സൊലുങ്ങ് കാഴ്ചകൾ.
അരുണാചൽ പ്രദേശിലെ ആദിവാസികളിൽ ഒരു മുഖ്യവർഗ്ഗമാണ് ‘ അദി‘കൾ. ഇവരുടെ പ്രധാന ഉത്സവമാണ് സൊലുങ്ങ്. കാർഷികോത്സവമായ സൊലുങ്ങ് എല്ലാ വർഷവും സെപ്റ്റംബർ ഒന്നാം തിയതി ഇവർ ആഘോഷിക്കുന്നു. കാർഷിക വിളവെടുപ്പുമായി ബന്ധപ്പെട്ട നൃത്തവും ‘കിനെ നാനെ’, ‘ദൊയിങ് ബോതെ’, ‘ദാദീ ബൊതേ’ എന്നീ ആദിവാസി ദേവതകളെ പ്രീതിപ്പെടുത്താനായുള്ള ചടങ്ങുകളും, തിന/ചാമ പുളിപ്പിച്ച് വാറ്റിയെടുത്ത കള്ളും മിഥുൻ ഇറച്ചിവിഭവങ്ങളും ചേർന്ന സാമൂഹികസദ്യയും മറ്റുമാണ് ആഘോഷങ്ങളുടെ മുഖ്യ ആകർഷണം.
പൊനുങ്ങ് നൃത്തം.
കാർഷികവൃത്തിയുമായി ബന്ധപ്പെട്ട നൃത്തം.
ഒരേ താളത്തിൽ..
‘അദി’ തരുണികൾ.
പരമ്പരാഗത ‘അദി’ വേഷമണിഞ്ഞ കുട്ടികൾ.
കൊച്ചുസുന്ദരിമാർ.
പരമ്പരാഗത ആഭരണങ്ങൾ.
Saturday, September 3, 2011
സൊലുങ്ങ് കാഴ്ചകൾ.
Posted by krish | കൃഷ് at 11:15 PM 4 comments | പ്രതികരണങ്ങള്‍
Sunday, November 15, 2009
ദലായ് ലാമ - അരുണാചല്‍ സന്ദര്‍ശനം.
ദലായ് ലാമ - അരുണാചല്‍ സന്ദര്‍ശനം.
ടിബറ്റന്‍ ബുദ്ധമതവിശ്വാസികളുടെ പരമോന്നത ആത്മീയഗുരുവും സമാധാനത്തിനുള്ള നോബല്‍ സമ്മാനജേതാവുമായ പതിനാലാമത് ദലായ് ലാമ (ടെന്‍സിംഗ് ഗ്യാത്സോ)യുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തെ കുറിച്ച് ചൈന ഉയര്‍ത്തിയ അനാവശ്യ വിരോധങ്ങള്‍/വിവാദങ്ങള്‍ക്കിടയിലും ഈ പ്രദേശങ്ങളിലെ ബുദ്ധമതവിശ്വാസികള്‍ ഏറെ നാളായി കാത്തിരുന്ന അവര്‍ “ജീവിക്കുന്ന ദൈവ”മായി മനസ്സില്‍ ഉറച്ച് വിശ്വസിക്കുന്ന ദലായ് ലാമയുടെ 8 ദിവസത്തെ സന്ദര്‍ശനം വളരെ വിജയകരമായി പൂര്‍ത്തിയാക്കി. കഴിഞ്ഞ വര്‍ഷം മാറ്റിവെച്ച സന്ദര്‍ശനമാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയത്. പൂര്‍ണ്ണമായും മതപരവും ആത്മീയകാര്യങ്ങള്‍ക്കായിരുന്നു ഈ സന്ദര്‍ശനം.
ബുദ്ധമതവിശ്വാസികള്‍ കൂടുതല്‍ പാര്‍ക്കുന്ന തവാങ്ങിലും ദിരാങ്ങിലും ബോംഡിലയിലും കളക്ത്താങ്ങിലുമായി 6 ദിവസത്തെ സന്ദര്‍ശനശേഷമാണ് തലസ്ഥാനമായ ഇറ്റാനഗറില്‍ 14ാം തിയ്യതി രാവിലെ എത്തിച്ചേര്‍ന്നത്. ചൈന ഉയര്‍ത്തിയ വിരോധവും വിവാദങ്ങളും കൂടി കണക്കിലെടുത്ത് കനത്ത സെക്യൂരിറ്റിയാണ് സന്ദര്‍ശനസ്ഥലങ്ങളിലെല്ലാം ഏര്‍പ്പെടുത്തിയത്. ‘ജീവിച്ചിരിക്കുന്ന ദൈവ’മായി കരുതുന്ന തങ്ങളുടെ പരമോന്നത ആത്മീയഗുരുവിനെ ഒരു നോക്കുകാണുവാനും ആശീര്‍വാദം നേടാനും പ്രഭാഷണം ശ്രവിക്കാനുമായി അരുണാചല്‍ പ്രദേശിന്റെ വിവിധഭാഗങ്ങളില്‍ നിന്നും സിക്കീമില്‍ നിന്നും അയല്‍രാജ്യമായ ഭൂട്ടാന്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നും നിരവധി ബുദ്ധമത വിശ്വാസികള്‍ തവാങ്ങ്, ബോംഡില, ഇറ്റാനഗര്‍ എന്നിവിടങ്ങളില്‍ എത്തിയിരുന്നു.
