് വലിയ ആകാംക്ഷയായിരുന്നു. ഗ്രഹണം നോക്കാനായി മിക്കവരും എക്സ്-റേ ഫിലിമിന്റെ ഭാഗങ്ങള്‍ മുറിച്ച് കൊണ്ടുവന്നിരിക്കുന്നു.

ഇരുട്ട് ചെറുതായി പരക്കാന്‍ തുടങ്ങിയതോടെ ആകാശത്തില്‍ നക്ഷത്രങ്ങള്‍ നല്ലപോലെ ദൃശ്യമായിതുടങ്ങി. ഷെയ്ക്കായിപോയ ഒരു നക്ഷത്രം.


ഗ്രഹണം ആരംഭിക്കാന്‍ തുടങ്ങുന്നു.

ചന്ദ്രേട്ടന്‍ സൂര്യേട്ടനെ മറയ്ക്കാന്‍ തുടങ്ങുന്നു.


ഗ്രഹണത്തിനുമുമ്പ് മേഘങ്ങളിലെ നിറവ്യത്യാസം.



ക്രമേണ അന്ധകാരം പരക്കാന്‍ തുടങ്ങിയതോടെ പക്ഷികളും മറ്റും പ്രത്യേകശബ്ദമുണ്ടാക്കി പറക്കാന്‍ തുടങ്ങി.

രാവിലെ സൂര്യന്‍ ഉദിച്ചതിനുശേഷം ഗ്രഹണത്താല്‍ അന്ധകാരം പരക്കുന്നു. വണ്ടികള്‍ ഹെഡ്ഡ് ലൈറ്റ് ഇട്ടാണ് ഈ സമയത്ത് ഓടിച്ചുപോയത്. വൈകീട്ട് ഏഴരസമയത്തെ അനുസ്മരിപ്പിക്കുന്ന കാലാവസ്ഥ.

പൂര്‍ണ്ണഗ്രഹണം കഴിഞ്ഞ ഉടന്‍. ഇവിടെ പൂര്‍ണ്ണഗ്രഹണം ഏകദേശം മൂന്ന് മിനിറ്റ് നീണ്ടുനിന്നിരുന്നു.


ഗ്രഹണം കഴിഞ്ഞ ഉടനുള്ളഡയമണ്ട് റിംഗിന്റെ പ്രകാശമായിരിക്കണം ഇത്. മേഘങ്ങളാല്‍ മറഞ്ഞിരിക്കുന്നതുകാരണം വ്യക്തമല്ല. മേഘങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഇത് നഗ്നനേത്രം കൊണ്ട് ദര്‍ശിക്കുന്നത് കാഴ്ചശക്തി നശിക്കാന്‍ ഇടയാക്കും.

സൂര്യന്‍ മറ വിട്ടു പുറത്തുവരുന്നു.


ഗ്രഹണം കാണാന്‍ എത്തിയവര്‍ പൂര്‍ണ്ണഗ്രഹണം കാണാന്‍ പറ്റാത്തതിലുള്ള വിഷമം പറയുന്നുണ്ടായിരുന്നു.



മേഘങ്ങള്‍ തടസ്സം സൃഷ്ടിച്ചതുകൊണ്ടും ഡി‌എസ്സ്‌എല്‍‌ആര്‍ ക്യാമറകൊണ്ട് ദൃശ്യങ്ങള്‍ ഉദ്ദേശിച്ചപോലെ പകര്‍ത്താന്‍ കഴിയാത്തതിലുള്ള വിഷമം, അവസാനം പോരാന്‍ നേരം പഴയ പോയന്റ് ആന്റ് ഷൂട്ട് ക്യാമറ കൊണ്ട് ഒന്ന് രണ്ട് ഷോട്ട് എടുത്തപ്പോഴാണ് മാറിയത്.
ഈ ജീവിതകാലത്ത് ഇതുപോലുള്ള ദൃശ്യം ഇനി കാണാന്‍ സാധിക്കില്ലല്ലോ.
ഗ്രഹണം കഴിയാറായപ്പോള്‍ എടുത്ത ചിത്രങ്ങള്‍.

മേഘങ്ങള്‍ മാറുകയും, സൂര്യന്‍ പൂര്‍ണ്ണമായും വെളിയില്‍ വന്നതോടെ വെയില്‍ നല്ലപോലെ പരന്നുതുടങ്ങി. അങ്ങനെ ഒരു സൂര്യഗ്രഹണം കൂടി ഈ ജന്മത്തില്‍ ദൃശ്യമായി.

Visitors || സന്ദര്‍ശനത്തിനു നന്ദി.

(C) കൃഷ് | krish

This blog is protected by copyright. If you need the images from this blog, please contact me.