Tuesday, February 20, 2007

സംസ്ഥാനദിനം.

സംസ്ഥാനദിനം.

അരുണാചല്‍ പ്രദേശിന്‌ ഒരു പൂര്‍ണ്ണ സംസ്ഥാന പദവി കിട്ടിയിട്ട്‌ ഇന്നലെ (ഫെ:20) 20 വര്‍ഷം തികഞ്ഞു. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന സമയത്തും അതിനുശേഷവും NEFA (വടക്കുകിഴക്കന്‍ അതിര്‍ത്തി ഏജന്‍സി) എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌.1972-ല്‍ ശ്രീമതി ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ 'നേഫ'-യെ കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കുകയും 'അരുണാചല്‍ പ്രദേശ്‌' എന്ന്‌ പുനര്‍ നാമകരണം ചെയ്യുകയും ചെയ്തു. ചൈനയോട്‌ അതിര്‍ത്തിയുള്ളതിനാലും (മക്‌മോഹന്‍ ലൈന്‍), 1962-ല്‍ ചൈനയാല്‍ ആക്രമിക്കപെട്ടതിനാലും, 1987-വരെ അരുണാചല്‍ പ്രദേശ്‌ കേന്ദ്രഭരണ പ്രദേശമായിരുന്നു.സംസ്ഥാന പദവി ലഭിച്ചതിന്റെ വാര്‍ഷിക ആഘോഷങ്ങളില്‍, പ്രധാനമന്ത്രിക്കു പകരമായി കേന്ദ്ര അഭ്യന്തരമന്ത്രി ശ്രീ ശിവരാജ്‌ പാട്ടീല്‍ പങ്കെടുത്തു.
ചില ചിത്രങ്ങള്‍ ചുവടെ:


അതിഥിയെ സ്വീകരിക്കുവാനായി വിവിധ ഗോത്രവര്‍ഗ്ഗത്തിലുള്ള തരുണീമണികള്‍ ഒരുങ്ങിനില്‍ക്കുന്നു.
കേന്ദ്ര അഭ്യന്തരമന്ത്രി ശ്രീ പാട്ടീല്‍, അരുണാചലിന്റെ അധികചുമതലയുള്ള ഗവര്‍ണ്ണര്‍ ശ്രീ എം.എം. ജേക്കബ്‌ (വെള്ള കോട്ട്‌), എന്നിവര്‍ക്കൊപ്പമെത്താന്‍ മുഖ്യമന്ത്രി ശ്രീ ഗെഗോങ്ങ്‌ അപാങ്ങ്‌ (പുറകില്‍‌) ശ്രമിക്കുന്നു.

പോലീസ്‌ ബാന്റ്‌ സംഘം.


യാത്രയയപ്പിനുള്ള ഒരുക്കം

കൃഷ് ‌‌ krish

Thursday, February 15, 2007

പരശുരാംകുണ്ട്‌-ഒരു ഐതിഹ്യം.


പരശുരാംകുണ്ട്‌-ഒരു ഐതിഹ്യം.

അരുണാചല്‍ പ്രദേശിലെ ലോഹിത്‌ ജില്ലയുടെ ആസ്ഥാനമായ തെജുവില്‍ നിന്നും 30 കി. മീ. അകലെ ലോഹിത്‌ നദിയുടെ തീരത്താണ്‌ 'പരശുരാംകുണ്ട്‌' സ്ഥിതിചെയ്യുന്നത്‌. ഈ സ്ഥലത്തിന്റെ പ്രത്യേകത എന്തെന്നാല്‍ ഈ സ്നാനക്കടവില്‍ മുങ്ങി കുളിച്ചാല്‍ പാപമുക്തി ലഭിക്കുമെന്ന വിശ്വാസമാണ്‌. എല്ലാ വര്‍ഷവും മകരസംക്രാന്തി (മകരം ഒന്ന്‌ - ജനുവരി 14) ദിവസം പതിനായിരക്കണക്കിന്‌ ജനങ്ങള്‍ ഇവിടെ മുങ്ങിക്കുളിച്ച്‌ പാപമുക്തി നേടാനായി എത്തുന്നുണ്ട്‌. സംസ്ഥാന സര്‍ക്കാര്‍ തന്നെ ഇതിനുവേണ്ട ഒരുക്കങ്ങളും ചെയ്തു കൊടുക്കുന്നുണ്ട്‌. ഈ ദിവ്യ തീര്‍ഥത്തെക്കുറിച്ച്‌ ഒരു ഐതിഹ്യമുണ്ട്‌.