ഇന്നലെ ഇറ്റാനഗറിലെ സിദ്ധാര്‍ത്ഥ് വിഹാര്‍ തുപ്തെന്‍ ഗത്സാലിങ്ങ് ഗൊമ്പയിലായിരുന്നു ദലായ് ലാമയുടെ മുഖ്യപരിപാടി. ടിബറ്റന്‍ ഭാഷയിലെ പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ ആലേഖനം ചെയ്ത വിവിധവര്‍ണ്ണത്തിലുള്ള കൊടിതോരണങ്ങള്‍ കൊണ്ട് അലങ്കരിച്ച സിദ്ധാര്‍ത്ഥവിഹാര്‍ ബൌദ്ധക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയശേഷം അവിടെ കാത്തിരുന്ന ബുദ്ധസന്യാസിമാരേയും വിശ്വാസികളേയും മറ്റ് പൊതുജനങ്ങളെയും ബഹു: ദലായ് ലാമ ആശീര്‍വദിക്കുകയും അഭിസംബോധന ചെയ്യുകയും ചെയ്തു.
...
8 ദിവസത്തെ സന്ദര്‍ശനവേളയില്‍ തവാങ്ങ്, ദിരാങ്ങ്, ബോംഡില, കളക്താങ്, ഇറ്റാനഗര്‍ എന്നിവിടങ്ങളിലായി ഏകദേശം 40000 വിശ്വാസികളേയും പൊതുജനങ്ങളെയും ദലായ് ലാമ അഭിസംബോധന ചെയ്ത് പ്രഭാഷണം നടത്തിയിരുന്നു. തവാങ്ങില്‍ ദലായ് ലാമ സംഭാവന നല്‍കിയ 20 ലക്ഷം രൂപ കൂടി ചേര്‍ത്ത് പണികഴിപ്പിച്ച ആശുപത്രി ബ്ലോക്കിന്റെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചിരുന്നു.
ബോംഡിലയില്‍ ബുദ്ധ സ്റ്റേഡിയത്തില്‍ നടത്തിയ പ്രഭാഷണത്തില്‍, സമാധാനത്തിന്റെയും അഹിംസയുടേയും മതസൌഹാര്‍ദ്ദത്തിന്റെയും സഹനത്തിന്റെയും സന്ദേശവാഹകരുടെ നാടായാണ്‍് ഭാരതത്തെ ബഹു: ദലായ് ലാമ വിശേഷിപ്പിച്ചത്. വിവിധമതങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഭാരതത്തിന് ലോകസമാധാനത്തിനും അഹിംസക്കുമായി മുന്നില്‍ നിന്ന് നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
14ാം തിയ്യതി രാവിലെ ഇറ്റാനഗറിലേക്ക് തിരിക്കും മുമ്പ് ബോംഡിലയില്‍ വെച്ച് ശിശുദിനവേളയില്‍ സ്കൂള്‍ കുട്ടികളേയും അദ്ധ്യാപകരെയും അഭിസംബോധന ചെയ്ത് സംസാരിച്ചു. നല്ല ഭാവി വാര്‍ത്തെടുക്കുവാനും ശത്രുതയും വൈരാഗ്യവും കൈവെടിഞ്ഞ്, സ്നേഹവും ദയയും അഹിംസയും മനസ്സില്‍ കൊണ്ട് നടക്കാനും ഓര്‍മ്മിപ്പിച്ചു.
...
