Tuesday, August 12, 2008

ഗ്രാമമൂപ്പന്മാര്‍.

ഗ്രാമമൂപ്പന്മാര്‍ - ഒരു പരിചയം.

ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ ഇപ്പോഴും തുടര്‍ന്നുവരുന്ന ഒരു സമ്പ്രദായമാണ്‌ ഗ്രാമമൂപ്പന്‍ അഥവാ നാട്ടുമൂപ്പന്‍. ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍, സാമൂഹികപ്രശ്നങ്ങള്‍, ആഘോഷങ്ങള്‍എന്നിവയില്‍ ഇവര്‍ പ്രധാന സ്ഥാനം വഹിക്കുന്നു. അരുണാചല്‍ പ്രദേശില്‍ ഇപ്പോഴുംതുടര്‍ന്നുവരുന്ന ഇവരെ ഗാംബുഡാ / ഗാവ്ബുറാ (ഗ്രാമമൂപ്പന്‍) എന്നു വിളിക്കുന്നു. ഇവിടെ ഓരോ ഗോത്രഗ്രാമത്തിലും അവിടത്തെ ജനസംഖ്യക്കനുസരിച്ച്‌ ഒന്നോ അതിലധികമോ ഗ്രാമമൂപ്പന്മാരുണ്ടായിരിക്കും. ഇതിനുപുറമെ കൂടുതല്‍ ജനസംഖ്യയും ഗ്രാമമൂപ്പന്മാരുള്ള ഗ്രാമത്തില്‍ഹെഡ്‌ ഗാംബുഡയേയും നിയമിക്കും. ജില്ലാ ഭരണകൂടമാണ്‌ ഓരോ ഗ്രാമത്തിലേയും പ്രമുഖരായ താല്‍പ്പര്യമുള്ളവരെ ഗ്രാമമുഖ്യന്മാരായി നിയമിക്കുന്നത്‌. വളരെ വര്‍ഷങ്ങളായി നിലനിന്നുപോരുന്ന ഒരു വ്യവസ്ഥിതിയാണിത്‌. ഇങ്ങനെ നിയമിക്കപ്പെടുന്നവര്‍ക്ക്‌ മാസാമാസം ഒരു നിശ്ചിത തുക ഹോണറേറിയമായി നല്‍കുന്നു. കൂടാതെ ചുവന്ന കമ്പിളി കോട്ട്‌, മെറ്റല്‍ ബാഡ്ജ്‌ തുടങ്ങിയവയുംനല്‍കുന്നു.

ഗാം‌ബുഡയും ഹെഡ്ഡ് ഗാംബുഡയും.


ഓരോ ഗ്രാമത്തിലേയും വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍, അതിര്‍ത്തിതര്‍ക്കം, കുടുംബങ്ങള്‍തമ്മിലുള്ള വഴക്ക്‌ എന്നിവ പരിഹരിച്ച്‌ തീര്‍പ്പാക്കുക, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ ഗ്രാമങ്ങള്‍സന്ദര്‍ശിക്കുമ്പോള്‍ അവര്‍ക്ക്‌ ആവശ്യമായ വിവരങ്ങളും സഹായങ്ങളും തരപ്പെടുത്തികൊടുക്കുക, വിവിധ സര്‍വ്വേ ഉദ്യോഗസ്ഥരെ സഹായിക്കുക എന്നിവ എവരുടെ ചുമതലകളില്‍ പെടുന്നു. ജില്ലാ, താലൂക്ക്‌ ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍, വി.ഐ.പി.കള്‍ സന്ദര്‍ശനം നടത്തുമ്പോള്‍ ഈ ഗ്രാമമൂപ്പന്മാര്‍ചുവന്ന കോട്ടണിഞ്ഞ്‌ സ്വീകരിക്കാനെത്തുന്നു. ഇങ്ങനെ പങ്കെടുക്കുമ്പോള്‍ ഇവര്‍ക്ക്‌ കമ്പിളിപുതപ്പി, കുട, ടോര്‍ച്ച്‌ ഇത്യാദി സമ്മാനമായും കൊടുക്കാറുണ്ട്‌. അതുപോലെ തന്നെ, ദേശീയാഘോഷപരിപാടികളില്‍ ഇവര്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതുണ്ട്‌.