പണ്ട്‌ ജമദഗ്നി മഹര്‍ഷി പതിവുപോലെ ജപത്തിനായി കാട്ടിലേക്കു പുറപ്പെടുന്നതിനു മുന്‍പ്‌ മുനിപത്നിയായ രേണുകാദേവിയോട്‌ അദ്ദേഹം തിരിച്ചുവരുമ്പോഴേക്കും ഗംഗാനദിയില്‍ സ്നാനം ചെയ്ത്‌ പൂജാകാര്യങ്ങള്‍ക്കുവേണ്ട ഗംഗാജലം ശേഖരിച്ചുവരാന്‍ ആവശ്യപ്പെട്ടു. രേണുകാദേവി ഗംഗാനദിക്കരികെ നില്‍ക്കുമ്പോള്‍ ഗന്ധര്‍വ രാജാവായ ചിത്രരഥനെയും അപ്സരസ്സുകളെയും കാണാനിടവരുകയും അവരുടെ അതീവ സൗന്ദര്യവും കേളികളും കണ്ട്‌ ഒരു നിമിഷനേരത്തേക്ക്‌ അതില്‍ മയങ്ങുകയും ചെയ്തു. സ്നാനശേഷം നദിക്കരയിലെ മണല്‍കൊണ്ടു കുടം തീര്‍ത്ത്‌ അതില്‍ വേണം പൂജാദികാര്യങ്ങള്‍ക്കുവേണ്ട ഗംഗാജലം ശേഖരിക്കാന്‍. പക്ഷേ, അന്ന്‌ എത്ര ശ്രമിച്ചിട്ടും പതിവുപോലെ മണല്‍ കൊണ്ട്‌ കുടം ഉണ്ടാക്കാന്‍ പറ്റിയില്ല. അങ്ങിനെ നേരം കടന്നുപോയി. ഈ സമയത്ത്‌ ജമദഗ്നി മഹര്‍ഷി കാട്ടില്‍ നിന്നും ആശ്രമത്തില്‍ തിരിച്ചെത്തുകയും, തന്റെ പത്നിയേയോ പൂജക്കുവേണ്ട ഗംഗാജലമോ കാണാതെ കുപിതനാവുകയും ചെയ്തു. അദ്ദേഹം തന്റെ മനക്കണ്ണുകൊണ്ട്‌ രേണുകക്ക്‌ എന്തുകൊണ്ടാണ്‌ സമയത്തിന്‌ ഗംഗാജലം കൊണ്ടുവരാന്‍ കഴിയാത്തതെന്നു മനസ്സിലാക്കി. തന്റെ പത്നിയുടെ പാതിവ്രത്യത്തില്‍ സംശയം ഉദിച്ച ജമദഗ്നി മഹര്‍ഷി കോപം കൊണ്ടു ജ്വലിച്ചു. അദ്ദേഹം തന്റെ പുത്രന്മാരെ ഓരോരുത്തരേയും വിളിച്ചുവരുത്തി തന്റെ പൂജക്ക്‌ മുടക്കം വരുത്തിയ പാതിവ്രത്യത്തില്‍ സംശയം ഉദിച്ച രേണുകാദേവിയുടെ (അവരുടെ അമ്മയുടെ) ശിരസ്സ്‌ ഛേദിക്കാന്‍ ആജ്ഞാപിച്ചു. സ്വന്തം അമ്മയെ വധിക്കുകയോ..? മൂത്ത നാലു പുത്രന്മാരും ആ കല്‍പ്പന നിഷേധിച്ചു. അവസാനം, ജമദഗ്നി മഹര്‍ഷി അഞ്ചാമത്തെ പുത്രനായ പരശുരാമനോട്‌ ഇതേ കാര്യം ആജ്ഞാപിച്ചു. പരശുരാമന്‍ ഉടന്‍തന്നെ യാതൊരു മടിയും കൂടാതെ തന്റെ ആയുധമായ പരശു (മഴു) കൊണ്ട്‌ രേണുകാദേവിയുടെ (തന്റെ അമ്മയുടെ) ശിരസ്സറുത്ത്‌, തന്റെ പിതാവിന്റെ ആജ്ഞ അനുസരിച്ചു.