അരുണാചല്‍ പ്രദേശിലെ ലോഹിത് ജില്ലയുടെ ആസ്ഥാനമായ തെജുവില്‍ നിന്നും 30 കി. മീ. അകലെ ലോഹിത് നദിയുടെ തീരത്താണ് 'പരശുരാംകുണ്ട്' സ്ഥിതിചെയ്യുന്നത്. ഈ സ്ഥലത്തിന്റെ പ്രത്യേകത എന്തെന്നാല്‍ ഈ സ്നാനക്കടവില്‍ മുങ്ങി കുളിച്ചാല്‍ പാപമുക്തി ലഭിക്കുമെന്ന വിശ്വാസമാണ്. എല്ലാ വര്‍ഷവും മകരസംക്രാന്തി (മകരം ഒന്ന് - ജനുവരി 14) ദിവസം പതിനായിരക്കണക്കിന് ജനങ്ങള്‍ ഇവിടെ മുങ്ങിക്കുളിച്ച് പാപമുക്തി നേടാനായി എത്തുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ തന്നെ ഇതിനുവേണ്ട ഒരുക്കങ്ങളും ചെയ്തു കൊടുക്കുന്നുണ്ട്. ഈ ദിവ്യ തീര്‍ഥത്തെക്കുറിച്ച് ഒരു ഐതിഹ്യമുണ്ട്.
പണ്ട് ജമദഗ്നി മഹര്‍ഷി പതിവുപോലെ ജപത്തിനായി കാട്ടിലേക്കു പുറപ്പെടുന്നതിനു മുന്‍പ് മുനിപത്നിയായ രേണുകാദേവിയോട് അദ്ദേഹം തിരിച്ചുവരുമ്പോഴേക്കും ഗംഗാനദിയില്‍ സ്നാനം ചെയ്ത് പൂജാകാര്യങ്ങള്ക്കുവേണ്ട ഗംഗാജലം ശേഖരിച്ചുവരാന്‍ ആവശ്യപ്പെട്ടു. രേണുകാദേവി ഗംഗാനദിക്കരികെ നില്ക്കുമ്പോള് ഗന്ധര്‍വ രാജാവായ ചിത്രരഥനെയും അപ്സരസ്സുകളെയും കാണാനിടവരുകയും അവരുടെ അതീവ സൗന്ദര്യവും കേളികളും കണ്ട് ഒരു നിമിഷനേരത്തേക്ക് അതില്‍ മയങ്ങുകയും ചെയ്തു. സ്നാനശേഷം നദിക്കരയിലെ മണല്‍കൊണ്ടു കുടം തീര്‍ത്ത് അതില്‍ വേണം പൂജാദികാര്യങ്ങള്ക്കുവേണ്ട ഗംഗാജലം ശേഖരിക്കാന്‍. പക്ഷേ, അന്ന് എത്ര ശ്രമിച്ചിട്ടും പതിവുപോലെ മണല്‍ കൊണ്ട് കുടം ഉണ്ടാക്കാന്‍ പറ്റിയില്ല. അങ്ങിനെ നേരം കടന്നുപോയി. ഈ സമയത്ത് ജമദഗ്നി മഹര്‍ഷി കാട്ടില്‍ നിന്നും ആശ്രമത്തില്‍ തിരിച്ചെത്തുകയും, തന്റെ പത്നിയേയോ പൂജക്കുവേണ്ട ഗംഗാജലമോ കാണാതെ കുപിതനാവുകയും ചെയ്തു. അദ്ദേഹം തന്റെ മനക്കണ്ണുകൊണ്ട് രേണുകക്ക് എന്തുകൊണ്ടാണ് സമയത്തിന് ഗംഗാജലം കൊണ്ടുവരാന്‍ കഴിയാത്തതെന്നു മനസ്സിലാക്കി. തന്റെ പത്നിയുടെ പാതിവ്രത്യത്തില്‍ സംശയം ഉദിച്ച ജമദഗ്നി മഹര്‍ഷി കോപം കൊണ്ടു ജ്വലിച്ചു. അദ്ദേഹം തന്റെ പുത്രന്മാരെ ഓരോരുത്തരേയും വിളിച്ചുവരുത്തി തന്റെ പൂജക്ക് മുടക്കം വരുത്തിയ പാതിവ്രത്യത്തില്‍ സംശയം ഉദിച്ച രേണുകാദേവിയുടെ (അവരുടെ അമ്മയുടെ) ശിരസ്സ് ഛേദിക്കാന്‍ ആജ്ഞാപിച്ചു. സ്വന്തം അമ്മയെ വധിക്കുകയോ..? മൂത്ത