ഇറ്റാനഗറില്‍ ബുദ്ധസന്യാസിമാരെയും വിശ്വാസികളെയും അഭിസംബോധന ചെയ്ത അദ്ദേഹം, ലോകത്തിന്റെ പലയിടങ്ങളിലും അസന്തുലിതമായ വികാസമാണ് നടക്കുന്നതെന്നും അതിനാല്‍ തന്നെ യാതനകളും കഷ്ടപ്പാടുകളും അനുഭവിക്കുന്നവര്‍ കൂടിവരികയാണെന്നും പറഞ്ഞു. ലോകത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ദൂരീകരിക്കുന്നതിനായി ഭൌതികവികാസവും ആത്മീയവികാസവും ലഭിക്കേണ്ടതാണെന്നും പറഞ്ഞു. ഭാരതവും ടിബറ്റുമായി നൂറ്റാണ്ടുകളായ ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. വിവിധ മതങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യതാസങ്ങള്‍ മാറ്റിവെച്ച് പരസ്പര വിശ്വാസവും സ്നേഹവും മതസൌഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കണമെന്നും ദലായ് ലാമ ഉദ്ബോദിപ്പിച്ചു. എന്റെ ലക്ഷ്യം, ആത്മവിശ്വാസവും കരുത്തുള്ളതുമായ എന്നാല്‍ ദയയും അനുകമ്പയും നിറഞ്ഞ ഹൃദായാലുക്കളുള്ള ഒരു മാനവസമൂഹം പടുത്തുയര്‍ക്കുക എന്നുള്ളതാണെന്ന്, ബഹു; ദലായ് ലാമ ,മതസൌഹാര്‍ദ്ദവും അനുകമ്പയുമുള്ള ഒരു സമൂഹത്തിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നി പറഞ്ഞു. “ഓം മനെ പമേ ഹും” (ഓം മണി പദ്മേ ഹം) എന്ന മന്ത്രം 21 തവണ സദസ്സിനൊപ്പം ഉരുവിട്ടുകൊണ്ടാണ് ദലായ് ലാമ പ്രഭാഷണം തുടങ്ങിയത്.
പിന്നീട് സ്റ്റേറ്റ് ബാങ്ക്വെറ്റ് ഹാളില്‍ നിയമസഭാസാമജികരും ഉന്നത ഉദ്യോഗസ്ഥരും വിശിഷ്ടവ്യക്തികളുമായുള്ള കൂടിക്കാഴ്ചയിലും ദലായ് ലാമ പ്രഭാഷണം നടത്തി. ‘ഭാരതം എന്റ്റെ ഗുരുവാണ്‍`, ആ ഭാരതത്തിന്റെ സന്ദേശവാഹകനാണ് ഞാന്‍. പുരാതനഭാരതം എന്താണോ പ്രചരിപ്പിച്ചിരുന്നത് അതാണ് ഞാന്‍ പ്രചരിപ്പിക്കുന്നത്. പരസ്പര ശത്രുത കൈവെടിഞ്ഞ് സമാധാനം ലോകമെങ്ങും പ്രചരിക്കട്ടെ’, അദ്ദേഹം പറഞ്ഞു. ഭൌതികവികാസം വേണ്ടതാണെന്നും എന്നാല്‍ ഭൌതികവികാസം ആത്മീയവികാസത്തെ മറികടന്നാല്‍ പിന്നെ വികാസത്തിന് അര്‍ത്ഥമില്ലാതാവുമെന്നും, പല പശ്ചിമരാജ്യങ്ങളിലേയും ഇന്നത്തെ സ്ഥിതി ഓര്‍മ്മിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഭൌതികവികാസത്തിന്റെ കാര്യത്തില്‍ ജാപ്പാന്‍ വളരെ മുന്നിലാണെന്നും അതേസമയം അത്മീയവികാസത്തില്‍ അവിടെയുള്ള ജനങ്ങള്‍ പുറകോട്ട് പോവുകയാണെന്നും, ഇത് അവിടെ ആത്മഹത്യാ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കാരണമായിട്ടുണ്ടെന്നും അദ്ദേഹം എടുത്ത് പറഞ്ഞു.
മഹായണ വിഭാഗത്തിലെ സിദ്ധാര്‍ത്ഥ് വിഹാര്‍ ഗൊമ്പ സന്ദര്‍ശനത്തിനു ശേഷം ദലായ് ലാമ ഇവിടെ അടുത്തുള്ള ഹിനായണ വിഭാഗത്തിലെ ബൌദ്ധക്ഷേത്രമായ തെരവേഡ ബുദ്ധക്ഷേത്രത്തിലും സന്ദര്‍ശനം നടത്തി.
...
ബഹു: ദലായ് ലാമയുടെ ഇറ്റാനഗര്‍ സിദ്ധാര്‍ത്ഥ് വിഹാര്‍ ഗൊമ്പയിലെ സന്ദര്‍ശനത്തെക്കുറിച്ച് ഒരു സചിത്ര ഫീച്ചര്‍ താഴെ:
ദലായ് ലാമയെ മുഖ്യമന്ത്രിയും ബൌദ്ധസന്യാസിമാരും ചേര്‍ന്ന് സീകരിക്കുന്നു.
സിദ്ധാര്‍ത്ഥ് വിഹാര്‍ (തുപ്തെന്‍ ഗത്സാലിങ്ങ് ഗൊമ്പ) ബൌദ്ധക്ഷേത്രത്തിലേക്ക് ദലായ് ലാമയെ ആനയിക്കുന്നു.