തന്റെ ആജ്ഞ യാതൊരു വൈമനസ്യവും കൂടാതെ അനുസരിച്ച പരശുരാമനില്‍ ജമദഗ്നി മഹര്‍ഷി സംതൃപ്തനാവുകയും അതിനാല്‍ ഇഷ്ടവരം ചോദിച്ചുകൊള്ളാന്‍ ആവശ്യപ്പെടുകയും ചെയ്തു. പരശുരാമന്‍ ഇങ്ങനെ ആവശ്യപ്പെട്ടു: " എനിക്ക്‌ എന്റെ അമ്മയെ ജീവനോടെ തിരിച്ചു നല്‍കണം. പിന്നെ ഈ സംഭവം അമ്മയുടെ ഓര്‍മ്മയില്‍ നിന്നും മായ്ച്ചുകളയണം. കൂടാതെ ഈ പാപത്തില്‍ നിന്നും മുക്തി നല്‍കണം." തന്റെ പുത്രന്റെ അനുസരണയിലും ബുദ്ധിയിലും മതിപ്പുതോന്നിയ ജമദഗ്നി മഹര്‍ഷി പരശുരാമന്‍ ആവശ്യപ്പെട്ട പ്രകാരം വരം നല്‍കി രേണുകാദേവിയെ പുനര്‍ജീവിപ്പിച്ചു. പക്ഷേ, ഭഗവാന്‍ ശിവന്‍ അനുഗ്രഹിച്ചു നല്‍കിയ ഈ പരശു(മഴു) പരശുരാമന്റെ കൈയില്‍ ഒട്ടിപ്പിടിക്കുകുകയും ചെയ്തു. തന്റെ കൈ കൊണ്ട്‌ ചെയ്ത മാതൃഹത്യയില്‍ മനം നൊന്ത്‌ പരശുരാമന്‍ ദുഃഖിതനായി. മാതൃഹത്യയില്‍ കവിഞ്ഞ ഒരു ഹീനകൃത്യവുമില്ല. തന്റെ കൈകള്‍ കൊടുംപാപത്തില്‍ മുങ്ങിയിരിക്കുകയാണ്‌. പരശുരാമന്‍ തന്റെ പിതാവിന്റെയടുത്ത്‌ തന്റെ വ്യഥ ഉണര്‍ത്തിക്കുകയും, ഈ ഹീനകൃത്യത്തില്‍നിന്നും പാപമുക്തിക്കായുള്ള ഉപായം ആരായുകയും ചെയ്തു.
അങ്ങിനെ ജമദഗ്നി മഹര്‍ഷിയുടെ ഉപദേശ പ്രകാരം പരശുരാമന്‍ എല്ലാ പുണ്യസ്ഥലങ്ങളും ദര്‍ശിച്ച്‌ തീര്‍ഥങ്ങളില്‍ സ്നാനം ചെയ്തു. അവസാനം കിഴക്കന്‍ ഹിമാലയനിരകളില്‍നിന്നും ഉല്‍ഭവിക്കുന്ന ലോഹിത്‌ നദിയുടെ തീരത്തുകൂടി പോകുമ്പോള്‍ അതില്‍ ഇറങ്ങി കൈ കഴുകുകയും മുങ്ങിക്കുളിക്കുയും ചെയ്തു. അപ്പോഴാണ്‌ തന്റെ കൈകളില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന രക്തം പുരണ്ട പരശു കൈകളില്‍ നിന്നും വേര്‍പെട്ടത്‌. അങ്ങിനെ ഈ ദിവ്യതീര്‍ഥത്തില്‍ മുങ്ങിക്കുളിച്ച്‌ ഹീനകൃത്യമായ മാതൃഹത്യയില്‍നിന്നും പരശുരാമന്‍ പാപമുക്തി നേടുകയും ചെയ്തു. ഇത്‌ കലികാപുരാണത്തിലും (അ:83), ബ്രഹ്മകൈവര്‍ത്തപുരാണത്തിലും പ്രതിപാദിച്ചിട്ടുണ്ട്‌.