നാലു പുത്രന്മാരും ആ കല്‍പ്പന നിഷേധിച്ചു. അവസാനം, ജമദഗ്നി മഹര്‍ഷി അഞ്ചാമത്തെ പുത്രനായ പരശുരാമനോട് ഇതേ കാര്യം ആജ്ഞാപിച്ചു. പരശുരാമന് ഉടന്‍തന്നെ യാതൊരു മടിയും കൂടാതെ തന്റെ ആയുധമായ പരശു (മഴു) കൊണ്ട് രേണുകാദേവിയുടെ (തന്റെ അമ്മയുടെ) ശിരസ്സറുത്ത്, തന്റെ പിതാവിന്റെ ആജ്ഞ അനുസരിച്ചു.തന്റെ ആജ്ഞ യാതൊരു വൈമനസ്യവും കൂടാതെ അനുസരിച്ച പരശുരാമനില്‍ ജമദഗ്നി മഹര്‍ഷി സംതൃപ്തനാവുകയും അതിനാല്‍ ഇഷ്ടവരം ചോദിച്ചുകൊള്ളാന്‍ ആവശ്യപ്പെടുകയും ചെയ്തു. പരശുരാമന് ഇങ്ങനെ ആവശ്യപ്പെട്ടു: " എനിക്ക് എന്റെ അമ്മയെ ജീവനോടെ തിരിച്ചു നല്‍കണം. പിന്നെ ഈ സംഭവം അമ്മയുടെ ഓര്‍മ്മയില്‍ നിന്നും മായ്ച്ചുകളയണം. കൂടാതെ ഈ പാപത്തില്‍ നിന്നും മുക്തി നല്‍കണം." തന്റെ പുത്രന്റെ അനുസരണയിലും ബുദ്ധിയിലും മതിപ്പുതോന്നിയ ജമദഗ്നി മഹര്‍ഷി പരശുരാമന് ആവശ്യപ്പെട്ട പ്രകാരം വരം നല്കി രേണുകാദേവിയെ പുനര്ജീവിപ്പിച്ചു. പക്ഷേ, ഭഗവാന് ശിവന് അനുഗ്രഹിച്ചു നല്കിയ ഈ പരശു(മഴു) പരശുരാമന്റെ കൈയില്‍ ഒട്ടിപ്പിടിക്കുകുകയും ചെയ്തു. തന്റെ കൈ കൊണ്ട് ചെയ്ത മാതൃഹത്യയില്‍ മനം നൊന്ത് പരശുരാമന് ദുഃഖിതനായി. മാതൃഹത്യയില്‍ കവിഞ്ഞ ഒരു ഹീനകൃത്യവുമില്ല. തന്റെ കൈകള്‍ കൊടുംപാപത്തില്‍ മുങ്ങിയിരിക്കുകയാണ്. പരശുരാമന് തന്റെ പിതാവിന്റെയടുത്ത് തന്റെ വ്യഥ ഉണര്‍ത്തിക്കുകയും, ഈ ഹീനകൃത്യത്തില്നിന്നും പാപമുക്തിക്കായുള്ള ഉപായം ആരായുകയും ചെയ്തു.
അങ്ങിനെ ജമദഗ്നി മഹര്‍ഷിയുടെ ഉപദേശ പ്രകാരം പരശുരാമന് എല്ലാ പുണ്യസ്ഥലങ്ങളും ദര്‍ശിച്ച് തീര്‍ഥങ്ങളില്‍ സ്നാനം ചെയ്തു. അവസാനം കിഴക്കന്‍ ഹിമാലയനിരകളില്നിന്നും ഉല്‍ഭവിക്കുന്ന ലോഹിത് നദിയുടെ തീരത്തുകൂടി പോകുമ്പോള്‍ അതില്‍ ഇറങ്ങി കൈ കഴുകുകയും മുങ്ങിക്കുളിക്കുയും ചെയ്തു. അപ്പോഴാണ് തന്റെ കൈകളില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന രക്തം പുരണ്ട പരശു കൈകളില്‍ നിന്നും വേര്‍പെട്ടത്. അങ്ങിനെ ഈ ദിവ്യതീര്ഥത്തില് മുങ്ങിക്കുളിച്ച് ഹീനകൃത്യമായ മാതൃഹത്യയില്നിന്നും പരശുരാമന് പാപമുക്തി നേടുകയും ചെയ്തു. ഇത് കലികാപുരാണത്തിലും (അ:83), ബ്രഹ്മകൈവര്ത്തപുരാണത്തിലും പ്രതിപാദിച്ചിട്ടുണ്ട്.