മുഖ്യമന്ത്രി ദലായ് ലാമയുടെ കൈപിടിച്ച് ബൌദ്ധമന്ദിറിന്റെ മുന്നില്‍ ഒരുക്കിയിരിക്കുന്ന ദര്‍ശന/പ്രഭാഷണ വേദിയിലേക്ക് ആനയിക്കുന്നു.
വിശ്വാസികളെ ആശീര്‍വദിച്ചുകൊണ്ട്...
വേദിയില്‍ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ഉയര്‍ന്ന പീഠത്തില്‍ ഇരുന്ന് വിശ്വാസികളേയും മറ്റ് സദസ്സ്യരേയും ആശീര്‍വദിക്കുകയും അഭിസംബോധനയും ചെയ്യുന്ന ദലായ് ലാമ.
തങ്ങളുടെ പരമോന്നത ആത്മീയഗുരുവിന്റെ പ്രഭാഷണം ശ്രവിക്കുന്ന ബൌദ്ധസന്യാസിമാരും വിശ്വാസികളും. ബുദ്ധമതവിശ്വാസികളല്ലാത്തവരും നിറയെ പങ്കെടുത്തിരുന്നു.
വേദിയില്‍ ഒരു ഭാഗത്ത് ഇരിക്കുന്ന മുഖ്യമന്ത്രിയും മറ്റ് വിശിഷ്ടവ്യക്തികളും.
തന്റെ സ്വതസിദ്ധമായ പുഞ്ചിരിയില്‍ പരസ്പര സ്നേഹത്തെക്കുറിച്ചും അഹിംസയെക്കുറിച്ചും സംസാരിക്കുന്നു.
ലോകസമാധാനത്തെക്കുറിച്ചും മതസൌഹാര്‍ദ്ദം ഊട്ടിയുറപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ചും സംസാരിക്കുന്നു.
ബുദ്ധവിഹാര്‍ അങ്കണത്തില്‍ 1983-ല്‍ ദലായ് ലാമയുടെ സന്ദര്‍ശനവേളയില്‍ നട്ട് പിടിപ്പിച്ച് വൃക്ഷച്ചുവട്ടിലെ മുനിയുടെ പ്രതിമ.
ദലായ് ലാമയെ ഒരു നോക്ക് കാണാനും ആശീര്‍വാദം നേടാനുമായി വളരെ ദൂരെ നിന്നും എത്തിയിരിക്കുന്ന ഒരു വയോവൃദ്ധസന്യാസി.
(ഭാരത-ചൈന അതിര്‍ത്തി ‘മക്‍മോഹന്‍ ലൈന്‍’ നടുത്തുള്ള ഒരു ഒറ്റപ്പെട്ട ഗ്രാമത്തില്‍ നിന്നും കിലോമീറ്ററോളം കാല്‍നടയായും പിന്നീട് വാഹനങ്ങളിലും യാത്ര ചെയ്താണ് ഇവിടെ എത്തിപ്പെട്ടിരിക്കുന്നത്. പണ്ട് രാജീവ് ഗാന്ധിയുടെ സന്ദര്‍ശനവേളയില്‍ ഇദ്ദേഹത്തെ അഭിനന്ദിച്ചിണ്ടത്രേ)
പ്രാര്‍ത്ഥനാ വിഗ്രഹങ്ങളും കൈയ്യിലേന്തി...
(കേന്ദ്രസാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാവും സീനിയര്‍ ഐ.എ.എസ്സ്. ഉദ്യോഗസ്ഥനുമാണ് ഇദ്ദേഹം)
ബൌദ്ധപ്രതിമയുമായ്..
സിദ്ധാര്‍ത്ഥ് വിഹാര്‍ ഗൊമ്പയില്‍ നിന്നു ദലായ് ലാമയെ യാത്രയയക്കുന്നു.
തങ്ങളുടെ ആത്മീയഗുരു ദലായ് ലാമ വേദിയില്‍ നിന്നും പോയശേഷം, അദ്ദേഹം വേദിയിലിരുന്ന ഇരിപ്പിടത്തില്‍ ഒന്നു സ്പര്‍ശിക്കാനും അതിലൂടെ സായൂജ്യം നേടാനുമായി വിശ്വാസികളുടെ തിരക്ക്.
ഇനി എപ്പോഴാണ് ഇങ്ങനെ ഒരു അവസരം ലഭിക്കുമെന്ന് പറയാനാവില്ലല്ലോ.
Posted by krish | കൃഷ് at 12:35 PM 21 comments | പ്രതികരണങ്ങള്‍
Labels: ദലായ് ലാമ., ലേഖനം