ഗൊമ്പാ കാഴ്ചകള്‍ - ഭാഗം 2.
ഗൊമ്പായിലെ പുറംകാഴ്ചകള്‍ ഇവിടെ കണ്ടല്ലോ.
എന്നാല്‍ ഇനി സിദ്ധാര്‍ത്ഥ് വിഹാര്‍ ഗൊമ്പക്കകത്തെ കാഴ്ചകള്‍ കാണാം.
ഒരു വിശ്വാസി പ്രാര്‍ത്ഥനയില്‍.(ഈ മൂര്‍ത്തികളുടെ ടിബറ്റന്‍ പേരുകള്‍ അവിടുത്തെ ലാമ പറഞ്ഞുതന്നിരുന്നെങ്കിലും വ്യക്തമല്ലാത്തതുകൊണ്ട് എഴുതുന്നില്ല) .

ടിബറ്റന്‍ ബുദ്ധമതക്കാരുടെ ഇപ്പോഴത്തെ ആത്മീയഗുരു ബഹു: 14ാമത് ദലായ് ലാമ(ടെന്‍സിംഗ് ഗ്യാത്‌സോ)യുടെ ചിത്രം.
പുറകിലെ ഷെല്‍ഫില്‍ ടിബറ്റന്‍ ഭാഷയിലുള്ള ബുദ്ധമതഗ്രന്ഥങ്ങളാണ്.
ഓരോ ദലായി ലാമയുടേയും കാലശേഷം, അദ്ദേഹത്തിന്റെ ആത്മാവ് വേറൊരു കുഞ്ഞിലൂടെ(ശരീരത്തിലൂടെ) പുനര്‍ജനിക്കുന്നുവെന്നാണ് ഇവരുടെ വിശ്വാസം. മുതിര്‍ന്ന ശ്രേഷ്ടലാമകളുടെ മതാചാരപ്രകാരമുള്ള ധ്യാനപ്രാര്‍ത്ഥനകളിലൂടെയും പ്രത്യേകരീതിയിലുള്ള ദൈവീക
പ്രവചനത്തിലൂടേയും ശാക്യമുനിയുടെ ആത്മാവ് ഏത് ദിശയിലാണ്
പുനര്‍ജനിച്ചിരിക്കുന്നതെന്ന് കണ്ടെത്തുന്നു. ചില ഗൂഡസൂചനകളിലൂടെയോ/ പ്രവചനത്തിലൂടെയോ ആ പുണ്യബാലനെ കണ്ടെത്തുന്ന ശ്രമമാണ് പിന്നീട്. അങ്ങനെ ദിവ്യ സൂചനകള്‍ വെച്ച് ടിബറ്റില്‍ നിന്നുതന്നെയോ മറ്റേതെങ്കിലും രാജ്യങ്ങളില്‍ നിന്നോ കൃത്യമായി കണ്ടെത്തുന്ന ബാലനെയാണ് ദലായി ലാമയായി വാഴിക്കുന്നത്. ഇപ്പോഴത്തെ ദലായി ലാമ കുഞ്ഞായിരിക്കുമ്പോള്‍ ചൈനയിലെ അംദൊ പ്രവിശ്യയില്‍ നിന്നാണ് ഇതിനായി നിയോഗിക്കപ്പെട്ട ലാമമാര്‍ തിരഞ്ഞു കണ്ടെത്തിയത്. ഭക്ത്യാദരങ്ങളോടെ ആ ബാലനെ ടിബറ്റിലെ ലാസയില്‍ കൊണ്ടുവന്ന് 1940-ല്‍ ദലായി ലാമയായി വാഴിച്ചു. 1950-ല്‍ 15ആമത്തെ വയസ്സില്‍ ഇദ്ദേഹം ടിബറ്റിന്റെ ഭരണചുമതലയും ഏറ്റെടുത്തിരുന്നു. പിന്നീട് 1959-ല്‍ ഇന്ത്യയിലേക്ക് പാലായനം ചെയ്തതിനുശേഷം ഹിമാചല്‍ പ്രദേശില്‍ ധര്‍മ്മശാലയിലാണ് 14ാം ദലായി ലാമയുടെ താല്‍ക്കാലിക ആസ്ഥാനം.
ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ഇപ്പോഴത്തെ ദലായി ലാമ പൂര്‍വ്വജന്മത്തിലെ കാര്യങ്ങള്‍ ഓര്‍ക്കുന്നുണ്ടോ എന്നു ചോദിച്ചപ്പോള്‍, ബാല്യകാലത്തില്‍ വളരെ വ്യക്തമായി പൂര്‍വ്വജന്മത്തിലെ കാര്യങ്ങളെല്ലാ തെളിഞ്ഞു കണ്ടിരുന്നുവെന്നും,
വര്‍ഷങ്ങള്‍ കഴിയുന്തോറും ആ ഓര്‍മ്മകള്‍ ങ്ങിവരുകയാണുമെന്നാണ് അദ്ദേഹം പറഞ്ഞത്.
ഇതുവരെയുള്ള ദലായി ലാമമാര്‍ ഇവരാണ്:
1. ഗെദും ദ്രുപ (1391-1474)
2. ഗെദും ഗ്യാത്‌സൊ (1475-1542)
3. സോനം ഗ്യാത്‌സോ (1543-1588)
4. യോന്റെന്‍ ഗ്യാത്‌സോ ( 1589-1617)
5. ന്യവാംഗ് ലൊബ്സാംഗ് ഗ്യാത്‌സൊ (1617-1682)
6. സംഗ്യാംഗ് ഗ്യാത്‌സോ (1682-1706)
(ഇദ്ദേഹം ജനിച്ചത് അരുണാചലിലെ തവാംഗിലാണ്)
7. കെല്‍സാങ്ങ് ഗ്യാത്‌സോ (1708-1757)
8.ജമ്പേല്‍ ഗ്യാത്‌സോ (1758-1804)
9.ലുങ്ങ്റ്റോങ്ങ് ഗ്യാത്‌സോ (1805-1815)
10. സുല്‍ത്രിം ഗ്യാത്‌സോ (1816-1837)
11. കെദ്രുപ് ഗ്യാത്‌സോ (1838 - 1856)
12. ത്രിന്‍ലേ ഗ്യാത്‌സോ ( 1856-1875)
13. തുപ്തെന്‍ ഗ്യാത്‌സോ (1876-1933)
14. ടെന്‍സിംഗ് ഗ്യാത്‌സോ (1935- )


ഗൊമ്പക്കകത്തെ ചുമര്‍ ചിത്രങ്ങള്‍. പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ചായങ്ങളാണ് ഇതു വരക്കാന്‍ ഉപയോഗിക്കുന്നത്.
ശ്രീബുദ്ധന്റെ ചുവര്‍ചിത്രം.
ഇതേ മാതൃകയില്‍ പ്രകൃതിയില്‍ നിന്നും കിട്ടുന്ന ചായം ഉപയോഗിച്ച് കട്ടിയുള്ള തുണി ക്യാന്‍വാസ്സില്‍ ശ്രീബുദ്ധന്റെ പെയിന്റിംഗ് ചെയ്യുന്നു. അതിനെ തങ്ങ്കാ പെയിന്റിംഗ് എന്നു പറയുന്നു. ഇത് കലണ്ടര്‍ പോലെ തൂക്കിയിടാവുന്നതാണ്.


