പരശുരാംകുണ്ട്
പരശുരാംകുണ്ട് - വേറൊരു ദൃശ്യം.
ഈ ബ്രഹ്മകുണ്ട് തീര്‍ഥമാണ് പിന്നീട് 'പരശുരാംകുണ്ട്' എന്ന പേരില്‍ അറിയപ്പെടുന്നത്.
****
വാല്‍ക്കഷണം:
1) ഇപ്പോഴത്തെ കേരളം എന്ന ഭൂപ്രദേശം, ഭാര്ഗ്ഗവരാമന് എന്ന പരശുരാമന് കടലില്‍ പരശു എറിഞ്ഞ് സൃഷിച്ചെടുത്തതാണെന്നും, പരശുരാമക്ഷേത്രം എന്ന പേരില്‍ കേരളം അറിയപ്പെട്ടിരുന്നു എന്ന കാര്യം എല്ലാവര്ക്കും അറിയാവുന്നതല്ലേ?. കേരളത്തില്‍നിന്നും 4000 കി.മി.-ല്‍ കൂടുതല്‍ അകലെയാണ് പരശുരാമന് പാപമുക്തി നേടിയെന്നു പറയുന്ന ഈ പരശുരാംകുണ്ട് എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്.
2. 1950-ലെ മഹാഭൂകമ്പത്തില്‍ ലോഹിത് നദിയുടെ ദിശ മാറിയതുകാരണം ശരിക്കുള്ള പഴയ സ്ഥാനത്തല്ല ഇപ്പോള്‍ സ്നാനത്തിന് ആയി ഉപയോഗിക്കുന്ന 'പരശുരാംകുണ്ട്'.
3. 1826-ലാണ് ആദ്യമായി ബെഡ്ഫോര്‍ഡ് എന്ന ഒരു ബ്രിട്ടീഷ് പര്യവേഷകന് ഈ ബ്രഹ്മകുണ്ടിനെക്കുറിച്ച് സര്‍ക്കാര്‍ ഗസറ്റില്‍ ആധികാരികമായി രേഖപ്പെടുത്തുന്നത്. അതിനുശേഷം പല ബ്രിട്ടീഷ് സേനാ ഉദ്യോഗസ്ഥരും ഈ സ്ഥലത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.
4. പ്രധാന കൈവഴിയായ ലോഹിത് നദി ബ്രഹ്മപുത്രാ നദിയുടെ ഉത്ഭവമാണെന്നും പറയപ്പെടുന്നു. വെള്ളം കെട്ടിനില്‍ക്കുകയായിരുന്ന ബ്രഹ്മകുണ്ടില് സ്നാനം ചെയ്തശേഷം പരശുകൊണ്ട് ഒരു ചാല് കീറി വെള്ളം ഒഴുക്കിയതിനാല്‍ ഇവിടെ നിന്നാണ് ലോഹിത് നദി അഥവാ ബ്രഹ്മപുത്രാ നദി ഉല്‍ഭവിക്കുന്നതെന്നും പറയുന്നു. 'ലഹു' എന്ന പദത്തില്‍ നിന്നാണ് ലോഹിത് എന്നും പറയപ്പെടുന്നു. (ലൗഹിത്യ - ചുവന്ന നദി) സ്ഥാനീയ ഭാഷയില്‍ "ലുയിത് നദി". 'ലഹു' എന്നാല്‍ രക്തം. പരശുരാമന്റെ മഴുവില്‍ പുരണ്ട രക്തം കഴുകിയതുകൊണ്ടാണ് ഈ നദിക്ക് ലോഹിത് എന്നും പറയപ്പെടുന്നു.
5. രാജസ്ഥാനിലെ പുഷ്കറിലുള്ള ബ്രഹ്മതീര്ഥമാണ് ശരിക്കുള്ള ബ്രഹ്മകുണ്ട് എന്നും കേള്‍വിയുണ്ട്.