പരമ്പരാഗത നിശി തൊപ്പിയണിഞ്ഞ ഗാംബുഡമാര്‍.

ഒരു ഗ്രാമത്തിലെ ചെറിയ തര്‍ക്കങ്ങളെല്ലാം ഈ ഗ്രാമമൂപ്പന്മാര്‍ അവിടത്തെ പരമ്പരാഗതതര്‍ക്കസഭ/ഗ്രാമക്കോടതി കൂടി തീര്‍പ്പ്‌ കല്‍പ്പിക്കുന്നു. ഇത്തരം തര്‍ക്കങ്ങള്‍ കൂടിയിരുന്ന്തീര്‍പ്പാക്കുന്നതിനും മറ്റുമായി ജില്ല, താലൂക്ക്‌ ആസ്ഥാനങ്ങളില്‍ യാല്ലുങ്ങ്‌ ഘര്‍, മേല്‍ ഹൗസ്‌ എന്നിങ്ങനെ അറിയപ്പെടുന്ന തര്‍ക്ക പുരകളും ഉണ്ട്‌. ഗ്രാമങ്ങളില്‍ താല്‍ക്കാലിക പുരകളിലോ തുറസ്സായ സ്ഥലങ്ങളിലോ ആണ്‌ നടത്തുന്നത്‌. രണ്ട്‌ ഗ്രാമത്തിലുള്ളവര്‍ ഉള്‍പ്പെടുന്ന തര്‍ക്കങ്ങള്‍, മോഷണക്കേസ്‌, സ്ത്രീകളുടെ ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട കേസുകള്‍, (ബഹുഭാര്യാ സമ്പ്രദായം, പുരുഷധനം (സ്ത്രീധനം വാങ്ങുന്നതിനു പകരം, വരന്‍ വധുവിന്റെ പിതാവിനു പണം, മൃഗങ്ങള്‍ എന്നിവകൊടുക്കുന്ന രീതി) എന്നിവ നിലവിലുള്ള ഗോത്രങ്ങളില്‍ ധനസ്ഥിതിയുള്ള പുരുഷന്‍ ഒന്നിലേറെ സ്ത്രീകളെ ഭാര്യയായി വെക്കുന്നതുകാരണവും, വയസ്സന്മാരായ ഭര്‍ത്താക്കന്മരുടെ അടുക്കല്‍ നിന്നും ചെറുപ്പക്കാരികളായ ഭാര്യമാര്‍ ഒളിച്ചോടി വേറെ യുവാക്കളോട്‌ ഒത്തുചേരുന്നതും അപൂര്‍വ്വമല്ല. അതിനാല്‍ ഇത്തരം കേസുകള്‍ ഗോത്രവര്‍ഗ്ഗ ഗ്രാമ കോടതികളില്‍ എത്താറുണ്ട്‌), വളര്‍ത്തുമൃഗങ്ങളെ തട്ടികൊണ്ടുപോകല്‍, അടിപിടി കേസുകള്‍ എന്നിവ ഇത്തരം ഗ്രാമകോടതി/തര്‍ക്കസഭയില്‍വരുമ്പോള്‍ സര്‍ക്കാര്‍ പ്രതിനിധിയായി പൊളിറ്റിക്കല്‍ ഇന്റര്‍പ്രെറ്റര്‍/പൊളിറ്റിക്കല്‍ അസിസ്റ്റന്റ്‌ന്റെയോ മേല്‍നോട്ടത്തിലായിരിക്കും വാദപ്രതിവാദങ്ങളും തീര്‍പ്പുകല്‍പ്പിക്കലും നടത്തുക. ഇങ്ങനെ ന്യായമായ തീര്‍പ്പുകല്‍പ്പിക്കുന്നതിനെ അതാതു മേഖലയിലെ തഹസില്‍ദാര്‍ സമാനനായ ഭരണാധികാരി അംഗീകാരം നല്‍കുന്നു. ഇതില്‍ തൃപ്തരാവാത്ത കക്ഷികള്‍ക്ക്‌ മേലുദ്യോഗസ്ഥന്റെയടുത്തോ, പോലീസിലോ കോടതിയിലോ പരാതിപ്പെടാവുന്നതാണ്‌.