പരശുരാംകുണ്ട്

പരശുരാംകുണ്ട്‌ - വേറൊരു ദൃശ്യം.

ഈ ബ്രഹ്മകുണ്ട്‌ തീര്‍ഥമാണ്‌ പിന്നീട്‌ 'പരശുരാംകുണ്ട്‌' എന്ന പേരില്‍ അറിയപ്പെടുന്നത്‌.

ലോഹിത് നദി സമതലപ്രദേശത്തെത്തുമ്പോള്‍.

****

വാല്‍ക്കഷണം:
1) ഇപ്പോഴത്തെ കേരളം എന്ന ഭൂപ്രദേശം, ഭാര്‍ഗ്ഗവരാമന്‍ എന്ന പരശുരാമന്‍ കടലില്‍ പരശു എറിഞ്ഞ്‌ സൃഷിച്ചെടുത്തതാണെന്നും, പരശുരാമക്ഷേത്രം എന്ന പേരില്‍ കേരളം അറിയപ്പെട്ടിരുന്നു എന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതല്ലേ?. കേരളത്തില്‍നിന്നും 4000 കി.മി.-ല്‍ കൂടുതല്‍ അകലെയാണ്‌ പരശുരാമന്‍ പാപമുക്തി നേടിയെന്നു പറയുന്ന ഈ പരശുരാംകുണ്ട്‌ എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്‌.

2. 1950-ലെ മഹാഭൂകമ്പത്തില്‍ ലോഹിത്‌ നദിയുടെ ദിശ മാറിയതുകാരണം ശരിക്കുള്ള പഴയ സ്ഥാനത്തല്ല ഇപ്പോള്‍ സ്നാനത്തിന്‌ ആയി ഉപയോഗിക്കുന്ന 'പരശുരാംകുണ്ട്‌'.

3. 1826-ലാണ്‌ ആദ്യമായി ബെഡ്‌ഫോര്‍ഡ്‌ എന്ന ഒരു ബ്രിട്ടീഷ്‌ പര്യവേഷകന്‍ ഈ ബ്രഹ്മകുണ്ടിനെക്കുറിച്ച്‌ സര്‍ക്കാര്‍ ഗസറ്റില്‍ ആധികാരികമായി രേഖപ്പെടുത്തുന്നത്‌. അതിനുശേഷം പല ബ്രിട്ടീഷ്‌ സേനാ ഉദ്യോഗസ്ഥരും ഈ സ്ഥലത്തെക്കുറിച്ച്‌ പ്രതിപാദിച്ചിട്ടുണ്ട്‌.

4. പ്രധാന കൈവഴിയായ ലോഹിത്‌ നദി ബ്രഹ്മപുത്രാ നദിയുടെ ഉത്‌ഭവമാണെന്നും പറയപ്പെടുന്നു. വെള്ളം കെട്ടിനില്‍ക്കുകയായിരുന്ന ബ്രഹ്മകുണ്ടില്‍ സ്നാനം ചെയ്തശേഷം പരശുകൊണ്ട്‌ ഒരു ചാല്‌ കീറി വെള്ളം ഒഴുക്കിയതിനാല്‍ ഇവിടെ നിന്നാണ്‌ ലോഹിത്‌ നദി അഥവാ ബ്രഹ്മപുത്രാ നദി ഉല്‍ഭവിക്കുന്നതെന്നും പറയുന്നു. 'ലഹു' എന്ന പദത്തില്‍ നിന്നാണ്‌ ലോഹിത്‌ എന്നും പറയപ്പെടുന്നു. (ലൗഹിത്യ - ചുവന്ന നദി) സ്ഥാനീയ ഭാഷയില്‍ "ലുയിത്‌ നദി". 'ലഹു' എന്നാല്‍ രക്തം. പരശുരാമന്റെ മഴുവില്‍ പുരണ്ട രക്തം കഴുകിയതുകൊണ്ടാണ്‌ ഈ നദിക്ക്‌ ലോഹിത്‌ എന്നും പറയപ്പെടുന്നു.

5. രാജസ്ഥാനിലെ പുഷ്കറിലുള്ള ബ്രഹ്മതീര്‍ഥമാണ്‌ ശരിക്കുള്ള ബ്രഹ്മകുണ്ട്‌ എന്നും കേള്‍വിയുണ്ട്‌.

6. പരശുരാംകുണ്ടിനു സമീപം ലോഹിത്‌ നദിക്ക്‌ കുറുകെ പുതുതായി പണികഴിപ്പിച്ച 410 മീറ്റര്‍ നീളമുള്ള പാലം "പരശുരാം ബ്രിഡ്ജ്‌" ഉത്‌ഘാടനത്തിനായി VVIP-യെ കാത്തിരിക്കുന്നു.

കൃഷ്‌ krish

Visitors || സന്ദര്‍ശനത്തിനു നന്ദി.

(C) കൃഷ് | krish

This blog is protected by copyright. If you need the images from this blog, please contact me.