6. പരശുരാംകുണ്ടിനു സമീപം ലോഹിത് നദിക്ക് കുറുകെ പുതുതായി പണികഴിപ്പിച്ച 410 മീറ്റര്‍ നീളമുള്ള പാലം "പരശുരാം ബ്രിഡ്ജ്" ഉത്ഘാടനത്തിനായി VVIP-യെ കാത്തിരിക്കുന്നു.
കൃഷ് krish
11 comments:
പുതിയ പോസ്റ്റ്.
'പരശുരാം കുണ്ട് - ഒരു ഐതിഹ്യം.' പരശുരാമന് മാതൃഹത്യയില്‍ നിന്നും പാപമുക്തിനേടിയ ബ്രഹ്മകുണ്ടിനെക്കുറിച്ചുള്ള ഒരു ലേഖനം.
കൃഷ് | krish
വായിച്ചു. എപ്പോഴാണ് പോയത്?
thanks for this wonderful information sir
നല്ല വിവരണം, കൃഷ്.
(പാപികള്‍ കൂടുതലുള്ളതാവാം, സകല പാപങ്ങളും കഴുകിക്കളയാന്‍ ഇന്ത്യയില്‍ എന്തുമാത്രം സ്ഥലങ്ങളാണ്!)
സു :) നന്ദി. ഇതുവരെ പോകാന്‍ സാധിച്ചില്ല.
മനു :) നന്ദി.
പടിപ്പുര :) നന്ദി.
(മനസ്സാ വാചാ കര്‍മ്മണാ പാപം ചെയ്യാത്തവരായി ആരുണ്ട് ഈ ഭൂമിയില്‍. പിന്നെ താന്‍ ചെയ്തത് പാപമാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടല്ലെ പലരും പാപമുക്തി തേടുന്നത്. അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന തെറ്റ് തിരിച്ചറിയുന്നതുതന്നെ ഒരു നല്ല കാര്യമല്ലേ.)
കൃഷ് | krish
നന്നായി..കൃഷ്
നല്ല വിവരണം.....ഇങ്ങനെയുള്ള സ്ഥലങ്ങള്‍ പരിചയപ്പെടുത്തുന്നതിനു നന്ദി.
Dear Krish,
മനൊഹരമായ വിവരണമാണെങ്കിലും ഐതിഹ്യങ്ങള്‍ മനുക്ഷ്യന്റെ ചരിത്രാവബൊധത്തെ വികലമാക്കുന്ന കുത്സിതപ്രവര്ത്തനമാണെന്നു വിശ്വസിക്കുന്നതിനാല്‍ ഖേദപൂര്‍വം ചിത്രകാരന് വിയോജിക്കുന്നു.
നല്ല ചിത്രങ്ങള്‍ !!! നന്ദി.
സാന്‍ഡോസ്: നന്ദി.
ചിത്രകാരന്: :(
കൃഷ് | krish
കൃഷ് ചിത്രങ്ങളും, വിവരണവും നന്നായിരിക്കുന്നു.
ഓ.ടോ.
അരുണാചല്‍ പ്രദേശുകാരായ 2 കൂട്ടുകാര്‍ ഉണ്ടായിരുന്നു എന്‍ജി. പഠനകാലത്ത്. ‘ഡോണി-പോളോ’[സൂര്യചന്ദ്രര്‍]യെ ആരാദിക്കുകയും, ‘നിസ്സി’ എന്ന ഗോത്രത്തില്‍ പെടുന്നവരും ആയ 2 നല്ല സുഹൃത്തുക്കാള്. അവര്‍ അവരുടെ ആ കാനന ഭംഗി വര്ണ്ണിച്ചിരുന്നെങ്കിലും ആ നാടിന്റെ നല്ല കുറെ ദൃശ്യങ്ങള്‍ കാണാനായത് താങ്കളുടെ ബ്ലോഗ് വഴിയാണ്. നന്ദി
നമ്മുടെ നാടിനെ നന്നായി കാണാതെ നമ്മള് മറ്റേതു നാടു കണ്ടിട്ടുമെന്തു കാര്യം അല്ലെ?.
നന്നായി.നന്ദി.
ലോനപ്പാ: രൊമ്പ നന്റ്രി.
ഇനിയും ശ്രമിക്കാം.
മാധവിക്കുട്ടി: നന്ദി.
അതെ താങ്കള്‍ പറഞ്ഞപോലെ നാം നമ്മുടെ നാടിനെ കാണണം, മനസ്സിലാക്കണം.
കൃഷ് | krish
Post a Comment