ദൂരെ ദൂരെ.. അങ്ങു ദൂരെയാണെന്റെ ഗ്രാമം. ഒരു നിശി ഗാംബുഡ.
പുറത്ത് തൂക്കിയിട്ടിരിക്കുന്നത് പക്ഷി തൂവലുകള്‍ കൊണ്ടുണ്ടാക്കിയ വിശറി.


ഗോത്രവര്‍ഗ്ഗ ആഘോഷങ്ങള്‍, വിവാഹം തുടങ്ങിയ സാമൂഹികചടങ്ങുകളിലും ഇവര്‍ക്ക്‌ പ്രധാനസ്ഥാനമുണ്ട്‌. ഇത്തരം ചടങ്ങുകളില്‍ മാംസം, നാടന്‍ കള്ള്‌ (ചോറില്‍ മരുന്നിട്ട്‌ പുളിപ്പിച്ചെടുക്കുന്നകള്ള്‌) എന്നിവ ഇവര്‍ക്ക്‌ നല്‍കേണ്ടതുണ്ട്‌. കൂടാതെ തര്‍ക്കങ്ങളില്‍ തീര്‍പ്പ്‌ കല്‍പ്പിക്കുമ്പോള്‍ ഒടുക്കുന്നപിഴസംഖ്യയില്‍ ഒരു വിഹിതവും ഇവര്‍ക്ക്‌ കിട്ടുന്നു.

ഏയ് നാണിച്ചതല്ലാ.. ഇതല്ലേ പോസ്.



ചെറിയ തര്‍ക്കങ്ങള്‍ ഗ്രാമങ്ങളില്‍ തന്നെ തീര്‍പ്പ്‌ കല്‍പ്പിക്കുക, ഭരണകൂടത്തെ സഹായിക്കുകഎന്നിവയാണ്‌ മുഖ്യമായും ഈ ഗ്രാമമൂപ്പന്മാരുടെ കര്‍ത്തവ്യം.

9 comments:

krish | കൃഷ് said...

ഗോത്രവര്‍ഗ്ഗ ഗ്രാമമൂപ്പന്മാര്‍ - ഒരു പരിചയം.

Rasheed Chalil said...

കൃഷ്... നല്ല ലേഖനം. വിജ്ഞാനപ്രദം.

നമ്മുടെ നാട്ടുമ്പുറത്തൊക്കെ തര്‍ക്കം തീര്‍ത്തിരുന്ന തറവാട്ടുകാരണവന്മാരെയാ ആദ്യം ഓര്‍ത്തത്.

അനാഗതശ്മശ്രു said...

നല്ല കുറിപ്പു..ക്രിഷേ...
ആശം സകള്‍

ശ്രീ said...

മൂപ്പന്മാരെ പരിചയപ്പെടുത്തിയതു നന്നായി, കൃഷ് ചേട്ടാ
:)

ശ്രീവല്ലഭന്‍. said...

Great pictures, and good narration :-)

G.MANU said...

ഗ്രാമമൂപ്പന്മാരെ പരിചയപ്പെടുത്തിയ ബൂ‍ലോകമൂപ്പനു സ്പെഷ്യല്‍ നന്ദി

Areekkodan | അരീക്കോടന്‍ said...

നല്ല ലേഖനം.

പാമരന്‍ said...

thanks!

വേണു venu said...

നല്ല പരിചയപ്പെടുത്തല്‍ കൃഷേ.!

Visitors || സന്ദര്‍ശനത്തിനു നന്ദി.

(C) കൃഷ് | krish

This blog is protected by copyright. If you need the images from this blog, please contact me.